കൊല്ലം: കത്തിക്കാളുന്ന മീനച്ചൂടിലും കോവിഡ് കാലത്തും ആവേശം ഒട്ടും കുറയാതെ തെരഞ്ഞെടുപ്പു പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നു. ജില്ലയില്‍ പോളിംഗ് ബൂത്തിലെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. പരസ്യ പ്രചാരണത്തിന് ഇനി ശേഷിക്കുന്നത് 8 ദിവസം. അടുത്ത ചൊവ്വാഴ്ച, ഏപ്രില്‍ ആറിന് ജില്ലയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന വോട്ടെടുപ്പ് നടക്കും.
ഞായറാഴ്ച വൈകിട്ടു വരെ മാത്രമാണ് പരസ്യ പ്രചാരണം. പ്രചാരണം തുടങ്ങിയ നാളുകളില്‍ നിന്നു ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക് ജില്ലയിലെ 11 മണ്ഡലങ്ങളും മാറിയിരിക്കുന്നു. കേന്ദ്രമന്ത്രിമാരും താര സാന്നിധ്യം കൊണ്ടും ജില്ലയില്‍ എന്‍ഡിഎ പ്രചാരണത്തില്‍ മുന്നേറ്റം ഉണ്ടാക്കുകയാണ്.
ഇടത് കോട്ടകളില്‍ ഇത്തവണ വിള്ളല്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി കണ്ട ചില ഇടത് സ്ഥാനാര്‍ത്ഥികള്‍ സപ്ലൈക്കോയുടെ കിറ്റ് വിതരണ വാഹനത്തെ ഒപ്പം കൂട്ടിയാണ് പ്രചാരണം നടത്തിയത്.
മുഴുവന്‍സമയ പ്രവര്‍ത്തകരും നേതാക്കന്മാരും മുന്നണിയുടെ വിജയത്തിനായി എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തവണ ഓരോ മുന്നണികളും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ടീമിനെ വിന്യസിച്ചിട്ടുണ്ട്. യൂട്യൂബര്‍മാരെ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം കേമമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: