ദോഹ: രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. വൈകിട്ട് 7.15 നാണ് കിക്കോഫ്.യൂറോസ്പോര്ടില് തത്സമയം കാണാം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ടീമിലില്ല. കൊവിഡ് ബാധിച്ച അദ്ദേഹം നാട്ടില്‍ ചികിത്സയിലാണ്.
യുവാക്കള്‍ക്ക് മുന്‍തൂക്കമുള്ള ടീമിനെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. ടീമിലെ കളിക്കാരുടെ പ്രായം ശരാശരി 24 വയസിന് തൊട്ടു മുകളിലാണ്. 2019 നവംബറിനുശേഷം ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണിത്.
യുവ താരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനായി ഏറെ അവസരങ്ങള്‍ നല്‍കുമെന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞു. സുനില്‍ ഛേത്രിയുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും. എന്നാല്‍ 2019 ല്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഛേത്രിയെ കൂടാതെ കളിച്ച ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവച്ച അമരീന്ദര്‍ സിങ്, ചിങ്ല്സന സിങ്, റൗളിന് ബോര്‍ഗസ്, ലാലിയന്‍സുല ചങ്തെ, ബിപിന്‍ സിങ് തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമലുണ്ട്. പരിചയ സമ്പന്നരായ സന്ദേശ് ജിങ്കാന് , ഗുര്‍പ്രീത് , അനിരുദ്ധ ഥാപ്പ ,മലയാളിയായ ആഷിഖ് കുരുണിയന് എന്നിവരാണ് ടീമിന്റെ കരുത്ത്.
ഒമാന്‍ ശക്തമായ ടീമാണ്. 2019 ല്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ട് മത്സരങ്ങളിലും ഒമാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഫിഫ റാങ്കിങ്ങില്‍ 81-ാം സ്ഥാനക്കാരാണ് ഒമാന്‍. അതേസമയം ഇന്ത്യ 104-ാം സ്ഥാനത്താണ്. ഈമാസം 29 ന് നടക്കുന്ന രണ്ടാമത്തെ സൗഹൃദ മത്സരത്തില്‍ ഇന്ത്യ യുഎഇയുമായി മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: