ഇടുക്കി: തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ കരാറുകാരന്റെ ആത്മഹത്യാ ശ്രമം. പണി തീര്‍ത്ത ശേഷം ബില്ല് മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അടിമാലി സ്വദേശി സുരേഷ് ആണ് ഭീഷണി മുഴക്കിയത്.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറി പെട്രോള്‍ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്സും എത്തി ഇയാളെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി. കൃഷിവകുപ്പുമായി ബന്ധപ്പെട്ട് നാലോളം പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷം സുരേഷ് ബില്ലുകൾ നൽകിയിരുന്നു. എന്നാൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീർഘകാലമായി ഈ ബില്ലുകൾ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
ജില്ലാകളക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടും, നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ആത്മഹത്യാശ്രമത്തിന് സുരേഷ് തുനിഞ്ഞത്. കരാറുമായി ബന്ധപ്പെട്ട് 70 ശതമാനം തുകയും ഇന്നു തന്നെ കൊടുക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചെങ്കിലും മുഴുവൻ പണവും നൽകണമെന്നാണ് സുരേഷ് ആവശ്യപ്പെടുന്നത്. ആകെ ഒരു കോടി രൂപയാണ് സുരേഷിന് ലഭിക്കാനുള്ളത്. ഏട്ട് മാസങ്ങൾക്ക് മുമ്പാണ് പ്രവർത്തികൾ പൂർത്തിയാക്കി സുരേഷ് ബില്ല് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: