തൃശ്ശുര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ആനയായ ഗജരാജൻ വലിയ കേശവന്‍ ചരിഞ്ഞു. അനാരോഗ്യം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ചികിത്സ തുടരവെയാണ് ഉച്ചയ്‌ക്ക് 12.20ന് ആന ചരിഞ്ഞത്. ഗുരുവായുരപ്പന്റെ സ്വര്‍ണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്പനായിരുന്നു വലിയ കേശവന്‍.
2020ൽ ഗുരുവായൂര്‍ പത്മനാഭന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവന്‍ ഗുരുവായുരിലെ ആനകളില്‍ പ്രധാനിയായത്. 2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. ഇളംമഞ്ഞ കണ്ണുകള്‍, നല്ല നടയമരങ്ങള്‍, കടഞ്ഞെടുത്തതു പോലുള്ള കൊമ്പുകള്‍, നീളമുള്ള തുമ്പി, ഉത്തമമായ ചെവികളും വാലും. 305 സെന്റീമീറ്റര്‍ ഉയരവും ഈ 56 കാരനുണ്ടായിരുന്നു. ശാന്തസ്വഭാവക്കാരനായ വലിയ കേശവന്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളില്‍ മുന്‍നിരയിലായിരുന്നു.
ഉയരത്തിന്റെ കണക്കെടുത്താൽ ആദ്യത്തെ പത്തുപേരുടെ സ്ഥാനത്തു കേശവന്റെ പേരും കാണും. പൂരത്തിന് എഴുന്നള്ളിച്ചതില്‍ ഏറ്റവും കൂടുതല്‍ തുകയിലും തലയെടുപ്പ് കേശവന് തന്നെ. സാധാരണ ദിവസങ്ങളില്‍ 50,000 രൂപയും വിശേഷ ദിവസങ്ങളില്‍ 75,000 വുമാണ് വലിയ കേശവന്റെ ഏക്കതുക. തൃശ്ശൂര്‍ പൂരത്തിന് വലിയ കേശവന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രധാനപ്പെട്ട മറ്റു പൂരങ്ങളായ ഉത്രാളിക്കാവിലും പാര്‍ക്കാടിയിലും ചീരംകുളത്തുമെല്ലാം ഈ വലിയ കേശവൻ താരമായിരുന്നു. മുന്‍പ് പിന്‍കാലിന് സമീപത്തെ മുഴ കാരണവും ക്ഷയരോഗം മൂലവും ക്ഷീണിതനായിരുന്ന ആന ചികിത്സയിലായിരുന്നു. ഇടയ്‌ക്ക് രോഗം കലശലായെങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു.
ഗജകുലഛത്രാധിപതി, സാമജസമ്രാട്ട്, ഗജരത്നം, ഗജസമ്രാട്ട്, ഗജരാജ ചക്രവര്‍ത്തി, ഗജകേസരി, മലയാള മാതംഗം അങ്ങനെ അംഗീകാരങ്ങള്‍ ഏറെയുണ്ടെങ്കിലും പുന്നത്തൂര്‍ കോട്ടയുടെ മണ്മറഞ്ഞ കാരണവര്‍ ‘ഗജരാജന്‍’ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണ ചടങ്ങില്‍ വെച്ച് 2017 ല്‍ ഗുരുവായൂര്‍ വലിയ കേശവന് സമ്മാനിച്ച ‘ഗജരാജന്‍’ പട്ടം വേറിട്ട് നില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: