ലോകം അറിയുന്ന സാങ്കേതിക വിദഗ്ധന്‍ ഇ. ശ്രീധരന് എന്ന മെട്രോമാന് ശ്രീധരന്റെ കര്മവൈഭവത്തിനു പിന്നില്‍ ആത്മീയ ശക്തിയുടെ കരുത്തുണ്ട്. ആ കരുത്ത് കൈവന്നത് കുഞ്ഞുന്നാളിലേ അഭ്യസിച്ച ശീലങ്ങളും പക്വമായ പ്രായത്തില്‍ സ്വീകരിച്ച മാര്‍ഗങ്ങളുമാണ്.ഇന്ന് കര്‍മ കാണ്ഡത്തിലെ പുതിയൊരു പടി കയറി തികച്ചും വേറിട്ടൊരു മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ അടുത്തറിയേണ്ടതുണ്ട് ആ വ്യക്തിത്വത്തിലെ ചില പ്രത്യേകതകള്‍.
അങ്ങയുടെ ഒരു ദിവസം എങ്ങനെ?
മുമ്പൊക്കെ രാവിലെ നാലരയോടെ ഉണരുമായിരുന്നു. കാലും കൈയും കഴുകി ശ്രീമദ് ഭാഗവതം വായിക്കും. അരമുക്കാല്‍ മണിക്കൂര്‍. ഇന്റര്‍മീഡിയറ്റുവരെ സെക്കന്‍ഡ് ലാംഗേജ് സംസ്കൃതമായിരുന്നതിനാല് വേഗം മനസിലാകും. പിന്നെ ചായ. കുറച്ചുനേരം പത്ര വായന. ചിലപ്പോള്‍ ഭാര്യയുമായി വീട്ടുവളപ്പില്‍ കുറച്ച് നടക്കും. 25 മിനിറ്റ് യോഗ ചെയ്യും. കുളി, 8.30ന് പ്രഭാതഭക്ഷണം. ഒമ്പതിന് ഓഫീസ് തുടങ്ങും. എവിടെയായാലും ഞങ്ങളുടെ ഓഫീസ് ആ സമയത്ത് തുടങ്ങും.
വൈകിട്ടും കുറച്ച് നടക്കും. കുളിച്ച് വിഷ്ണുസഹസ്രനാമം ചൊല്ലല്നിര്ബന്ധമാണ്. ഹൃദിസ്ഥവുമാണ്. പിന്നെ ഭഗവദ്ഗീതയിലെ കുറച്ച് ശ്ലോകങ്ങള്‍ വായിക്കും. അര്‍ത്ഥം മനസിലാക്കി മനസിരുത്തി വായിച്ചുപോകും.
എന്തുതരം യോഗയാണ് ചെയ്യുന്നതെന്ന് പറയാമോ?
വളരെ ചെറുപ്പത്തിലേ യോഗ തുടങ്ങിയിരുന്നു. കാക്കിനഡ എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്നകാലത്താണ് ആരംഭിക്കുന്നത്. ഞാന്‍ സ്ട്രിക്റ്റ് വെജിറ്റേറിയന്‍ ആണ്. സീനിയറായ നാലഞ്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു യോഗാഗ്രൂപ്പില് ചേര്‍ന്നു. ഗുരുവില്‍നിന്നും പഠിച്ചിട്ടൊന്നുമില്ല. ആദ്യമൊക്കെ പല ആസനങ്ങളും ചെയ്തിരുന്നു. ആഴ്ചയില്‍ മൂന്നു നാലുദിവസം കൃത്യമായി ചെയ്യാറുണ്ട്. 2000ല്‍ ഒരു ബൈപ്പാസ് സര്‍ജറി കഴിഞ്ഞു. അതിനുശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ അഞ്ചോ ആറോ ആസനങ്ങള്‍ മാത്രം. ആദ്യം പ്രാണായാമം. സമയം കിട്ടിയാല്‍ കുറച്ച് മെഡിറ്റേഷനും. തുടര്‍ന്ന് പശ്ചിമോത്തരാസനം, ഭുജംഗാസനം, വജ്രാസനം എന്നിങ്ങനെ ചിലത്. ഒന്നുരണ്ട് എക്സര്‍സൈസുകളും.
മെഡിറ്റേഷന്കൊണ്ട് ഉണ്ടായ പ്രയോജനങ്ങളെക്കുറിച്ച് പറയാമോ?
മെഡിറ്റേഷന്‍ മൂലം വലിയ ഗുണം കണ്ടിരിക്കുന്നത് മെന്റല്‍ അലര്ട്നസാണ്; ജാഗ്രത. ഓര്മ്മക്കുറവുണ്ടാവുകയില്ല.
കുട്ടിക്കാലത്ത്, വീടും അന്തരീക്ഷവുമെല്ലാം ഈശ്വരവിശ്വാസമുള്ള പശ്ചാത്തലമായിരുന്നോ?
വളരെയധികം. നേരത്തെ എണീറ്റ് കുളിച്ചിട്ടാണ് എല്ലാ കാര്യങ്ങളും തുടങ്ങുക. അച്ഛന് കുളിയൊക്കെ കഴിഞ്ഞ് ഭാഗവതം വായിക്കും. നാമം ചൊല്ലും. സന്ധ്യാസമയത്ത് കുട്ടികളെല്ലാവരും നാമം ചൊല്ലണമെന്നത് വലിയ നിര്‍ബന്ധമായിരുന്നു. എല്ലാ വിശേഷദിവസങ്ങളിലും അമ്പലത്തില്‍ പോകും. അന്ന് അത്ര അടുത്തൊന്നും അമ്പലം ഇല്ല. ഒന്നര കിലോമീറ്റര്‍ പോകണം. വൈകുന്നേരം സ്കൂള്‍ വിട്ടുവന്നാല്‍ അമ്പലക്കുളത്തില്‍ പോയി കുളിക്കും. അമ്പലത്തില്‍ പോക്കും വിളക്കുവയ്ക്കലുമെല്ലാം ചിട്ടയായി ആദ്യം മുതലേയുണ്ട്. പാലക്കാട് പഠിക്കുന്ന കാലത്ത് മണപ്പുള്ളിക്കാവിനടുത്തായിരുന്നു താമസം. എന്നും കാവില്‍ പോയി തൊഴുതിട്ടാണ് പഠിക്കാന്‍ പോയിരുന്നത്.
കുട്ടിക്കാലം മുതലേ ഭാഗവതവായന തുടങ്ങിയിരുന്നോ?
ഇല്ല. അച്ഛന് വായിച്ച് അമ്മയ്ക്ക് അര്‍ഥം പറഞ്ഞുകൊടുക്കുന്നതൊക്കെ അവധി ദിവസങ്ങളില്‍ കേട്ടിട്ടുണ്ട്. അന്നെനിക്ക് വലിയ താത്പര്യം തോന്നിയിരുന്നില്ല. പിന്നീട് ദല്‍ഹിയില്‍ മെട്രോയിലായിരിക്കുന്ന സമയത്താണ് താത്പര്യമുണ്ടാകുന്നത്. ഉദിത്ചൈതന്യയുടെ ഒരു സപ്താഹം കേള്‍ക്കാന്‍ പോയി. പോയ ദിവസം ഉദ്ധവോപദേശമായിരുന്നു. അതിന്റെ തത്ത്വം മനസ്സിലായപ്പോള്‍ ഭാഗവതം പഠിക്കാനുള്ള ആഗ്രഹമായി. അന്നുമുതല്‍ തുടങ്ങിയതാണ്. 2001ലോ 2002ലോ മറ്റോ ആണ് ഇത്.
ഇപ്പോള്‍ ഭാഗവതസപ്താഹമൊക്കെ നടത്താറുണ്ടോ?
അത്രയായിട്ടില്ല. കറുകപുത്തൂര്‍ നരസിംഹമൂര്‍ത്തിക്ഷേത്രത്തില്‍ ഭാഗവതത്തെ കുറിച്ച് പ്രഭാഷണം നടത്തി. ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റിയാണ് ഞാന്‍. എല്ലാ മാസവും പ്രഭാഷണം വേണമെന്നുള്ള നിലയ്ക്ക് ഞാന്‍ തന്നെ തുടങ്ങിവച്ചതാണ്.
ഭക്തിശാസ്ത്രമെന്ന നിലയില്‍ ഭാഗവതത്തെ എങ്ങനെയാണ് കാണുന്നത്?
ഭക്തിശാസ്ത്രം മാത്രമല്ല, അതില്‍ പല ജ്ഞാനങ്ങളുമുണ്ട്. ഈശ്വരന് എന്താണെന്ന് ഭാഗവതത്തില്‍ കൃത്യമായി വ്യക്തമാക്കുന്നു. ശരിയായ ജ്ഞാനം നമ്മുടെ കൈയില്ത്തന്നെയാണെന്നാണ് ഭാഗവതം പറയുന്നത്. പരബ്രഹ്മം നമ്മുടെയുള്ളില്ത്തന്നെയെന്ന സങ്കല്‍പ്പം കാണാം. ഭക്തിയും ജ്ഞാനവും ചേര്‍ന്ന ഗ്രന്ഥമായിട്ടാണ് ഞാന്‍ ഭാഗവതത്തെ കാണുന്നത്.
പക്ഷെ, ഭക്തിപ്രധാനമായ ഭാഗവതം പോലുള്ള ഗ്രന്ഥങ്ങള്‍ കര്മ്മവിമുഖരാക്കുന്നുവെന്ന ആക്ഷേപങ്ങളുണ്ടല്ലോ?
അങ്ങനെ പറയാന്‍ പറ്റില്ല. കാരണം ഇതില്‍ പ്രധാനമായും ശ്രീകൃഷ്ണന്റെ ജീവിതവും കാര്യങ്ങളുമല്ലേ പറയുന്നത്! അവിടെ കര്‍മ്മമല്ലേ കാര്യമായി ഉണ്ടായിരിക്കുന്നത്! ഒപ്പം ഭക്തിയും ജ്ഞാനവും കൂടി വരുന്നുണ്ടെന്നുമാത്രം. ജ്ഞാനത്തിലേക്കുള്ള മാര്‍ഗമായാണ് ഭക്തി ഇവിടെ വരുന്നതെന്നും പറയാം.
അങ്ങ് എങ്ങനെയാണ് ഭഗവദ്ഗീതയെ കാണുന്നത്?
അതൊരു ജ്ഞാനശാസ്ത്രമാണെന്ന് പറയാം. അല്ലെങ്കില്‍ കര്‍മ്മശാസ്ത്രമായിട്ടും വ്യാഖ്യാനിക്കാം. മതഗ്രന്ഥം മാത്രമായി കാണരുത്. ആര്‍ക്കുമത് ഉപയോഗിക്കാം. ഭഗവദ്ഗീത ഉണ്ടായത് 5187 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്നാണത് കുരുക്ഷേത്രത്തില്‍ നടന്നത്. ശരിക്ക് പറയുകയാണെങ്കില്‍ അതൊരു ഭരണനിര്‍വഹണ വചനാമൃതമാണ്. സാധാരണക്കാരായ നമ്മുടെ ജീവിതത്തില്‍, പ്രത്യേകിച്ച് എന്നെപ്പോലുള്ളവര്‍ക്ക്, എന്നും കര്‍മ്മം ചെയ്യുന്നവര്‍ക്ക്, വളരെ സഹായകമായ ഗ്രന്ഥമായിട്ടാണ് ഞാനതിനെ കണക്കാക്കുന്നത്. അതില്‍ ഭക്തി വളരെ കുറവാണ്. എങ്ങനെയാണ് കര്‍മ്മം ചെയ്യേണ്ടത്, കര്‍മ്മം ചെയ്താല്‍ എന്താണ് ഫലം, ഇങ്ങനെയുള്ള കാര്യങ്ങളാണ് കൂടുതലും. ഗീതയിലെ ശ്ലോകങ്ങള്‍ മനഃപാഠമാക്കിയാല്‍, ആവശ്യമുള്ള സമയത്ത് ഒരു ശ്ലോകം ചൊല്ലിയാല്‍ പ്രചോദനം തനിയെ വന്നോളും. അതാണ് ഭരണ നിര്‍വഹണ വചനാമൃതം എന്നുപറയുന്നത്. ഗീത എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
കര്‍മ്മമേഖലയില്‍ എപ്പോഴെങ്കിലും നിരാശ അനുഭവപ്പെട്ടിട്ടുണ്ടോ?
പലപ്പോഴും. പല എതിര്‍പ്പുകളും വരുമ്പോള്‍ നിരാശ വരും. അപ്പോഴൊക്കെ ഭഗവദ്ഗീതയാണ് സഹായത്തിനെത്തിയിട്ടുള്ളത്.
സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഭാഗത്തുനില്ക്കുമ്പോള് ആത്മീയതയെയും മുറുകെപ്പിടിക്കുന്നു. രണ്ടും ഒന്നിച്ച് കൊണ്ടുപോകുന്നതെങ്ങനെയാണ്?
ഒന്നിച്ചുകൊണ്ടുപോയാലേ വിജയം ഉണ്ടാവുകയുള്ളു. വെറും ടെക്നോളജി മാത്രമായാല്‍ മുഴുവന്‍ ഫലം കിട്ടില്ല. ടെക്നോളജിയുടെ കൂടെ ആത്മീയതയും ഉണ്ടങ്കിലേ ശരിക്കും സംതൃപ്തി കിട്ടൂ. ഞാന്‍ വെറുമൊരു ഒരു സിവില്‍ എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് മാത്രമാണ്. ഹയര്‍ സ്റ്റഡീസ് ചെയ്തിട്ടില്ല. മാനേജ്മെന്റ് സ്റ്റഡീസിനും പോയിട്ടില്ല. ചെയ്യുന്ന കര്‍മ്മങ്ങള്‍ എപ്പോഴും ആത്മാര്‍ത്ഥതയോടെ ചെയ്യുക. ഇനിയെന്താ വരാന്‍ പോകുന്നത് എന്നൊക്കെ ഫലം അന്വേഷിച്ച് ചെയ്യരുത്. പ്രത്യേകിച്ചൊരു റെക്കഗ്നിഷനോ റിവാര്‍ഡോ അപ്രീസിയേഷനോ നോക്കിയല്ല ചെയ്യേണ്ടത്. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ സ്വയമേവ കാര്യങ്ങള്‍ നമ്മിലേക്ക് വരും. തന്നെ വന്നോളും ഈ പറഞ്ഞ അംഗീകാരവും പുരസ്കാരവുമൊക്കെ.
കര്മ്മഫലത്തില് വിശ്വസിക്കുന്നുണ്ടോ?
ഉവ്വ്. കര്‍മ്മം ചെയ്യണം. അത് നമുക്ക് വേണ്ടിയല്ല, നാടിന്റെ ഗുണത്തിന് അല്ലെങ്കില്‍ സമൂഹത്തിനുവേണ്ടി ചെയ്യണം. അങ്ങനെ വിശ്വസിക്കുന്നൊരാളാണ് ഞാന്‍. എനിക്കുവേണ്ടി ഒരു കര്‍മ്മവും ആവശ്യമില്ല. ചെയ്യുന്നതു മുഴുവന്‍ മറ്റുള്ളവരുടെ ഉപകാരത്തിനായിരിക്കണം. യജ്ഞഭാവേന കര്‍മ്മം ചെയ്യണം. സമര്‍പ്പണമായിട്ട് കര്‍മ്മം ചെയ്യുക.
ആത്മീയതയിലേക്ക് അധികം പേരും എത്തിപ്പെടാത്തതെന്താണ്?
അത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുഴപ്പമാണ്. ആത്മീയത കുട്ടിക്കാലം മുതലേ വിദ്യാഭ്യാസത്തില്‍ ഉണ്ടാകണം. വീട്ടില്‍ അമ്മയും അച്ഛനുമൊക്കെ അതിനുള്ള അന്തരീക്ഷമുണ്ടാക്കണം. ഹയര്സ്റ്റഡീസില് ആത്മീയത ഉണ്ടാകണം. ഇതിനുള്ള പ്രചോദനം കൊടുക്കണം. ആത്മീയതയെന്നാല്‍ നല്ലമൂല്യങ്ങള്‍. നല്ല മൂല്യങ്ങള്‍ ആത്മീയതയിലൂടെയേ ലഭിക്കൂ.
അതിനനുസരിച്ചുള്ള പാഠ്യപദ്ധതികളും മറ്റും ഒരുക്കേണ്ട?
വേണ്ടതാണ്. അതിനാണ് ഞങ്ങളിപ്പോള്‍ പ്രയത്നിക്കുന്നത്. ഫൗണ്ടേഷന് ഫോര്‍ റെസ്റ്ററേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് എന്നപേരില്‍ 2008 ല്‍ തുടങ്ങിയ ഒരു സംഘടനയുടെ ഭാഗമാണ് ഞാന്‍. ഇതിന്റെ പ്രധാന ഉദ്ദേശ്യം കുട്ടികളെ ഇങ്ങനെയുള്ള നല്ല ശീലങ്ങള്‍ പഠിപ്പിക്കുകയെന്നതാണ്.
അങ്ങയുടെ ഗുരുവിനെക്കുറിച്ച് പറയാമോ?
സ്വാമി ഭൂമാനന്ദതീര്ത്ഥരാണ് എന്റെ ഗുരു. അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് 2002 മാര്‍ച്ചിലാണ്. ദല്‍ഹിയില്‍ അദ്ദേഹം വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം വരാറുണ്ടായിരുന്നു. മൂന്നോ നാലോ ആഴ്ച അവിടെ താമസിക്കും. ജ്ഞാനയജ്ഞം എന്നപേരില്‍ പ്രഭാഷണമുണ്ടാകാറുണ്ട്. അന്ന് ഞാന്‍ റെയില്‍വേയില്‍ നിന്ന് റിട്ടയര്‍ചെയ്തു; കൊങ്കണിന്റെ പണി കഴിഞ്ഞു. ദല്ഹിമെട്രോയില് ചേര്‍ന്നിരിക്കുന്ന സമയമാണ്.2003ല്‍, ഒരു സംശയം ചോദിക്കാന്‍ പോയതാണ്. സ്വാമിജി എന്നോട് ദീക്ഷയുടെ സമയമായി എന്ന് പറഞ്ഞു. 2004 ല്‍ ഞാനും ഭാര്യയും മൂന്നുദിവസം ആശ്രമത്തില്‍ താമസിച്ച് ദീക്ഷവാങ്ങി. അതിനുശേഷം ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായി. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന ബോധം. പെന്‍ഷനും വാങ്ങി വീട്ടിലിരുന്നാല്‍ മതി. പക്ഷെ, അതു പോരാ. എന്റെ എക്സ്പെര്‍ട്ടൈസും എക്സ്പീരിയന്‍സും ഒക്കെ നാടിനുവേണ്ടി പ്രയോജനപ്പെടുത്തണം. അതിനുശേഷമാണ് ഭഗവദ്ഗീത മുടങ്ങാതെ വായിക്കാന്‍ തുടങ്ങുന്നത്. സ്വാമിജിയെ പോലെ ആരുമെന്നെ ഇത്രയും സ്വാധീനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകളുടെ തിളക്കം, കാര്യങ്ങള്‍ വ്യക്തമായി പറയാനുള്ള കഴിവ് ഇതൊന്നും വേറെയാരിലും ഞാന്‍ കണ്ടിട്ടില്ല. സ്വാമിജിയുടെ വിവിധ ഭാഷകളിലെ സ്വാധീനം, കാര്യങ്ങളുടെ ചിട്ട, കൃത്യമാര്‍ന്ന അവതരണം ഇതെല്ലാമാണ് എന്നെ ആകര്‍ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: