ധാക്ക: ഹിന്ദുവെന്ന് കരുതി ബംഗ്ലാദേശിലെ പത്രപ്രവര്‍ത്തകനെ തീവ്രവാദ ഇസ്ലാമിക സംഘടനയായ ഹെഫാജത്-ഇ-ഇസ്ലാമിലെ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി ആസൂത്രിതമായി വ്യാപകഅക്രമം അഴിച്ചുവിടാനുള്ള ഗൂഡാലോചനയുടെ ഭാഗമായി ഹെഫാജത്-ഇ-ഇസ്ലാമിയും ജമാഅത്ത്-ഇ-ഇസ്ലാമിയും പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ ഭാഗമായിട്ടായിരുന്നു പത്രപ്രവര്‍ത്തകനു നേരെയുള്ള ആക്രമണം.
എന്നാല്‍ താന്‍ മുസ്ലിമാണെന്ന് പത്രപ്രവര്ത്തകന് അറിയിച്ചപ്പോള്‍ അത് തെളിയിക്കാനായിരുന്നു തീവ്രവാദികളുടെ ആവശ്യമെന്നും ‘ഡെയ്ലി സംഗ്ബാദ്’ പത്രത്തിന്റെ സൗരവ് ഹൊസൈന്‍ സിയം പറയുന്നു. ബംഗ്ലാദേശില്‍ നാരായണ്‍ഗഞ്ച് സിറ്റിയില്‍ ധാക്ക-ചത്തോഗ്രാം ഹൈവേയ്ക്കടുത്ത് ഹര്‍ത്താല്‍ പ്രതിഷേധക്കാരുടെ അക്രമപ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഡെയ്ലി സംഗ്ബാദ് പത്രത്തിന്റെ സൗരവ് ഹൊസൈന്‍ സിയം. പേര് ചോദിച്ചപ്പോള്‍ സൗരവ് എന്ന് മാത്രം പറഞ്ഞപ്പോഴായിരുന്നു ഹിന്ദുവെന്ന് കരുതിയുള്ള ആക്രമണം. എന്നാല്‍ മുഴുവന്‍ പേരും പറഞ്ഞപ്പോള്‍ അത് തെളിയിക്കാന്‍ ഖലിമ ചൊല്ലുവാന്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടു. ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആറ് പ്രയോഗങ്ങളാണ് ഖലിമയില് ഉള്ളത്. സൗരവ് ഹൊസൈന്‍ സിയം തന്നെ ട്വിറ്ററില്‍ തന്റെ അനുഭവം പങ്കുവെച്ചു. പ്രൊതൊം ആലൊ എന്ന ബംഗ്ല ദിനപത്രത്തിന്റെ ഗൊലം റബ്ബാനി ഷിമുളും ഈ സംഭവം സ്ഥിരീകരിച്ചു.
‘രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഹെജാഫത്ത് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. എനിക്ക് ഞാന്‍ മുസ്ലിമാണെന്ന് തെളിയിക്കാന്‍ രണ്ട് ഖലിമകള് ചൊല്ലേണ്ടതായി വന്നു. എത്ര സൂറാസാണ് ഞാന്‍ മനപാഠമാക്കിയതെന്നും അവരോട് പറയേണ്ടതായി വന്നു. എന്തായാലും ഞാന്‍ മുസ്ലിമാണെന്ന് തെളിയിക്കാന്‍ അവര്‍ എന്റെ വസ്ത്രം ഭാഗ്യത്തിന് അഴിച്ചില്ല. അവര്‍ അതു പറഞ്ഞെങ്കില്‍, അതും ഞാന്‍ ചെയ്യേണ്ടി വന്നേനെ…എന്തായാലും ജീവനോടെ തിരിച്ചെത്താന്‍ ഞാന്‍ കുറെ സഹിക്കേണ്ടിവന്നു,’ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സൗരവ് ഹൊസൈന്‍ സിയം പറയുന്നു.
മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗ്ലാദേശില്‍ ഉടനീളം അക്രമമുണ്ടാക്കാന്‍ ജമാഅത്തെ-ഇ-ഇസ്ലാമി വലിയൊരു തുക നീക്കിവെച്ചിരുന്നു. പത്രപ്രവര്‍ത്തകര്‍ക്കും ബംഗ്ലാദേശിലെ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താനായിരുന്നു ജമാ അത്തെ-ഇ-ഇസ്ലാമിയുടെ നീക്കമെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാപകമായ ഈ അക്രമം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് മോദിയെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെയും ഒറ്റപ്പെടുത്തുക എന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് ഈ അക്രമം ആസൂത്രണം ചെയ്തത്.
എന്തായാലും ഞായറാഴ്ച ജമാഅത്തെ-ഇ-ഇസ്ലാമിയും ഹെഫാജത്-ഇ-ഇസ്ലാമിയും സംയുക്തമായി പ്രഖ്യാപിച്ച ഏകദിന ഹര്‍ത്താലില്‍ വന്‍തോതില്‍ അക്രമം അരങ്ങേറി. അക്രമത്തില്‍ ഏകദേശം 500 പേര്‍ക്ക് പരിക്കേറ്റു. ധാക്ക, ചിറ്റഗോംഗ്, കിഷോര്‍ഗഞ്ജ്, നോര്ഷിംഗ്ഡി, നാരായണ്‍ ഗഞ്ജ്, ബ്രഹ്മന്‍ ബരിയ, സില്‍ഹെറ്റ്, രാജ്ഷാഹി എന്നിവിടങ്ങളിലും മറ്റ് ജില്ലകളിലുമായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. നാരായണ്‍ ഗഞ്ജില്‍ ധാക്ക-ചിറ്റഗോംഗ് ഹൈ ഉപരോധിച്ചു. സില്‍ഹെറ്റില്‍ അക്രമികള്‍ നിരവധി നാടന്‍ ബോംബുകള്‍ എറിഞ്ഞു. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമരത്തിന്റെ ഭാഗമായി നാല് പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. നോവഖാലി ടിവി ജേണലിസ്റ്റ് ഫോറത്തിന്റെ ഓഫീസ് ആക്രമിച്ചു. വാഹനങ്ങള്‍ പലയിടത്തും കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: