ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്ഥാപിച്ച ഇന്തോ-കൊറിയന്‍ സൗഹൃദ ഉദ്യാനം ഉദ്ഘാടനം ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൊറിയന്‍ ദേശീയ പ്രതിരോധ മന്ത്രി സുഹ് വൂക്കും ചേര്‍ന്നാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. 1950 ലെ കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത് ഇന്ത്യന്‍ സൈനികരുടെ സ്മരണയ്‌ക്കാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ആറ് ഏക്കറില്‍ പണികഴിപ്പിച്ചിരിക്കുന്ന പാര്‍ക്കിന്റെ പ്രവേശന കവാടം കൊറിയന്‍ മാതൃകയില്‍ നിര്‍മ്മിച്ചതാണ്. ഇരു രാജ്യങ്ങളുടേയും പതാകകള്‍ പേറുന്ന ഹസ്തദാനത്തിന്റെ മാതൃകയിലുള്ള ഒരു ശില്‍പവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊറിയയില്‍ ന്യൂട്രല്‍ നേഷന്‍സ് റീപ്പാട്രിയേഷന്‍ കമ്മീഷന്‍ ചെയര്‍മാനായി ഇന്ത്യന്‍ സംഘത്തെ നയിച്ച ജനറല്‍ കെഎസ് തിമ്മയ്യയുടെ പ്രതിമയും പാര്‍ക്കിലുണ്ട്. 1929ല്‍ കൊറിയന്‍ ദിനപത്രമായ ‘ഡോങ്എഎല്‍ബോ’ യില്‍ കൊറിയയെ ‘കിഴക്കിന്റെ വിളക്ക്’ എന്ന് പരാമര്‍ശിച്ച് രബീന്ദ്രനാഥ ടാഗോര്‍ രചിച്ച കവിതയും സ്മരകത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കരസേനയും കൊറിയന്‍ എംബസിയും കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ സംഘടനയും ചേര്‍ന്നാണ് പാര്‍ക്ക് തയ്യാറാക്കിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: