കോട്ടയം നിയോജക മണ്ഡലത്തില്‍ പുതുചരിത്രം രചിക്കാനൊരുങ്ങുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയും എസ്എന്‍ഡിപിയുടെ സജീവ പ്രവര്‍ത്തകയുമായ മിനര്‍വ മോഹന്‍. രാഷ്ട്രീയ പോരാട്ടത്തിന് ചൂടേറി തുടങ്ങിയതോടെ കോട്ടയം ശ്രദ്ധേയമായി കഴിഞ്ഞു. കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളിലൊരാളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, സിപിഎമ്മിലെ അഡ്വ. കെ. അനില്‍ കുമാറുമാണ് മിനര്‍വ മോഹന്റെ മുഖ്യ എതിരാളികള്‍.
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ രണ്ടു തവണ പ്രസിഡന്റും ഒരു തവണ വൈസ് പ്രസിഡന്റുമായിരുന്ന മിനര്‍വ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നയിച്ച വിജയ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് മിനര്‍വ മോഹന്‍ പാര്‍ട്ടി അംഗത്വം എടുത്തത്.
കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ നിന്നും ദേശീയതയുടെ ഭാഗമായി മാറിയ മിനര്‍വയ്ക്ക് സിപിഎമ്മിലെ പുരുഷാധിപത്യത്തെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. സിപിഎമ്മില്‍ സ്ത്രീകള്‍ വളരെയധികം വിവേചനം നേരിടുന്നതായി അവര്‍ പറഞ്ഞു.
അവിടെ സ്ത്രീകള്‍ക്ക് ഒരു പരിധിവരെയേ ഉയരാന്‍ സാധിക്കു എന്ന് അധ്യാപികയായിരുന്ന മിനര്‍വ പറയുന്നു. 1987ല്‍ പൂഞ്ഞാര്‍ തെക്കക്കര ഗ്രാമപഞ്ചായത്ത് അംഗമായി. 1995 വരെ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി, 1995ല്‍ പ്രസിഡന്റായി. 2005ല്‍ വീണ്ടും ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചു. 2005 മുതല്‍ മീനച്ചില്‍ എസ്എന്‍ഡിപി യൂണിയന് വനിതാ സംഘത്തിന്റെ പ്രസിഡന്റാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന മികവാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് മിനര്‍വ പറഞ്ഞു. അഴിമതി രഹിതമായ ഭരണമാണ് ഏറ്റവും ആകര്‍ഷകം. രാജ്യത്തിന്റെ വികസനരംഗത്ത് പുതിയ ചരിത്രം കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട ഫാനായ മിനര്‍വക്ക് മോദിയെക്കുറിച്ച് പറയുമ്പോള്‍ ആയിരം നാവാണ്. സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്കുന്ന പാര്‍ട്ടിയാണ് ബിജെപി. വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പല ജനകീയ പദ്ധതികളെക്കുറിച്ചും അവര്‍ക്കറിയില്ലെന്നും മിനര്‍വ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുന്നില്ല. മോദിയിലും ബിജെപിയിലും ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ഒരു ജനകീയ ബദല്‍ അവരാഗ്രഹിക്കുന്നുണ്ട്. കോട്ടയം നിയോജക മണ്ഡലത്തില്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായും അവര്‍ പറഞ്ഞു.
1953 ല്‍ അച്ഛന് കെ.ശങ്കരന് ആദ്യപ്രസിഡന്റായ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി തനിക്ക് സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യമാണെന്നും മിനര്‍വ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: