ഹിന്ദു ക്ഷേത്രനിര്‍മാണം ഒരു പാട് ഭാരതീയ ശാസ്ത്രങ്ങളുടെ സമന്വയത്താല്‍ നടത്തപ്പെടുന്ന ഒന്നാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് ശില്പ ശാസ്ത്രം അഥവാ വാസ്തു ശാസ്ത്രം തന്നെ.
ശില്പശാസ്ത്രത്തിന്റ അടിസ്ഥാനം നാം അധിവസിക്കുന്ന ഈ ഭൂമി തന്നെയാകുന്നു. അത് തന്നെയാണ് വാസ്തു പുരുഷ സങ്കല്‍പ്പവും. ഭൂമി മുഴുവനായും ഉള്‍ക്കൊള്ളുന്നതും എന്നാല്‍ സൂക്ഷ്മാവസ്ഥയില്‍ സൂക്ഷ്മവും ആയ ഒന്നാണിത്. പ്രസ്തുത മണ്ഡലത്തിലെ മദ്ധ്യഖണ്ഡം ഗൃഹ നിര്‍മാണത്തിന് വര്‍ജ്യവും ആ ബ്രഹ്മപദം തന്നെ ദേവാലയത്തിന് സ്വീകാര്യവുമാകുന്നു. ഇതാണ് ഏറ്റവും പ്രധാനമായ നിര്‍മാണ ഭേദം.
ഗൃഹസ്ഥാനനിര്ണയത്തിനായി സൂചിപ്പിക്കപ്പെട്ട പ്രമാണങ്ങളെന്ന പോലെ ദേവാലങ്ങള്‍ക്കും ഉചിതമായ ഭൂമിനിര്‍ണയ കല്പനയുണ്ട്. അതില്‍ പ്രധാനമായി പറയുന്നു. തീര്‍ത്ഥ സമീപമോ, നദീ തീരത്തോ, സമുദ്ര തീരത്തോ, നദികള്‍ ചേരുന്നിടത്തോ, പര്‍വതത്തിന്റ മുകളിലോ, താഴ്വര പ്രദേശത്തോ, വനങ്ങളിലോ, ഉപവനങ്ങളിലോ, ഉദ്യാനത്തിലോ, മുനി വാടങ്ങളിലോ, ഗ്രാമത്തിലോ, രാജധാനി നഗരത്തിലോ, തുറമുഖനഗരത്തിലോ, മറ്റു മനോഹരമായ പ്രദേശത്തോ, ദേവതാ സാന്നിധ്യമോ സങ്കല്പമോ ഉള്ള ഇടത്തോ ദേവാലയത്തിന് വേണ്ടി സ്ഥാനം കല്പിക്കാവുന്നതാണ്.
ഈ ഭൂപ്രദേശങ്ങളില്‍ ദേവന്മാര്ക്ക് യോജിച്ച വിധമുള്ള സ്ഥാനങ്ങളില്‍ ക്ഷേത്രം കല്പ്പിക്കണം. ഭൂമിയെ നിരപ്പാക്കി ദിക്നിര്‍ണയം നടത്തി ഭൗതികമായും, തന്ത്രശാസ്ത്രപരമായും ശുദ്ധി ചെയ്ത് വാസ്തുപൂജയും വാസ്തുബലിയും ചെയ്ത് സ്വീകരിക്കണം. അനന്തരം ബ്രഹ്മപദത്തില്‍ കുഴിയെടുത്തു ആധാരശില മുതലായ ഷഡാധാരങ്ങളെ വിധിയാം വണ്ണം കല്പ്പിച്ചു, ഉറപ്പിച്ചു യോഗനാളത്തിന്റ അഗ്രഭാഗം മാത്രം കാണുന്ന വിധം നിരപ്പാക്കി തറയെ ചെയ്തുകൊള്ളണം.
ഇതിന് ശേഷം ഗര്ഭന്യാസമാണ്. ഗര്‍ഭഗൃഹ ഭിത്തിനിര്‍മാണം ആരംഭിക്കുന്നതിനു മുന്‍പ് കട്ടിലക്കാലിനടിയില് ഇത് സ്ഥാപിക്കണം. തുടര്‍ന്നാണ് ശ്രീകോവിലിന്റെയും ഗര്‍ഭഗൃഹത്തിന്റെയും നിര്‍മാണം ആരംഭിക്കുന്നത്. ചിലപ്പോള്‍ ശ്രീകോവില്‍ തന്നെ ഗര്ഭഗൃഹമായും വരാം. പല നിലകളോടും കൂടിയതും, ഭിന്നമായ ആകൃതികളുള്ളതുമായ ശ്രീകോവിലുകള്‍ നിര്‍മിക്കുക പതിവാണ്. ചതുരം, വൃത്തം, അഷ്ടഭുജം, ഷഡ്കോണ്‍, ഗജപൃഷ്ഠം, കുക്കുടാണ്ഡം, എന്നിവയാണ് സാധാരണമായി നിര്‍മാണത്തില്‍ കണ്ടു വരുന്ന ആകൃതികള്‍. ഇതില്‍ തന്നെ വൃത്തവും ചതുരവുമാണ് കൂടുതലായും കണ്ടു വരുന്നത്.
സ്ഥപതി ആദ്യം ക്ഷേത്രനിര്‍മാണത്തിനായി ദേവനു യോജിച്ച ദിക്കും ആകൃതിയും കല്പ്പിച്ചു പ്രാസാദ വിസ്താരം നിശ്ചയിക്കണം. ദിക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗണിത ക്രമ നിര്‍ണയം ചെയ്യേണ്ടത്. കിഴക്കോട്ട് ദര്ശമമുള്ള ക്ഷേത്രങ്ങള്‍ക്ക് വൃഷഭയോനിയും പടിഞ്ഞാട്ട് എങ്കില്‍ ധ്വജയോനിയും ആണ് സ്വീകരിക്കുക. മറ്റുള്ള ദിക്കെങ്കില്‍ അതിനനുസരിച്ചുള്ള യോനി സ്വീകരിക്കണം. ഈ യോനിപ്പൊരുത്തം ക്ഷേത്ര നിര്‍മാണത്തിലെ എല്ലാ പ്രധാന അവയവങ്ങള്‍ക്കും ബാധകമാകുന്നു. പ്രതിഷ്ഠാ ബിംബം പോലും യോനിപ്പൊരുത്തത്തോട് കൂടിയതാവണം.
തറ ഉള്‍പ്പെടെയുള്ള പ്രാസാദത്തെ മാനവ ശരീര കല്പന ചെയ്തെങ്കില്‍ അതിന്റെ ശിരോഭാഗം അഥവാ ചന്ദ്ര മണ്ഡലമാണ് ശ്രീകോവിലും ഗര്‍ഭഗൃഹവും. ചെറിയ പ്രാസാദങ്ങള്‍ ഒഴിച്ചു മറ്റുള്ളവക്ക് ഗര്‍ഭഗൃഹം ശ്രീകോവില്‍ തറയില്‍ നിന്ന് അല്പം ഉയര്‍ന്നാണ് ഇരിക്കുക. ഈ തറയാവട്ടെ പടി, ഗളം, കുമുദം, ജഗതി, പാദുകം തുടങ്ങിയ പഞ്ചവര്ഗങ്ങളോട് കൂടിയതുമാകുന്നു. ഇതിന്റെ അംശക്രമവും വിന്യാസവും ഗണിതക്രമത്തില്‍ പ്രാധാന്യത്തോട് കൂടി തന്നെയാകയാല്‍ അലങ്കാരം എന്നതിനുപരി അവയവ കല്പന കൂടിയാകുന്നു.
ഈ പ്രാസാദത്തറയുടെ ഉപരിതലത്തിലായാണ് സോമമണ്ഡല സ്ഥാനമായ ശ്രീകോവില്‍ പണിയേണ്ടത്. ശ്രീകോവിലും ഗര്‍ഭഗൃഹവും പ്രത്യേകം ഉണ്ടെങ്കില്‍ ഇവകള്‍ തമ്മിലുള്ള അന്തരം ഇടനാഴിയാക്കി പണിയുകയാണ് പതിവ്. ചെറിയതെങ്കില്‍ ഈ ഇടനാഴിക്കു പകരം അത്ര തന്നെ വിസ്താരമുള്ള ഗര്‍ഭഗൃഹ ഭിത്തി പണിയുകയുമാവാം. ഗര്‍ഭഗൃഹത്തിന്റെ ഉള്ചുറ്റിനും ശ്രീകോവില്‍ പുറംചുറ്റിനും ആണ് നിര്‍മ്മാണത്തില്‍ അളവിന്റെ പ്രാധാന്യമുള്ളത്.
കൃഷ്ണശില തുടങ്ങിയ ദ്രവ്യങ്ങളാല്‍ നിര്‍മിക്കുന്ന ഭിത്തിയില്‍ കല്ലുത്തരം തുടങ്ങിയ അലങ്കാരങ്ങള്ക്കുപരിയായി ഉത്തരത്തെ കല്പിക്കുന്നു. അതിനു മുകളിലായാണ് കിരീടകല്പനയിലുള്ള മേല്‍ക്കൂരയും അതിനുമുപരിയായാണ് താമരപ്പൂമൊട്ടിന്റ ആകൃതിയില്‍ ഉള്ള താഴികക്കുടവും സ്ഥാപിക്കേണ്ടത്. ഇതെല്ലാം തന്നെ ഭാരതീയ യോഗ തന്ത്ര ശാസ്ത്രങ്ങളുടെ നിഗൂഢ തത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാകുന്നു.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: