തിരുവനന്തപുരം: കാസര്‍ഗോഡ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സൂചിപ്പിച്ച അഞ്ചു ദിവസത്തിനുള്ളില്‍ പൊട്ടാന്‍ പോകുന്ന ബോംബ് എന്ത്? സോഷ്യല്‍ മീഡിയയിലും ഇടത് ഗ്രൂപ്പുകളിലും ഇപ്പോള്‍ ഇതാണ് ചൂടേറിയ ചര്‍ച്ച വിഷയം. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയാണ് സൈബര്‍ ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച സാധ്യതകള്‍ ചര്‍ച്ചയായത്.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് സംബന്ധിച്ച് പ്രതികളുടെ മൊഴികള്‍ സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും ഇതാകും പിണറായി ഉദ്ദേശിച്ചതെന്നാണ് ഒരു കൂട്ടരുടെ വാദം. ഇതിനൊപ്പം, കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുളള നീക്കവും ഉണ്ടാകുമെന്നും ഒരു വിഭാഗം സൈബര്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയേക്കാമെന്ന് സി പി എമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളില്‍ തന്നെ ചര്‍ച്ച നടക്കുന്നുണ്ട്.
മറ്റൊന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ബംഗളൂരുവിലെ ഐടി സ്ഥാപനമായ എക്സാലോജിക്കില്‍ കര്‍ണാടക ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുമെന്ന തരത്തിലുള്ള പ്രചാരണമാണ്. അനധികൃത പണമിടപാട് സംബന്ധിച്ചോ അത്തരത്തില്‍ എന്തെങ്കിലും വിഷയുമായി ബന്ധപ്പെട്ടാകും ഇടപെടല്‍ എന്നു കരുതുന്നവരുടെ എണ്ണവും കുറവല്ല.
അടുത്തത് പെരിയ ഇരട്ടക്കൊലപാതക കേസില്‍ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായേക്കാം എന്നാണ് കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായക വെളിപ്പെടുത്തലുകളടക്കം പലതും ഉണ്ടാകുമെന്നും ഉന്നത സിപിഎം നേതാവിന്റെ അറസ്റ്റ് വരെ കാര്യങ്ങള്‍ നീങ്ങുമെന്നാണ് മറ്റൊരു സിപിഎം ഗ്രൂപ്പുകള്‍ തന്ന നടത്തുന്ന പ്രചാരണം.
‘വരും ദിവസങ്ങളില്‍ വലിയ ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുള്‍ എല്ലാവര്ക്കും അറിയാം. ഒരു നുണയും യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിലനില്‍ക്കില്ല. അത് മനസില്‍ കരുതിയാല്‍ മതി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുതകള്‍ എത്തുന്നത് വരെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ നുണകള്‍ പറഞ്ഞാല്‍ അതിന് മറുപടി പറയാന്‍ പറ്റില്ലെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. നുണകളെ അതിജീവിക്കുമെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: