സമുദ്രപാതയില്‍ ഏറ്റവും വലിയ ഗതാഗതക്കുരുക്കുണ്ടാക്കി കുടുങ്ങിക്കിടക്കുന്ന കപ്പലിലെ ജീവനക്കാര്‍ ഇന്ത്യക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ സമുദ്രപാതയാണ് സൂയസ് കനാലില്‍ തായ്വാനില് നിന്നുള്ള എവര്‍ഗ്രീന്‍ എന്ന ഭീമാകാരനായ ചരക്ക് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.
ഇതില്‍ ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും 25 ഇന്ത്യക്കാരായ ജീവനക്കാരുമുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പറയുന്നുണ്ട്. ബേണ്‍ഹാര്‍ഡ് ഷൂള്‍ട്ട് ഷിപ്പ് മാനേജ്മെന്റ് കമ്പനിയാണ് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ സര്‍വ്വീസ് നിയന്ത്രിക്കുന്നത്.
നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ വലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിച്ചെങ്കിലും നീക്കാന്‍ സാധിച്ചില്ല.
കനാലിന്റെ ഇരു വശങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലാണ് കപ്പലിന്റെ കിടപ്പ്. അതുകൊണ്ടുതന്നെ നിരവധി കപ്പലുകളാണ് ഇതോടെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. പെട്ടന്നുണ്ടായ കാറ്റിലാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നാണ് എവര്‍ഗ്രീന്‍ മറൈന്‍ മറുപടി നല്‍കുന്നത്. നിയന്ത്രണം നഷ്ടമായതോടെ ചരക്കുകപ്പല്‍ ഒരു ഭാഗത്തേയ്ക്ക് ചരിയുകയും ഒരുവശം കനാലിന്റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തിട്ടുണ്ട്.
സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ഗ്രീന്‍. കപ്പലിലെ ചരക്ക് പൂര്‍ണ്ണമായും ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കൂടാതെ കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിട്ടിയുടെ വിലയിരുത്തല്‍. 2017ല്‍ ജാപ്പനില്‍ നിന്നുള്ള കണ്ടെയ്നര്‍ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച് തിരിഞ്ഞ് നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഇത് നീക്കാന്‍ സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: