ശ്ലോകം 295
വികാരിണാം സര്വ്വവികാരവേത്താ
നിത്യോളവികാരോ ഭവിതും സമര്ഹതി
മനോരഥസ്വപ്നസുഷുപ്തിഷു സ്ഫുടം
പുനഃപുനര്ദൃഷ്ടമസത്ത്വമേതയോഃ
നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സ്വഭാവമുള്ള വസ്തുക്കളുടെ എല്ലാ മാറ്റങ്ങളേയും അറിയുന്നയാള്‍ മാറ്റമില്ലാത്തവനായിരിക്കും. അയാളെ അവികാരി എന്ന് പറയാം. സ്ഥൂല സൂക്ഷ്മ ശരീരങ്ങളുടെ അസ്തിത്വം വീണ്ടും വീണ്ടും മനോരഥസ്വപ്ന സുഷുപ്തികളില്‍ വ്യക്തമായി കാണാം.
വികാരം എന്നാല്‍ മാറ്റം എന്നര്‍ത്ഥം. ദേഹം മുതലായ സകല വസ്തുക്കളും മാറ്റമുള്ളവയും നാശമുള്ളവയുമാണ്.
മാറ്റങ്ങളെ അറിയുന്നയാള്‍ മാറ്റമില്ലാത്തവനാകണം. അറിയുന്നയാള്‍ നിത്യനും അവികാരിയുമാകണം. വികാരങ്ങളെക്കുറിച്ചുള്ള അറിവ് വികാരങ്ങള്‍ക്ക് അതീതമാകണം. ശരീരം മനസ്സ് ബുദ്ധി എന്നിവയെല്ലാം മാറ്റമുള്ളവയാണ്. മാറ്റങ്ങളെ അറിയുന്ന ദ്രഷ്ടാവ് മാത്രമാണ് മാറാതെ നില്‍ക്കുന്നത്. മാറ്റങ്ങളെക്കുറിച്ചുള്ള അറിവിന് മാറ്റമില്ല. പരിണാമരഹിതമായ സത്യവസ്തു നല്ല ഉറക്കത്തില്‍ പോലുമുണ്ട്. അതിനാല്‍ അത് നിത്യമാണ്.
നാം എപ്പോഴും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങളെ ദൃശ്യങ്ങളെന്ന് പറയുന്നു. അതിനാല്‍ അവ സത്യമല്ല. മനോരഥം, സ്വപ്നം, സുഷുപ്തി എന്നിവയെ പരിശോധിച്ചാല്‍ അവയുടെ മിഥ്യാത്വം ബോധ്യപ്പെടും.
മനോരാജ്യം കണ്ടിരിക്കുമ്പോള്‍ മഴയോ ചൂടോ ഒന്നുമറിയില്ല. സ്വപ്നത്തില്‍ അതിലെ വസ്തുക്കളില്‍ അഭിമാനിക്കുന്നുണ്ടെങ്കിലും സാക്ഷി വേറെയാണ്.
സ്വപ്നം കാണുമ്പോള്‍ ജാഗ്രത്തിലെ ശരീരം ഉള്‍പ്പടെ ഒന്നും അനുഭവിക്കാനാവില്ല. സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നാല്‍ സ്വപ്നദേഹവും ഉണ്ടാകില്ല.
ഇവയില്‍ ഏതെങ്കിലും ശരീരം സത്യമാണെന്ന് പറയാനാവില്ല. ഈ രണ്ടു ശരീരങ്ങളും സത്യമല്ല. സുഷുപ്തിയില്‍ രണ്ടു ശരീരങ്ങളുടേയും അനുഭവമില്ല. അതു കൊണ്ട് അവ സത്യമല്ല.
മാറ്റമുള്ളവയൊന്നും സത്യമല്ല. ജാഗ്രത്, സ്വപ്ന, സുഷുപ്തി അവസ്ഥകളെ പരിശോധിച്ചാല്‍ സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങളൊന്നും തന്നെ സത്യമല്ലെന്ന് വ്യക്തമാകും. സത്യം മൂന്ന് കാലങ്ങളിലും ഒരു മാറ്റവുമില്ലാതെ നില്‍ക്കുന്നത്. “ത്രികാല അബാധിത വസ്തു “ ആണത്. ഭൂതകാലത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും എന്നും അത് ഒരു പോലെയായിരിക്കും.
ജാഗ്രത്, സ്വപ്നം സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളിലും സാക്ഷിയായി മാറ്റമില്ലാതെ നില്‍ക്കുന്നത് നിത്യനും ഏകനുമായ ആത്മാവാണ്. അതാണ് എല്ലാം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: