ധാക്ക: ബംഗ്ലാദേശിലെ യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വര്‍ണജയന്തി സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വര്ഷികാഘോഷപരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിന് കൊവിഡ് വാക്സിന് നല്കാനായതില് അതീവ സന്തോഷമുണ്ട്. വാണിജ്യ വ്യവസായ രംഗങ്ങളില്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ഇന്ന് ഒരേപോലുള്ള അവസരങ്ങളുണ്ട്. അതുപോലെ ഭീകരതയുടെ കാര്യത്തില്‍ ഒരേ പോലുളള വെല്ലുവിളിയാണ് നേരിടുന്നതും.
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ബംഗ്ലാദേശുകാരുടെയും ഇന്ത്യന്‍ സൈന്യത്തിന്റെയും ചോര കൂടിക്കലര്‍ന്ന് ഒഴുകുകയാണ്. ഒരു സമ്മര്‍ദ്ദത്തിനും കീഴ്പ്പെടാത്ത ഒരു തന്ത്രത്തിനും വഴങ്ങാത്ത ബന്ധമാണ് ആ ചോരയില്‍ കെട്ടിപ്പടുത്തത്. എന്റെ ജീവിതത്തിലെ ആദ്യ സമരങ്ങളില്‍ ഒന്ന് ബംഗ്ലാദേശിനു വേണ്ടി സഹപ്രവര്‍ത്തകരും ഞാനും ചേര്‍ന്ന് നടത്തിയ സത്യഗ്രഹമാണ്. അന്ന് എനിക്ക് ഇരുപത്, ഇരുത്തിരണ്ട് വയസ് വരും. മോദി പറഞ്ഞു. ഷെയ്ഖ് മുജീബുര്‍ റഹ്മാനെ ഗാന്ധി സമാധാന സമ്മാനം നല്കി ആദരിക്കാന്‍ അവസരം ലഭിച്ചത് ഇന്ത്യക്കാര്‍ക്ക് അഭിമാനത്തിന്റെ നിമിഷങ്ങളാണ്, അദ്ദേഹം പറഞ്ഞു.
ഇന്ത്യ അയല്‍രാജ്യം മാത്രമല്ല ചരിത്രപരവും സാമൂഹ്യവും സാംസ്കാരികപരവും ഭൂമിശാസ്ത്രപരവുമായ ബന്ധമാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ളതെന്ന് ബംഗ്ലാദേശ് പ്രധാനമ്രന്തി ഷെയ്ഖ് ഹസീന പറഞ്ഞു. 71ലെ സ്വാതന്ത്ര്യ സമരകാലത്ത് ബംഗ്ലാദേശ് രൂപപ്പെടുന്നതില്‍ ഇന്ത്യയും അവിടുത്തെ ജനങ്ങളും വലിയ പങ്കാണ് വഹിച്ചത്. വലിയ ഹൃദയ വേദനയോടെയാണ് ബംഗ്ലാദേശിലെ ആ ഇരുണ്ട ദിനം, 1975 ആഗസ്റ്റ് 15, ഞാന്‍ ഓര്‍ക്കുന്നത്. അന്നാണ് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് വധിക്കപ്പെട്ടത്. പിതാവിനൊപ്പം എന്റെ മാതാവും മൂന്നു സഹോദരങ്ങളും രണ്ട് സഹോദരപത്നിമാരും പത്തു വയസുമാത്രമുള്ള സഹോദരനും അമ്മാവനും എല്ലാം പൈശാചികമായി കൊല്ലപ്പെട്ടു. അവരെല്ലാം അന്ന് രക്തസാക്ഷികളായി. അന്ന് വധത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഷെയ്ഖ് ഹസീന പറഞ്ഞു.
ഗാന്ധി സമാധാന പുരസ്കാരം ഷെയ്ഖ് മുജീബുര്‍ റഹ്മാന് നല്‍കിയതിന് അവര്‍ ഇന്ത്യയോടും നരേന്ദ്ര മോദിയോടും നന്ദി പറഞ്ഞു. ഇന്ന് ഇന്ത്യയാണ് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച വികസന പങ്കാളി. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വര്ഷികാഘോഷങ്ങളില് പങ്കെടുത്ത മോദിയോട് കൃതജ്ഞത രേഖപ്പെടുത്തുന്നു, അദ്ദേഹം പങ്കെടുത്തതോടെ ഞങ്ങള്‍ ബഹുമാനിതരായി, ഷെയ്ഖ് ഹസീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: