ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിന്റെ പ്രധാന വാഗ്ദാനമായിരുന്നു എക്സല്‍ ഗ്ലാസ്സ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത് തുറന്നു പ്രവര്ത്തിപ്പിക്കുമെന്നത്. മതിലായ മതിലിലെല്ലാം വാഗ്ദാനങ്ങള്‍ നിറഞ്ഞു. പക്ഷെ ഒന്നും സംഭവിച്ചില്ല. സിപിഎം സഖാക്കളും, സിപിഐ സഖാക്കളും, തൊഴിലാളികളും പലവട്ടം ആവശ്യപ്പെട്ടിട്ടും ഐസക്ക് കണ്ട ഭാവം നടിച്ചില്ല. വീണ്ടും തെരഞ്ഞെടുപ്പില്‍ എല്ലാ ശരിയാക്കിയെന്ന അവകാശ വാഗ്ദാനവുമായി എത്തുമ്പോള്‍ ജനം ചോദിക്കുന്നു ഓര്‍മ്മയുണ്ടോ… സഖാവേ… എന്ന്.
എക്സല്‍ ഗ്ലാസ് ഫാക്ടറി കുറഞ്ഞ തുകയ്ക്ക് ലേലം ചെയ്തിട്ടും ആരും ഏറ്റെടുക്കുന്നില്ല. സര്‍ക്കാരാകട്ടെ കാഴ്ചക്കാരും. 300 കോടിയോളം വിലമതിക്കുന്ന സ്വത്തിന് നേരത്തെ കേവലം 99.42 കോടിയാണ് വിലയിട്ടിരിക്കുന്നത്. എന്നിട്ടും ആരും പങ്കെടുക്കാതിരുന്ന സാഹചര്യത്തില്‍ 20 കോടിയോളം മൂല്യംകുറച്ച് 79.20 കോടിയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇത്രയും കുറഞ്ഞ വിലയ്ക്ക് സ്ഥാപനം ലേലം ചെയ്ത് നല്‍കുന്നത് അഴിമതിയാണെന്ന് തൊഴിലാളികളും, സംഘടനകളും ആരോപണം ഉന്നയിച്ചിരുന്നു.
മാനേജ്മെന്റും ലിക്വിഡേറ്ററുമായി ചേര്‍ന്ന് ആസ്തി കുറച്ച് കാണിച്ച് ലേലത്തില്‍ ബിനാമിയിലൂടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതായി തൊഴിലാളി യൂണിയന് നേതാക്കള്‍ ആരോപിച്ചിരുന്നു. ദേശീയപാതയോരത്തുള്ള 18 ഏക്കര്‍ സ്ഥലവും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും, ചേര്‍ത്തല പള്ളിപ്പുറത്ത് രണ്ട് ബ്ളോക്കുകളിലെ അഞ്ച് ഏക്കറുമാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് യഥാര്‍ത്ഥ വിലയല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കമ്പനി പൂട്ടുമ്പോള്‍ ഒന്‍പത് കോടിയുടെ കുപ്പികള്‍ ഗോഡൗണിലുണ്ടായിരുന്നു. ഇവ ഉപയോഗ്യശൂന്യമായി.
കെഎസ്ഐഡിസി, കെഎഫ്സി എന്നിവടങ്ങളില്‍ നിന്നെടുത്ത 14.5 കോടിയുടെ വായ്പ ഇപ്പോള്‍ പലിശയടക്കം 45 കോടിയായി. തൊഴിലാളികളുടെ ആനുകുല്യങ്ങള്‍ പൂര്‍ണമായും തിട്ടപ്പെടുത്താതെ മറ്റ് ബാദ്ധ്യതകള്‍ തീര്‍ക്കുന്ന തരത്തിലാണ് വില്പന നടപടികള്‍. ഗ്രാറ്റുവിറ്റി, ലേ ഓഫ് കോമ്പന്‍സേഷന്‍, നിര്‍ബന്ധിത പിരിച്ചുവിടല്‍ അനുകൂല്യം, ശമ്പള കുടിശിക, ബോണസ് എന്നിവ തൊഴിലാളികള്‍ക്ക് നല്‍കേണ്ടതുണ്ട്. കമ്പനി മാനേജ്മെന്റ് സ്വാധീനം ചെലുത്തി സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ആസ്തി കുറച്ച് കാണിച്ച് സ്വന്തക്കാരെ ലേലത്തില്‍ പങ്കെടുപ്പിച്ച് ഫാക്ടറിയുടെ സ്വത്ത് തട്ടിയെടുക്കാനും തൊഴിലാളികളുടെ ആനുകൂല്യം പരിമിതപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: