കണ്ണൂരിലെ ഇരിക്കൂറില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജനവിധി തേടുകയാണ് ആനിയമ്മ രാജേന്ദ്രന്‍. കാര്‍ത്തികപുരം സ്വദേശിനിയായ ആനിയമ്മ 1986-1987 കാലഘട്ടം മുതല്‍ ബിജെപിയില്‍ സജീവം. പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ പാര്‍ട്ടിയില്‍ അചഞ്ചലമായ വിശ്വാസമാണ് ആനിയമ്മയ്‌ക്കുള്ളത്.
നിരവധി ബലിദാനികള്‍ ഉണ്ടായിട്ടുള്ള കണ്ണൂരില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ വലിയൊരു ആത്മവിശ്വാസവും ആത്മവീര്യവും ആണ് ലഭിക്കുന്നതെന്ന് ആനിയമ്മ പറയുന്നു. പ്രതിസന്ധികളാണ് കൂടുതല്‍ പ്രവര്‍ത്തിക്കാനും തളരാതെ മുന്നോട്ട് പോകുന്നതിനും ആനിയമ്മയ്‌ക്കുള്ള പ്രചോദനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലം ആയിരുന്നു തട്ടകം. സ്ഥാനാര്‍ഥി എന്ന നിലയില്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കടന്നു ചെല്ലാത്ത ഇടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പലവിധ ഭീഷണികളും വാഹനം തടയലും ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ഭയന്ന് പിന്മാറിയില്ല.
പയ്യന്നൂര്‍ കോളേജില്‍ നിന്നായിരുന്നു ബിരുദം. കരുവഞ്ചാല്‍ ലിറ്റില്‍ ~വര്‍ സ്‌കൂളില്‍ മലയാളം അധ്യാപികയാണ് ആനിയമ്മ. ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ പഠിപ്പിക്കുന്ന സമയത്ത് ഭാരതീയ സംസ്‌കാരത്തെക്കുറിച്ചുള്ള അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാറുണ്ട്.
പ്രധാനമന്ത്രിയുടെ നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ല. അതിനാല്‍ പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഇത്തരം ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക്, വിശേഷിച്ചും സ്ത്രീകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കിഴക്കേപറമ്പില്‍ രാജേന്ദ്രന്‍ മാസ്റ്ററാണ് ഭര്‍ത്താവ്. അദ്ദേഹം ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് പ്രവര്‍ത്തന മണ്ഡലത്തില്‍ ഊര്‍ജ്ജം. അമൃത, അഞ്ജലി, അതുല്യ എന്നിവരാണ് മക്കള്‍.
നിലവില്‍ ബിജെപി സംസ്ഥാന സമിതിയംഗം, യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, ബിജെപി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ്, സെക്രട്ടറി, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ നിന്ന് മുമ്പും ജനവിധി തേടിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്.
കണ്ണൂരില്‍ കാവി പാറിക്കാന്‍
കണ്ണൂര്‍ മണ്ഡലത്തെ കാവി പുതപ്പിക്കാന്‍ ബിജെപി കണ്ടെത്തിയ സാരഥി അഡ്വ. അര്‍ച്ചന വണ്ടിച്ചാലാണ്. കോടതിയില്‍ ലോ പോയിന്റ് നിരത്തി കക്ഷിയെ വിജയിപ്പിക്കുന്ന അര്‍ച്ചന ഇത്തവണ നാടിന്റെ വികസനം മുന്നില്‍ക്കണ്ടാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. വര്‍ഷങ്ങളായി മാറ്റമില്ലാതെ കിടക്കുന്ന കണ്ണൂര്‍ റെയില്‍വേസ്റ്റേഷനും പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാറണം. വോട്ട് ചെയ്യുന്നവര്‍ക്ക് മാറ്റമില്ലാത്ത നാടിന്റെ നല്ല നാളെയിലൂടെയാകും മറുപടിപറയുക എന്ന് അര്‍ച്ചന ഉറച്ചു പറയുന്നു.
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മികച്ച പ്രകടനം നടത്തി. ജനങ്ങള്‍ക്ക് തന്നോടുള്ള വിശ്വാസവും സ്‌നേഹവും കണ്ടപ്പോള്‍ അവര്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് ബിജെപിയില്‍ സജീവമായത്. ബിജെപി കണ്ണൂര്‍ മണ്ഡലം സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്.
അക്രമ രാഷ്‌ട്രീയത്തോട് ഒരു തരത്തിലും യോജിപ്പില്ലെന്നും മക്കളെ നഷ്ടപ്പെടുന്ന അമ്മമാരുടെ വേദന ഒരമ്മയെന്ന നിലയില്‍ കൂടുതല്‍ മനസ്സിലാകും എന്നും അര്‍ച്ചന പറയുന്നു. രാഷ്‌ട്രീയത്തില്‍ എത്തിയത് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്. അഭിഭാഷക എന്ന നിലയില്‍ തന്നെ സമീപിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും താഴെത്തട്ടിലുള്ളവര്‍ക്ക് നിയമോപദേശം നല്‍കാറുണ്ട്. ഇടതുപക്ഷ കോട്ടയായ കണ്ണൂരില്‍ ബിജെപിക്ക് നല്ല വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ടെന്ന് അര്‍ച്ചന സാക്ഷ്യപ്പെടുത്തുന്നു.
ത്രിപുരയിലും പശ്ചിമ ബംഗാളിലും സംഭവിച്ചത് അധികം വൈകാതെ കേരളത്തിലും സംഭവിക്കും. കപടമതേതരമാണ് ഇടതുപക്ഷത്തിന്റേത്. കബളിപ്പിക്കപ്പെടുകയാണ് എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാകും; അര്‍ച്ചന പറയുന്നു. മാറ്റത്തിന്റെ കാറ്റ് വീശുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിജയപ്രതീക്ഷയിലാണ് അര്‍ച്ചന. രഞ്ജിഷാണ് ഭര്‍ത്താവ്. മക്കള്‍: അഭിരാമി, പ്രാര്‍ത്ഥന.
പേരാവൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കളം നിറഞ്ഞിരിക്കുകയാണ് സ്മിത ജയമോഹന്‍. മഹിള മോര്‍ച്ച കണ്ണൂര്‍ ജില്ല അധ്യക്ഷ കൂടിയാണ്. ബ്രണ്ണന്‍ കോളേജില്‍ പ്രീ ഡിഗ്രി ബയോളജി വിദ്യാര്‍ത്ഥിനിയായിരുന്നു. ആ കാലയളവില്‍ എസ്എഫ്‌ഐ ആയിരുന്നു അവിടെ പ്രബലം. എബിവിപിയുടെ ആധിപത്യം അന്ന് അവിടെ കാര്യമായിട്ടുണ്ടായിരുന്നില്ല. എബിവിപിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടി വന്നപ്പോഴേല്ലാം അതില്‍ സജീവ പങ്കാളിയായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദൂരപഠനം വഴി പൊളിറ്റിക്‌സില്‍ ബിരുദവും നേടിയിട്ടുണ്ട്.
മയ്യഴിക്കാരിയായ സ്മിത വിവാഹ ശേഷമാണ് തലശ്ശേരിയിലെത്തുന്നത്. 2015 ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവങ്ങാട് വാര്‍ഡില്‍ മത്സരിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള ആ വാര്‍ഡ് കോണ്‍ഗ്രസ് സ്വാധീന മേഖലയായിരുന്നു. പുതുമുഖമായി മത്സരരംഗത്തേക്ക് കടന്നുവന്ന സ്മിത മുസ്ലിം വോട്ടുകള്‍ സ്വന്തമാക്കി. കോണ്‍ഗ്രസ് എട്ട് വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സ്മിത രണ്ടാം സ്ഥാനത്തെത്തി. അതായിരുന്നു തെരഞ്ഞെടുപ്പിലെ ആദ്യ അനുഭവം.
തലശ്ശേരിയില്‍ സജീവ രാഷ്‌ട്രീയത്തിലേക്ക് വന്നതോടെ എതിരാളികള്‍ തനിനിറം കാണിച്ചുതുടങ്ങി. കാറ് തകര്‍ത്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് വീടിന് ചുവന്ന പെയിന്റ് അടിച്ച ശേഷം ഡിവൈഎഫ്‌ഐക്കാര്‍ അവരുടെ കൊടി നാട്ടി. റീത്ത് വച്ച് കൊന്നുകളയും എന്ന ഭീഷണിയും നേരിടേണ്ടി വന്നു. പക്ഷേ അതൊന്നും സ്മിതയെ തളര്‍ത്തുന്നില്ല. രണ്ട് തവണ മഹിള മോര്‍ച്ച തലശ്ശേരി മണ്ഡലം അധ്യക്ഷയായും പ്രവര്‍ത്തിച്ചു.
എല്ലാ വിശേഷ അവസരങ്ങളിലും ഏതെങ്കിലും ആദിവാസി കോളനി കണ്ടെത്തി അവിടെ വസ്ത്രങ്ങളും പുതപ്പുകളും എത്തിക്കുക പതിവാണ്. മട്ടന്നൂര്‍ സച്ചിദാനന്ദ ബാലസദനം, കണ്ണൂര്‍ ചാലയിലുള്ള മൂകാംബിക ബാല സദനം, ധര്‍മ്മശാലയിലുള്ള അന്ധവിദ്യാലയം എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കാവശ്യമായ പഠന സാമഗ്രികള്‍ ഉള്‍പ്പടെയുള്ളവ എത്തിക്കുക, സാമ്പത്തിക പരാധീനതയുള്ള രോഗികള്‍ക്കാവശ്യമായ ചികിത്സാ ചെലവുകള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ചു നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും നേതൃത്വം നല്‍കുന്നു. സുകന്യ സമൃദ്ധിയോജനയില്‍ പെണ്‍കുട്ടികളെ ചേര്‍ക്കുന്നതിന് വീടുകളില്‍ സമ്പര്‍ക്കം നടത്തി.
സര്‍ക്കാരിനെതിരെയുള്ള സമരമുഖങ്ങളിലും സജീവമാണ് സ്മിത. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഇടനിലക്കാരുടെ ആവശ്യമില്ലാതെ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മുടക്കോഴി മലയില്‍ വച്ച് വാഹനത്തിന് നേരെയുണ്ടായ ആക്രമണം ഒന്നും സ്മിതയെ തളര്‍ത്തുന്നില്ല. ധര്‍മ്മടത്ത് മുഖ്യമന്ത്രിക്ക് എതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്ക് മത്സരിക്കേണ്ടി വരുന്നത് അവര്‍ക്ക് നീതി ലഭിക്കാത്തതുകൊണ്ടാണ്. സ്ത്രീ സുരക്ഷ ഉറപ്പു നല്‍കി അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ വാളയാര്‍ കേസില്‍ നീതി ഉറപ്പാക്കാന്‍ ഒന്നും ചെയ്തില്ല, സ്മിത പറയുന്നു. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനിയുടെ തലശ്ശേരിയിലെ ഡീലറാണ് ഭര്‍ത്താവ് ജയമോഹന്‍. ഏക മകള്‍: ചാരുലക്ഷ്മി.
കോട്ടയത്തിന്റെ കരുത്തുറ്റ സ്ത്രീ ശബ്ദമായി മാറിക്കൊണ്ടിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി മിനര്‍വ മോഹന്‍. ബിജെപിയുടെ ആദര്‍ശങ്ങളിലും ആശയങ്ങളിലും ആകൃഷ്ടയായപ്പോഴാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം പ്രവര്‍ത്തകയും എസ്എന്‍ഡിപി വനിതാസംഘം മീനച്ചില്‍ താലൂക്ക് ചെയര്‍പേഴ്സണുമായ പൂഞ്ഞാര്‍ തെക്കേക്കര വേലംപറമ്പില്‍ മിനര്‍വ മോഹന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയില്‍ വച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് ബിജെപി അംഗത്വം എടുത്തത്. സിപിഐ (എം) സ്ഥാനാര്‍ഥിയായി മിനര്‍വ തെക്കക്കര പഞ്ചായത്ത് പ്രസിഡന്റായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളേജ്( കോട്ടയം), ഗൈഡന്‍സ് പബ്ലിക് സ്‌കൂള്‍( ഈരാറ്റുപേട്ട) എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് (1987 മുതല്‍ 1995 വരെ) പൂഞ്ഞാര്‍ തെക്കേക്ക പഞ്ചായത്ത് പ്രസിഡന്റ് (1995 മുതല്‍ 2000 വരെയും 2005 മുതല്‍ 2008 വരെയും) സേവനം അനുഷ്ഠിച്ചു. പഞ്ചായത്തിനായി നിരവധി വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ള മിനര്‍വയ്‌ക്ക് ആ പ്രവര്‍ത്തി പരിചയം തന്നെയാണ് കൈമുതല്‍. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ് പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളേജ്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കെട്ടിടം, നിരവധി കുടിവെള്ള പദ്ധതികള്‍, ഹോമിയോ ആശുപത്രി, പൂഞ്ഞാര്‍ ബസ് സ്റ്റാന്‍ഡ് എന്നിവ യാഥാര്‍ത്ഥ്യമായത്. ദാരിദ്ര രേഖയ്‌ക്ക് താഴെയുള്ളവരുടെ ഉന്നമനമാണ് മിനര്‍വ പ്രധാനമായും ലക്ഷ്യമിടുന്നത്.
വൈക്കം നിയോജക മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് വനിതകളുടെ പോരാട്ടം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. അജിതാ സാബുവാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. ഭരണ പരിചയം കൊണ്ട് ശ്രദ്ധേയ. സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി അനവധി പ്രവര്‍ത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ഹിന്ദി അധ്യാപികയാണ് അജിത. രണ്ട് തവണ ജില്ലാ പഞ്ചായത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000-10 വരെയുള്ള കാലഘട്ടങ്ങളില്‍ ഏറ്റുമാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നു വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും രണ്ടര വര്‍ഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അച്ഛന്‍ സി.എ തങ്കച്ചന്‍.
കേരളാ കോണ്‍ഗ്രസി (എം) ലൂടെയായിരുന്നു രാഷ്‌ട്രീയത്തിലെത്തിയത്. 2011 മുതല്‍ കേരളാ സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് മെമ്പറായും സേവനമനുഷ്ഠിച്ചു. 2020 ഒക്ടോബര്‍ മുതല്‍ കേരളാ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമാണ്. കേരള ഹിന്ദു ചേരമര്‍ അസോസിയേഷന്‍ മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ കോട്ടയം പേരൂര്‍ കൊരട്ടിതടത്തില്‍ സാബുവാണ് ഭര്‍ത്താവ്. ബിടെക് വിദ്യാര്‍ഥി ദേവാനന്ദനാണ് മകന്‍.
രണ്ടര പതിറ്റാണ്ട് മുമ്പ് എസ്എന്‍ഡിപിയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന സംഗീത വിശ്വനാഥ് ബിഡിജെഎസിന്റെ വനിതാ സംഘടനയായ ബിഡിഎംഎസിന്റെ സംസ്ഥാന പ്രസിഡന്റാണ്. ജനശിക്ഷന്‍ സന്‍സ്ഥാന്റെ ജില്ലാ ചെയര്‍പേഴ്സണ്‍ എന്ന നിലയിലും കുടുംബ കോടതി അഭിഭാഷക എന്ന നിലയിലും നിരവധി സമൂഹ്യ പ്രശ്നങ്ങളിലും സജീവം.
ജയിലുകളില്‍ അന്തേവാസികള്‍ക്കുള്ള ബോധവത്ക്കരണം, യോഗ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി സൈബര്‍ ആക്രമണം തടയുന്നതിനും ലൗജിഹാദിനെതിരെയും നിരന്തര പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. തൃശൂര്‍ വടൂക്കര സ്വദേശിനിയായ അഡ്വ. സംഗീത വിശ്വനാഥ് വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. ദല്‍ഹയിലെ നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്നങ്ങളില്‍ സജീവ ഇടപടലുകളും അഡ്വ. സംഗീതയുടെ ഭാഗത്ത് നിന്നുണ്ടായി. ബിസിനസുകാരനായ വിശ്വനാഥാണ് ഭര്‍ത്താവ്. മക്കള്‍: അഭിരാം, ഉത്തര.
കരുനാഗപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. ബിറ്റി സുധീറാണ്. മഹിളാമോര്‍ച്ച കൊല്ലം ജില്ലാ പ്രസിഡന്റ് കൂടിയായ ബിറ്റി, പിണറായി സര്‍ക്കാരിനെതിരെയുള്ള സമരമുഖത്ത് നിന്നാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് എത്തിയത്. 2020 ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തക്കര ഡിവിഷനില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചു.
2015ല്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് തൃക്കോവില്‍വട്ടം ഡിവിഷനിലെ തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്ത് എത്തി ബിറ്റി. ബിജെപിയുടെ സമരമുഖത്ത് സജീവസാന്നിധ്യമായ ബിറ്റി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമാണ്. നിരവധിപേര്‍ക്ക് സൗജന്യ നിയമസഹായവും നല്‍കുന്നു. ഒപ്പം തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കും ശാക്തീകരണത്തിനുമായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു.
ബിജെപി കുണ്ടറ മണ്ഡലം സെക്രട്ടറി, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. മയ്യനാട് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമികവിദ്യാഭ്യാസം നേടി. തുടര്‍ന്ന് കൊല്ലം എസ്എന്‍ വിമന്‍സ് കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, ലോ കോളേജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലത്തെ കോടതികളിലും ഹൈക്കോടതിയിലും അഭിഭാഷകയായി സേവനമനുഷ്ഠിക്കുന്നു. മയ്യനാട് തിട്ടയില്‍ കുടുംബാംഗമായ അഡ്വ. ബിറ്റി മുഖത്തല ഡീസന്റ്മുക്ക് ഭദ്രദീപത്തില്‍ രാമഭദ്രന്റെ ഭാര്യയാണ്.
കോഴിക്കോട് താമര വിരിയിക്കാന്‍ ഇത്തവണ രംഗത്തുള്ളത് നവ്യ ഹരിദാസാണ്. കോഴിക്കോട് സൗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് നവ്യ. അഞ്ചു വര്‍ഷമായി നഗരസഭാ കൗണ്‍സിലര്‍ സ്ഥാനത്തിരുന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇവര്‍ ആ വികസനത്തുടര്‍ച്ചക്കായി ഒരു വോട്ടാണ് ചോദിക്കുന്നത്. പ്രദേശവാസികളെയും റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് നവ്യ ജനമനസ്സുകളില്‍ ഇടം പിടിച്ചത്.
കാലങ്ങളായി അവഗണിക്കപ്പെട്ട റോഡുകളും ഫുട്പാത്തുകളും ഡ്രെയ്‌നേജുകളുമെല്ലാം നവീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അമൃതില്‍ നിന്നും കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നും ലഭിക്കാവുന്ന മുഴുവന്‍ തുകയും ഉപയോഗിച്ചായിരുന്നു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നവ്യ നേതൃത്വം നല്‍കിയത്. വേര്‍തിരിവുകളില്ലാതെ എല്ലാവര്‍ക്കും വികസനം എന്നതാണ് നവ്യയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും കോര്‍പ്പറേഷനില്‍ നിന്ന് ലഭിക്കുന്ന ക്ഷേമ പെന്‍ഷനുകളും അര്‍ഹരിലേക്ക് എത്തിക്കുന്നതിനും എല്ലാവരുടേയും പിന്തുണയോടെ സാധിച്ചതായും നവ്യ പറയുന്നു.
ഐടി രംഗത്തു നിന്ന് രാഷ്‌ട്രീയത്തിലെത്തിയ യുവതലമുറയുടെ പ്രതിനിധിയില്‍ നാടിന്റെ ഭാവി സുരക്ഷിതമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാനാണ് ഇക്കുറിയുള്ള മത്സരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക