പത്തനംതിട്ട: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി ഇത് ചെയ്യുന്നതെങ്കില്‍ അദേഹം കൂടുതല്‍ ദുരന്തകഥാപാത്രമായി മാറുമെന്നും സുരേന്ദ്രന് വിമര്‍ശിച്ചു. കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
അമിതാധികാര പ്രയോഗമാണ് മുഖ്യമന്ത്രി നടത്തുന്നത്. രാജ്യത്തെ ഭരണഘടനയെ തകര്‍ത്തുകളയാം എന്ന് കരുതുന്നത് അപഹാസ്യമാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോട് വിയോജിപ്പുണ്ടെങ്കില്‍ കോടതിയില്‍ പോവുകയാണ് വേണ്ടത്. മുഖ്യമന്ത്രി സ്വയം കോമാളി വേഷം കെട്ടരുതെന്നും കെ.സുരേന്ദ്രന് പരിഹസിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളിലും അഴിമതി ആരോപണങ്ങള്‍ ഉയരുകയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് എന്‍ഫോഴ്സ്മെന്റിനെതിരെ കേസെടുത്തു. തുടര്‍ന്നാണ് മന്ത്രിസഭായോഗം ചേര്‍ന്ന് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: