പൂനെ: ഹാട്രിക്ക് പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും. ജയിച്ചാല്‍ ഇന്ത്യക്ക് ഹാട്രിക്ക് പൂര്‍ത്തിയാക്കാം. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയും (3-1) ടി 20 പരമ്പരയും (2-1) ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പര നിലവില്‍ സമനിലയാണ് (1-1). ഇന്ന് ജയിക്കുന്ന ടീമിന് ഈ പരമ്പര ലഭിക്കും. ഉച്ചകഴിഞ്ഞ് 1.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് നാണക്കേടില്‍നിന്ന് കരകയറാന്‍ ഇന്ന് വിജയം തന്നെ നേടണം. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും ക്രുണാല്‍ പാണ്ഡ്യയുടെയും അച്ചടക്കമില്ലാത്ത ബൗളിങ്ങാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ നാണം കെടുത്തിയത്. കുല്‍ദീപ് എട്ട് സിക്സറുകളാണ് വഴങ്ങിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഇത്രയും സിക്സറുകള്‍ വഴങ്ങുന്നത്. പത്ത് ഓവറില്‍ 84 റണ്‍സും വിട്ടുകൊടുത്തു. 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇരുപത് സിക്്സറുകള് പൊക്കി. ക്രുണാല്‍ പാണ്ഡ്യ ആറ് ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്തു.
കുല്‍ദീപിനെയും ക്രുണാലിനെയും അവസാന മത്സരത്തില്‍ കളിപ്പിക്കാന്‍ സാധ്യതയില്ല. ഇവര്‍ക്ക് പകരം ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറും ടീമിലെത്തും. ഇന്ത്യയുടെ ബാറ്റിങ്നിര ഫോമിലാണ്. ക്യാപ്റ്റന്‍ വിരാട് കോഹ് ലി ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി കുറിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ സെഞ്ചുറി കുറിച്ച രാഹുലും ആദ്യ മത്സരത്തില്‍ 98 റണ്‍സ് നേടിയ ധവാനും മികവ് കാട്ടുമെന്നാണ് പ്രതീക്ഷ.
ഭുവശ്വേര്‍ കുമാറാണ് പേസ് നിരയെ നയിക്കുക. ഷാര്‍ദുല്‍ താക്കുറിന് വിശ്രമം നല്കിയാല് ടി. നടരാജന്് അവസരം ലഭിക്കും. മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ ഇവരില്‍ ഒരാള്‍ക്കും അവസാന ഇലവനില്‍ സ്ഥാനം ലഭിക്കും.
രണ്ടാം മത്സരത്തില്‍ വമ്പന്‍ വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്സ് ഫോം വീണ്ടെടുത്തത്് അവര്‍ക്ക് പ്രതീക്ഷ നല്കുന്നു. ഇയോന്‍ മോര്ഗന് പകരം ടീമിനെ നയിക്കുന്ന ജോസ് ബട്ലര്, ജോണി ബെയര്‍സ്റ്റോ, ജേസണ്‍ റോയ് തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: