കേരളത്തെ മാത്രമല്ല, രാജ്യത്തെയും ഞെട്ടിച്ചു കൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വര്‍ണ്ണക്കടത്തുകാരുടെ താവളമായി മാറി 2020 ജൂണ്‍ 5 ന് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ നിന്ന് 30 കിലോ ഗ്രാം സ്വര്‍ണ്ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസുകാര്‍ പിടികൂടിയതോടെയാണ് ഭരണത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്ന കള്ളക്കടത്ത് പുറത്തായത്. സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്ത മുഖ്യമന്ത്രിയുടെ വലംകൈ ആയിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ അറസ്റ്റിലായി. സ്വര്‍ണ്ണക്കടത്തിലെ നായിക സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ കീഴിലെ ഐടി വകുപ്പില്‍ സ്‌പേസ് പാര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥയായി കയറിപ്പറ്റിയിട്ടുണ്ടെന്ന വിവരം അമ്പരപ്പിക്കുന്നതായിരുന്നു. പത്താം ക്ലാസ് പോലും പാസ്സാകാത്ത സ്വപ്നയ്‌ക്ക് സര്‍ക്കാരില്‍ ഉന്നത ജോലി ലഭിക്കത്തക്ക വിധം ജീര്‍ണ്ണിച്ചതായിരുന്നു പിണറായിയുടെ സര്‍ക്കാര്‍ സംവിധാനം. പതിനാല് തവണയായി 230 കിലോ സ്വര്‍ണ്ണം നയതന്ത്ര ബാഗേജിലൂടെ ഈ സംഘം കടത്തി എന്നാണ് കണ്ടെത്തിയത്.
2020 ഒക്ടോബര്‍ 28ന് ശിവശങ്കരന്‍ അറസ്റ്റിലായി. ശിവശങ്കരന് പിന്നാലെ മുഖ്യമന്ത്രിയൊടൊപ്പം നിഴല്‍പോലെ എപ്പോഴും കൂടെയുള്ള അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്തു. അസാധാരണമായ കാര്യങ്ങളാണ് പിന്നീട് കണ്ടത്. അന്വേഷണ ഏജന്‍സികള്‍ പരിധി വിടുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ കത്ത് കേന്ദ്രത്തിലേക്ക് പോകുന്നു. അന്വേഷണമെല്ലാം അതോടെ മരവിക്കുന്ന അവസ്ഥയും വന്നു. ഇതിനിടയില്‍ പ്രതിയായ സ്പനാ സുരേഷ് കോടതിയില്‍ ഐപിസി 164 അനുസരിച്ച് കൊടുത്ത മൊഴി പുറത്തു വന്നു. വിദേശത്തേക്കുള്ള ഡോളര്‍കടത്തില്‍ മുഖ്യമന്ത്രിയെയും സ്പീക്കറെയും മന്ത്രിമാരെയും പ്രതിക്കൂട്ടില്‍ കയറ്റുന്നതാണത്. എന്നിട്ടും അന്വേഷണ ഏജന്‍സികള്‍ അതിനെപ്പറ്റി അന്വേഷിച്ചില്ല എന്നതാണ് സംശയകരമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: