അഹന്താനിന്ദ തുടരുന്നു
ശ്ലോകം 299
യാവത് സ്യാത് സ്വസ്യ സംബന്ധോള –
ഹങ്കാരേണ ദുരാത്മനാ
താവന്ന ലേശമാത്രാപി
മുക്തി വാര്‍ത്താ വിലക്ഷണാ
അധമമായ അഹങ്കാരവുമായി അല്പമെങ്കിലും ബന്ധമുള്ള കാലത്തോളം മുക്തിയുടെ വാര്‍ത്ത പോലും കേള്‍ക്കാനാവില്ല.
നമ്മുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് തികച്ചും വിലക്ഷണമാണ് മുക്തി. നമ്മുടെ ഉള്ളില്‍ മറ്റ് വല്ല സങ്കല്പവുമുള്ള കാലത്തോളം മുക്തി സാധ്യമല്ല. മറ്റുള്ള ചിന്തകള്‍ക്ക് ഇടം നല്‍കാതെ പൂര്‍ണ്ണമനസ്സോടെ പ്രയത്നിച്ചാല്‍ മുക്തി ലഭിക്കും. മനസ്സ് മുഴുവനായും മുക്തി എന്ന ലക്ഷ്യത്തിലേക്ക് തിരിക്കണം.
അഹങ്കാരം എല്ലാ ബന്ധനങ്ങള്‍ക്കും കാരണമായതിനാല്‍ അത് വെടിയുക തന്നെ വേണം. ദുഷ്ട സ്വഭാവമുള്ള അഹങ്കാരവുമായി ബന്ധമുള്ള കാലത്തോളം ആനന്ദ സ്വരൂപമായ മുക്തിയുടെ വാര്‍ത്ത അല്പം
പോലും ഉണ്ടാകില്ല. മുക്തന് അഹങ്കാരമുണ്ടാകില്ല. അഹങ്കാരമുള്ളയാള് മുക്തനുമല്ല.
ശ്ലോകം 300
അഹങ്കാരഗ്രഹാന്മുക്തഃ
സ്വരൂപമുപപദ്യതേ
ചന്ദ്രവത് വിമലഃ പൂര്‍ണ്ണഃ
സദാനന്ദഃ സ്വയം പ്രഭഃ
ഗ്രഹണത്തില്‍ നിന്ന് മുക്തനായ ചന്ദ്രനെപ്പോലെ അഹങ്കാരത്തില്‍ നിന്ന് മുക്തനായ സാധകന് വിമലവും സദാനന്ദവും സ്വയം പ്രഭയുമായ സ്വരൂപത്തെ പ്രാപിക്കുന്നു. അഹങ്കാരത്തില്‍ നിന്ന് മുക്തരാവുകയാണ് വേണ്ടത്. അഹങ്കാര മുക്തരായവര്‍ തന്റെ യഥാര്‍ത്ഥ സ്വരൂപമായ ആത്മാവിനെ സാക്ഷാത്കരിക്കും.
139ാമത്തെ ശ്ലോകത്തില്‍ രാഹുരിവാര്ക്കബിംബം എന്ന് പറഞ്ഞ ഉദാഹരണത്തിന്റെ ലക്ഷ്യാര്‍ത്ഥത്തെ ഇവിടെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്. ശരീരവും അതുമായുള്ള തന്മയീഭാവവും പരമാത്മാവിനെ മറയ്ക്കുന്നു. ഗ്രഹണ സമയത്ത് രാഹുചന്ദ്രനെ മറയ്ക്കുന്നതു പോലെയാണിത്.
അനാത്മ വസ്തുക്കളായ ശരീരം മുതലായവയുമായ താദാത്മ്യത്തെ, അഹംഭാവത്തെ നീക്കിയാല്‍ പരമാത്മാവ് സ്വമഹിമയില്‍ വിരാജിക്കും. ഗ്രഹണം കഴിഞ്ഞാല്‍ ചന്ദ്രന് പൂര്‍ണ്ണ ശോഭയോടെ പ്രകാശിക്കുന്നത് കാണാം. അഹങ്കാരത്തില്‍ നിന്ന് വിടുതല്‍ നേടിയാല്‍ അവനവന്റെ ആത്മസ്വരൂപത്തെ അനുഭവിക്കാം. അത് തന്നെയാണ് മോക്ഷം.
അഹങ്കാരത്തിന്റെ പിടിയില്‍ നിന്ന് മോചിതനായാല്‍ ഗ്രഹണം കഴിഞ്ഞ ചന്ദ്രനെപ്പോലെ ശുദ്ധനും പൂര്‍ണ്ണനും നിത്യ സുഖ സ്വരൂപനും സ്വയം പ്രകാശമായ പരമാത്മാ സ്വരൂപത്തെ പ്രാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: