ജനാധിപത്യത്തിന്റെ നിലപാടുതറയില്‍ ജനങ്ങളുടെ അധികാരവും ആയുധവുമാണ്”വോട്ട്”. ഭൂരിപക്ഷം നേടി ഭരണചക്രം കൈപ്പിടിയിലൊതുക്കാന്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനവും മുന്നണികളും വാഗ്ദാനങ്ങള്‍; വികസന നേട്ടങ്ങള്‍; അധികാരച്ചൂടേറ്റു വിരിയാനിരിക്കുന്ന സ്വപ്നങ്ങള്‍ തുടങ്ങിയവ, വോട്ടറെന്ന ആട്ടിന്പറ്റത്തിന് മുന്നിലേക്ക് നീട്ടുന്നു. ഈ പ്രക്രിയ ആറര പതിറ്റാണ്ടായി തുടരുകയാണ്.
ഇടതും വലതും മാറിമാറി അഞ്ചുവര്‍ഷം വീതം അധികാരം പങ്കുവയ്ക്കുന്നു. അവരുടേതായ കാഴ്ചപ്പാടിലൂടെ ഭരണം നിര്‍വഹിക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ ഭൂരിപക്ഷ-ജനതയ്ക്ക് ഗുണകരമാണോ അല്ലയോയെന്ന് ഒരു നിമിഷംപോലും ചിന്തിക്കുന്നില്ല. ഭരണപക്ഷം ജനക്ഷേമകരമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയും ജനക്ഷേമകരമല്ലാത്ത കാര്യങ്ങളാണ ്ചെയ്യുന്നതെന്ന് ബോധ്യമാണെങ്കില്‍ അതിനെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു പ്രതിപക്ഷവുമാണ് ആവശ്യം. പക്ഷേ; മാറിയും; മറിഞ്ഞും ഭരണം കൈയ്യാളുന്ന മുന്നണികളുടെ രാഷ്ട്രീയ നേതൃത്വം ജനപക്ഷത്തു നിന്നു ചിന്തിക്കാത്ത; ദീര്‍ഘവീക്ഷണമില്ലാത്ത; സ്വാര്‍ത്ഥ തല്‍പ്പരരായ കടല്‍ക്കിഴവന്‍മ്മാരുടെ കൂടാരമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഒരു ഭരണകൂടം ആവിഷ്കരിക്കുന്ന പദ്ധതി അഞ്ചുവര്‍ഷക്കാലംകൊണ്ട് ഏതെങ്കിലും കാരണത്താല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നാല്‍ അടുത്ത ഭരണത്തില്‍ കയറുന്ന മുന്നണി നേതൃത്വം ആ പദ്ധതി തുടര്‍ന്നു പോകാന്‍ പലപ്പോഴും ശ്രമിക്കുന്നില്ല. ശ്രമിച്ചാലോ; ആ പദ്ധതിക്ക് തുടക്കം കുറിച്ച കക്ഷികള്‍ തന്നെ പാരവയ്ക്കുന്നു. പദ്ധതി പൂര്‍ത്തിയായാല്‍ അതിന്റെ ക്രെഡിറ്റ് ആരുടെ അക്കൗണ്ടിലേക്ക് ചെന്നുചേരുമെന്ന ദുഷിച്ച ചിന്തയാണ് ഈ മത്സരത്തിന് കാരണം. ഇത്തരം തരംതാണ രാഷ്ട്രീയ ഈഗോകള്‍ക്കിടയില്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടുപോകുന്നതോ പാവംപൊതുജനവും.
ദേശിയ-പ്രാദേശിക കക്ഷികളുടെയും; ജാതി-മത സംഘടനകളുടെയും സമന്വയമാണ് ഓരോ മുന്നണിയും. ഓരോത്തര്‍ക്കും അവരുടേതായ നയങ്ങളും കാഴപ്പാടുകളുമുണ്ട്. അങ്ങനെ വരുമ്പോള്‍ പ്രശ്നത്തില്‍ ഇടപെടുമ്പോള്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നു. എന്നാല്‍, ആ കാഴ്ച്ചപ്പാടുകളെ പൊതുസമൂഹത്തിന് ഗുണകരമായ തരത്തില്‍ ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന കാര്യപ്രാപ്തിയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അപചയം കേരളത്തിന്റെ പലവികസന സാധ്യതകളും മുരടിപ്പിക്കുന്നു. അര്‍ഹതയില്ലാത്ത പലരും അധികാരത്തിന്റെ ഇടനാഴികളില്‍ കുടില്‍ കെട്ടി താമസിക്കുമ്പോള്‍ മൂല്യബോധവും ഇച്ഛാശക്തിയുമുള്ള ഒട്ടനവധിപേര്‍ അധികാരത്തിന്റെ പുറമ്പോക്കുകളില്‍ പിന്തള്ളപ്പെട്ടിരിക്കുന്ന ദുരന്തവും ആധുനിക രാഷ്ട്രീയ നാടകത്തിന്റെ തിരക്കഥകളാണ്. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് രംഗപടമൊരുക്കാന്‍ മതവും ജാതിയും പിന്നെ ഒരു സംഘം നവമാധ്യമങ്ങളും സഹായിക്കുന്നുവെന്ന നഗ്നസത്യം മറച്ചുവയ്ക്കേണ്ടതില്ല. അധികാരത്തിനും സ്വാര്‍ത്ഥലാഭത്തിനും വേണ്ടി പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിലെ നേതാക്കന്മാരും പ്രത്യയ ശാസ്ത്രങ്ങളും തത്വസംഹിതകളും അടിയറവയ്ക്കുന്ന നെറികെട്ട രാഷ്ട്രീയ പാപ്പരത്ത പ്രകടനങ്ങള്‍ നാം കണ്ടുകഴിഞ്ഞു. അതിന്റെയൊക്കെ തിക്തഫലമാണ് ദീര്‍ഘവീക്ഷണത്തോടു കൂടിയ ഒരു വികസന സംസ്കാരം ഇവിടെ സൃഷ്ടിക്കാന്‍ കഴിയാതെ പോയതും.
ഒരു വികസന ആശയം രൂപപ്പെടുമ്പോള്‍ത്തന്നെ വിവാദ രാഷ്രീയ പ്രഹസനം കൂടി അതിനോടൊപ്പം പിറവിയെടുക്കുന്നു. കതിരുകള്‍ക്കൊപ്പം കിളിര്‍ക്കുന്ന വിവാദ കളകള്‍ക്ക് വെള്ളം നല്കി വളര്‍ത്തുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പങ്ക് നിസാരമായി തള്ളികളയാനാവില്ല. പുതിയ തലമുറ മാധ്യമ പ്രവത്തകര്‍ പക്വതയും ആത്മാര്‍ഥതയും കാണിക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഇത്തരം വിവാദ വിഷവിത്തുകള്‍ മുളയിലെ നുള്ളിക്കളയാന്‍ കഴിയും. പലപദ്ധതികളും കുറെയേറെ പണവും മനുഷ്യശേഷിയും ചെലവഴിച്ചശേഷം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. ഇങ്ങനെ ഖജനാവ് കാലിയാക്കുന്നു. നികുതിദായകരായ പൊതുജനം കടക്കാരായിത്തീരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവരുടെ പിണിയാളുകളും ചേര്‍ന്ന് സ്വന്തം കീശ വീര്‍പ്പിച്ച് പൊതുജനത്തെ നോക്കി കൊഞ്ഞനം കുത്തുന്നു.
പൗരന്മാര്ക്ക് ജീവിക്കാന്‍ ആവശ്യമായ പാര്‍പ്പിടം, വസ്ത്രം, ആഹാരം, സംരക്ഷണം എന്നിവ യാതൊരുവിധ ഉപാധികളുമില്ലാതെ നല്കാന് കഴിയുന്നതാകണം മാതൃകാ ഭരണകൂടത്തിന്റെ മുഖമുദ്ര. പക്ഷേ, പലപ്പോഴും ഇവയൊക്കെ ചില കണക്കുകളില്‍ മാത്രം ഒതുങ്ങുന്നു. അഴിമതി ഓരോരംഗത്തും ദിനംപ്രതി ഏറിക്കൊണ്ടിരിക്കുന്നു. ക്രമസമാധാനം കാത്തുസൂക്ഷിക്കാന്‍ കഴിയാതെ വരുന്നു. പെണ്‍ജീവിതങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്നു. ഭരണകൂടങ്ങളും മാധ്യമങ്ങളും തമ്മിലുള്ള സംശുദ്ധ ബന്ധം നഷ്ടമാകുന്നു. ഇതിന്റെയെല്ലാം ഫലമായി ജനാധിപത്യം തകരുന്നു. അതിനുവിധേയമായി ജീവിക്കേണ്ട ജനതയില്‍ പകുതിയിലേറെപ്പേര്‍ അനാഥരും അരാജകവാദികളുമായി തീര്‍ന്നിരിക്കുന്നു. അതിനൊപ്പം അതിക്രമങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും ഉയര്‍ന്നു വരുന്നു. ജനാധിപത്യ വ്യവസ്ഥിതിയിലെ എല്ലാ സംവിധാനങ്ങളും പരസ്പര വിശ്വാസത്തോടെ അവരുടേതായ കടമകളും,കടപ്പാടുകളും കാത്തുസൂക്ഷിച്ച് മുന്നോട്ട് നീങ്ങിയാല്‍ മാത്രമേ അരാജകത്വത്തിലേക്കും അതിലൂടെ തീവ്രവാദത്തിലേക്കും ഒരു ജനത വഴുതിവീഴാതിരിക്കൂ. ജനാധിപത്യത്തിന്റെ നീല മഷിപ്പാടിനായി വിരല്‍ നീട്ടി ക്യൂവില്‍ നില്ക്കുന്ന നിഷ്പക്ഷനായ വോട്ടറുടെ മനസ്സ് കൂട്ടിവായിക്കാന്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും അതിനെ നയിക്കുന്ന നേതാക്കന്മാര്ക്കും കഴിയണം.
ജനോപകാരപ്രദമായ പദ്ധതികള്‍ ജനപങ്കാളിത്തത്തോടു കൂടി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുക. പരമ്പരാഗത വ്യവസായ മേഖലകളില്‍ സമഗ്രവും ശാസ്ത്രീയവുമായ വികസനം നടപ്പാക്കുക. പുഴകളും,നദികളും മാലിന്യമുക്തമാക്കി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക. കേരളത്തിന്റെ ജലവിഭവശേഷി ഉപയോഗപ്പെടുത്തി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക. ജലഗതാഗത സാധ്യതകള്‍ കണ്ടെത്തുക. യുവജനങ്ങളെയും സ്ത്രീകളെയും സംഘടിപ്പിച്ച് സൊസൈറ്റികള്‍ രൂപീകരിക്കുകയും അതിലൂടെ പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക. സാംസ്കാരിക പ്രസ്ഥാനങ്ങള്‍, സാഹിത്യ അക്കാദമികള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അതീതമായി ചിന്തിക്കുന്ന പണ്ഡിതരേയും, എഴുത്തുകാരെയും, കലാകാരന്മാരെയും നിയമിക്കുക. വികസന പദ്ധതികളില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസം,ആരോഗ്യം,കൃഷി എന്നീ മേഖലകളില്‍ അതാത് രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്താനും അവരുടെ അറിവും അനുഭവവും പരമാവധി പ്രയോജനപ്പെടുത്താനും ശ്രമിക്കുക. അവശേഷിക്കുന്ന കൃഷിയിടങ്ങളും വയലുകളും സംരക്ഷിക്കുക. ഇതൊക്കെയാണ് ഒരു ഭരണകൂടത്തില്‍ നിന്ന് ഒരു സാധാരണക്കാരന് പ്രതീക്ഷിക്കുന്നത്.
ആദിനാട് തുളസി
പ്രതികരിക്കാൻ ഇവിടെ എഴുതുക: