കൊച്ചി: അഴിമതിയേറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന് 2016 മുമ്പു വരെ ഉണ്ടായിരുന്ന ദുഷ്പേരില്‍നിന്ന് അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അവകാശപ്പെട്ടു. കൊച്ചിയില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍, വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് ഈ വിചിത്ര വാദം. അന്ന് ലോകമെമ്പാടുമുള്ള മലയാളിക്ക് മനോവേദന ഉണ്ടാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
പാലാരിവട്ടം പാലം പൊളിച്ചു പണിയേണ്ടിവന്ന നാടാണിത്. ഈ ഭരണത്തില്‍ എല്ലാ തരത്തിലുള്ള അഴിമതിയും അവസാനിച്ചുവെന്ന് പറയാനായിട്ടില്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നുണ്ട്. അഴിമതിയില്ലാതാക്കാന്‍ എന്തുചെയ്തു എന്ന് പറയുന്നതിനു പകരം എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതിയില്ലാതാക്കാന്‍ വിജിലന്‍സ് നടപടികള്‍ കാര്യക്ഷമമാക്കുകയാണ് വേണ്ടത്. കേസുകള്‍ സമയ ബന്ധിതമായി തീര്‍ക്കണം. സുതാര്യമായും വിശ്വാസ്യയോഗ്യമായും കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. അഞ്ചു വര്‍ഷത്തില്‍ എല്ലാ വകുപ്പിലും സോഷ്യല്‍ ഓഡിറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങി അഴിമതി ഒഴിവാക്കാനുള്ള പരിപാടികളും മുഖ്യമന്ത്രി വിശദീകരിച്ചു. അഞ്ചു വര്‍ഷ ഭരണത്തിനിടെ ഇക്കാര്യങ്ങള്‍ കുറ്റമറ്റരീതിയില്‍ നടപ്പാക്കിയെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞതുമില്ല.
സ്വര്ണക്കടത്തുള്പ്പെടെ പിണറായി സര്‍ക്കാറിന്റെ കാലത്ത് നടന്ന അഴിമതികള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ നടപടിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു.
കിഫ്ബിയില്‍ മുഖ്യമന്ത്രി നിലപാട് മാറ്റി
വിവാദമായ കിഫ്ബി സംവിധാനത്തില്‍ അന്വേഷണവും നപടികളും വരുമെന്നായപ്പോള്‍, കിഫ്ബി നിലപാടില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെ അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിന് രക്ഷപ്പെടാനുള്ള മാര്‍ഗമാണ് കിഫ്ബി എന്നു പറഞ്ഞ മുഖ്യമന്ത്രി, 1999 മുതല്‍ നിലവിലുള്ള സംവിധാനമെന്നാണ് ഇതുവരെ വാദിച്ചിരുന്നത്. മന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണവും അങ്ങനെയാണ്. എന്നാല്‍, കിഫ്ബിയുടെ സംവിധാനത്തിലും ഘടനയിലും മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോഴത്തെ നടപടികളെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ ഖജനാവിന് ശേഷിയില്ലാതെ വന്നുവെന്നും വരുമാനം ഇല്ലാതായെന്നും അങ്ങനെയാണ് കിഫ്ബിയെ ആശ്രയിച്ചതെന്നും ന്യായീകരിച്ചു.
കിറ്റിന് കേന്ദ്ര സഹായം: സമ്മതിച്ച് മുഖ്യമന്ത്രിയും
ഏറെ ചര്‍ച്ച ചെയ്യുന്ന കിറ്റു വിതരണം മുടക്കിയതിന് ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു നിന്നുവെന്നും കേരളത്തിന് എതിരാണ് ഈ നിലപാടെന്നും വിശദീകരിച്ച മുഖ്യമന്ത്രി, കിറ്റ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്താലാണെന്ന് സമ്മതിച്ചു. നേരിട്ടു പറഞ്ഞില്ലെങ്കിലും വിശദീകരിച്ചതിങ്ങനെ: ”സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്ന കിറ്റിന്റെ പങ്കാളിത്തം കേന്ദ്ര സര്‍ക്കാരിനു
ണ്ടെന്ന് ചിലര്‍ വാദിച്ചു. സാധനങ്ങള്‍ കേന്ദ്രം നല്‍കിയതാണെന്ന് പ്രചരിപ്പിച്ചു. ആ കിറ്റും ക്ഷേമ പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കിറ്റും അരിയും മുടക്കിയത് ശരിയായില്ലെന്ന് പറയാന്‍ പ്രതിപക്ഷ നേതാവ് തയാറാകണം. കേന്ദ്രത്തില്‍നിന്ന് ലഭിച്ച അരി മിച്ചം വന്നതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്..” മുഖ്യമന്ത്രി വിശദീകരിച്ചു. കിറ്റിലുള്ളത് കേന്ദ്രത്തിന്റേതല്ലെന്ന് പിണറായി വിജയന് നിഷേധിച്ചില്ല, കേന്ദ്രം നല്കുന്ന അരി മിച്ചം വരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തു.
അഴിമതി വിഷയമാകുമ്പോള്‍ താരതമ്യം മോദിയുമായി
കൊച്ചി: അഞ്ചു വര്‍ഷം ഭരിച്ച ഉമ്മന്‍ ചാണ്ടിയുടെ യുഡിഎഫ് ഭരണത്തില്‍ അഴിമതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2016 വരെയുള്ള കാലം മലയാളിയുടെ മാനം ലോകമെമ്പാടും കെടുത്തിയെന്നാണ് കുറ്റപ്പെടുത്തുന്നത്. 2021 വരെയുള്ള പിണറായി ഭരണം അഴിമതിയുടെ ആഴക്കടലാണെന്ന് പ്രതിപക്ഷം പറയുന്നു. രണ്ടു മുന്നണി സര്‍ക്കാരുകളുടെയും അഴിമതിക്കാലം പറയുമ്പോള്‍ ഇവരെ ജനങ്ങള്‍ താരതമ്യം ചെയ്യുന്നത് കേന്ദ്രത്തിലെ മോദി സര്‍ക്കാരും ബിജെപി സംസ്ഥാന സര്‍ക്കാരുകളുമായി.
ആറു വര്‍ഷമായി കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഭരിക്കുന്നു. ഒരു അഴിമതിയാരോപിക്കാന്‍ പോലും എതിര്‍പക്ഷ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന മോദിയുടെ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ അതിര്‍ത്തിയിലും അധികാരത്തിന്റെ അകത്തളങ്ങളിലും സത്യമായെന്നാണ് നിരീക്ഷകര്‍ വിശകലനം ചെയ്യുന്നത്.
മോദി സര്‍ക്കാരിന്റെ കാര്യത്തില്‍ മാത്രമല്ല, ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനങ്ങളിലും നിന്ന് അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകളോ വര്‍ത്തമാനങ്ങളോ ഇല്ല. ഏറ്റവും വലിയ സംസ്ഥാനങ്ങളായ യുപിയിലും മധ്യപ്രദേശിലും നിന്ന് ഇതുവരെ ആരോപണം ഒന്നും ഉയര്‍ന്നിട്ടില്ല.
ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതികള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും വ്യാപ്തിയില്‍ മഹാസമുദ്രം പോലെയായിരുന്നു. അഴിമതികളിലെ സമ്പത്തിന്റെ കണക്ക് അമ്പരപ്പിക്കുന്നതാണ്. പിണറായി വിജയന്റെ ഭരണത്തില്‍ അഴിമതിക്കടലിന് ആഴക്കൂടുതലാണ്. പക്ഷേ, അഴിമതിയുടെ റേഞ്ച് വിചിത്രമാണ്. സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാര്‍ കണ്ണാടിയും തോര്‍ത്തും വാങ്ങിയതു മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സഹായത്താല്‍ സ്വര്‍ണം കടത്തിയതും ആഴക്കടല്‍ ‘അമേരിക്കക്ക് വിറ്റ’തും വരെയുണ്ട് അഴിമതി സംഭവങ്ങള്‍.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ഖജനാവു മുടിക്കുന്ന, ജനതയെ സാമ്പത്തിക അടിമകളാക്കുന്ന ഭരണക്കാരും പാര്‍ട്ടികളും ജനങ്ങളുടെ സ്വാഭിമാനം ഉയര്‍ത്തുന്ന ഭരണവും പാര്‍ട്ടിയും തമ്മിലുള്ള താരതമ്യത്തിന് അവസരം കൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: