Categories: Samskriti

ദേഹമാണ് ഞാന്‍ എന്ന തന്മയീ ഭാവം

അഹങ്കാരനാശ വിവരണം

അഹങ്കാരനാശ വിവരണം

ശ്ലോകം 301

യോ വാ പുരേ സോളഹമിതി പ്രതീതോ

ബുദ്ധ്യാ പ്രക്ലപ്തസ്തമസാതി മൂഢയാ

തസൈ്യവ നിശ്ശേഷതയാ വിനാശേ

ബ്രഹ്മാത്മഭാവഃ പ്രതിബന്ധശൂന്യഃ

അറിവില്ലായ്മയാകുന്ന കൂരിരുട്ടിനാല്‍ മോഹിതമായ ബുദ്ധിയില്‍ നിന്ന് ഉണ്ടാകുന്നതാണ് അഹങ്കാരം. ഞാന്‍ ഇന്നയാളാണ് എന്ന് ദേഹാഭിമാന രൂപത്തില്‍ പ്രതീതമാകുന്നതുമാണത്. അഹങ്കാരത്തിന്റെ സമ്പൂര്‍ണ്ണനാശത്തില്‍ ബ്രഹ്മത്മഭാവം തടസ്സമില്ലാത്തതായിത്തീരുന്നു.

അവിദ്യ ബാധിക്കുന്നതിനാല്‍ ബുദ്ധി വിമൂഢമായിത്തീരും. ബുദ്ധിയുടെ ബലമേറിയ ഭാവനയില്‍ നിന്ന് ദേഹമാണ് ഞാന്‍ എന്ന തന്മയീ ഭാവം ഉണ്ടാകും. മൂഢ ബുദ്ധിക്ക് സത്യത്തെ അറിയാനാവില്ല. അത് അഹങ്കാരത്തെയുണ്ടാക്കും.

അഹങ്കാരത്തെ പൂര്‍ണമായും നശിപ്പിക്കണം. അപ്പോള്‍ താന്‍ ആത്മാവാണെന്നും ആത്മാവ് തന്നെ സര്‍വ്വവ്യാപിയായ ബ്രഹ്മമെന്നും സാധകന് അനുഭവമാകും. ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന ജീവപരയോരൈക്യ ഭാവവും ബ്രഹ്മവും ആത്മാവും ഒന്നെന്ന ബ്രഹ്മാത്മാഭാവും തടസ്സമില്ലാതെ ലഭിക്കും.

അഹങ്കാരമുള്ളിടത്തോളം ദൈ്വത പ്രതീതിയും സംസാര ദുരിതങ്ങളും അനുഭവപ്പെടും. അഹങ്കാരം നശിച്ചാല്‍ സംസാരവും നശിച്ചു. അവിദ്യയാകുന്ന തമസ്സിന്റെ ആവരണം നീങ്ങിയാല്‍ ഏകത്വ അനുഭവമായ ബ്രഹ്മാത്മഭാവം ഉണ്ടാകും. ഇത് ഇന്ദ്രിയ മനോബുദ്ധികള്‍ക്ക് അതീതമാണ്. ആത്മസ്വരൂപം കൂടുതല്‍ യഥാര്‍ത്ഥ്യമായി അനുഭവിക്കാന്‍ കഴിയണം.

അജ്ഞാന അവസ്ഥയില്‍ അഹങ്കാരം മൂലം ഞാന്‍ എന്ന തോന്നലുണ്ടായത് തീര്‍ക്കേണ്ടത് ഓരോ സാധകന്റേയും ലക്ഷ്യമാണ്. അഹങ്കാരം നിശ്ശേഷം നശിച്ചാല്‍ പിന്നെ ബ്രഹ്മാത്മബന്ധം തടസ്സമില്ലാത്തതാകും. വിപരീത ഭാവനയുള്ള കാലത്തോളം ബ്രഹ്മാത്മത്വജ്ഞാനം ഉണ്ടാകില്ല.

ശ്ലോകം 302

ബ്രഹ്മാനന്ദനിധിര്‍ മഹാബല-

വതാഹങ്കാര ഘോരാഹിനാ

സംവേഷ്ട്യാത്മനി രക്ഷ്യതേ ഗുണമയൈ-

ശ്ചണ്ഡൈസ്ത്രിഭിര്‍മസ്തകൈഃ

വിജ്ഞാനാഖ്യമഹാസിനാ-

ദ്യുതിമതാ വിച്ഛിദ്യ ശീര്‍ഷത്രയം

നിര്‍മൂല്യാഹിമിമം നിധിം സുഖകരം  

ധീരോളനുഭോക്തും ക്ഷമഃ

വളരെ ബലവാനായ അഹങ്കാര ഘോര സര്‍പ്പം ബ്രഹ്മാനന്ദമാകുന്ന മഹാനിധിയെ ചുറ്റിവരിഞ്ഞ് കൊണ്ട് കാത്ത് കിടക്കുന്നു. അതിന് ത്രിഗുണങ്ങളുടെ രൂപത്തിലുള്ള മൂന്ന് ഭീകര ഫണങ്ങളുണ്ട്. വിജ്ഞാനമാകുന്ന വാളിനാല്‍ മൂന്ന് തലകളേയും അറുത്ത് ഈ സര്‍പ്പത്തെ ഉന്മൂലനം ചെയ്യുന്ന ധീരന് മാത്രമേ ബ്രഹ്മാനന്ദനിധിയെ അനുഭവിക്കാനാവൂ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക