വിശ്വസ്തനെന്നും വിശുദ്ധനെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ച് പ്രസ്താവിച്ച, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപാടുകളെക്കുറിച്ച്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധങ്ങളെക്കുറിച്ച്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെക്കുറിച്ച് സ്വപ്ന പ്രഭാ സുരേഷ് എന്ന സ്വപ്ന സുരേഷ്, 2020 നവംബര്‍ 10 ന്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ നല്കിയ മൊഴിയില്‍ പറയുന്നതിങ്ങനെ:
(സ്വപ്നയും ശിവശങ്കറും തമ്മലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍)
- കേശവദാസ് അമേരിക്കയിലുള്ള വ്യവസായിയാണ്. അദ്ദേഹത്തിന് എയര്‍ വി ലാബ് എന്ന കമ്പനിയുണ്ട്. ശിവശങ്കറിന്റെ ഉറ്റ ചങ്ങാതിയാണ്. അവരുടെ ഉല്‍പ്പന്നം യുഎഇ വിപണിയില്‍ വില്‍ക്കുന്നതിന് ബിസിനസ് ഇടപാടുണ്ടാക്കാന് യുഎഇ കോണ്‍സല്‍ ജനറലിനെ കാണാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് ശിവശങ്കര്‍ പറഞ്ഞു. അങ്ങനെ എയര്‍ വി ലാബിന്റെ പ്രതിനിധിയായ ചിന്മയിയും തിരുവനന്തപുരം ടെക്നോ പാര്‍ക്ക് സിഇഒ: ഗോപിനാഥും ചേര്‍ന്ന് കോണ്‍സല്‍ ജനറലിനെ വീട്ടില്‍ പോയി കണ്ടു. ശിവശങ്കറിന് എയര്‍ വി ലാബില്‍ നേരിട്ടല്ലാതെ പ്രതിനിധിവഴി പങ്കാളിത്തമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കേശവദാസിന് അറിയാം. ചാറ്റില്‍ ഞങ്ങള്‍ തമ്മില്‍ പറഞ്ഞ യുഎഇ ഇടപാട് ഇതെക്കുറിച്ചാണ്.
- സ്പ്രിങ്കളര്‍ ഇടപാട് ഐടി സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ്. അമേരിക്കന്‍ കമ്പനിയുമായി കൊവിഡ് കാലത്ത് കേരള സര്‍ക്കാര്‍ ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പങ്കുവെക്കുന്നതായിരുന്നു വിഷയം. അതിന്റെ ഇടപാടുകാര്‍ ആരാണെന്നത് അദ്ദേഹത്തിന് മാത്രമേ അറിയൂ. പക്ഷേ ആ ഇടപാടില്‍ കൈയോടെ പിടിക്കപ്പെടുമെന്ന് നല്ല ഭയമുണ്ടായിരുന്നു.
- എസ്ബിഐയില്‍ ബാങ്ക്ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. അതിലെ നിക്ഷേപവും പിന്‍വലിക്കലും സംബന്ധിച്ച എല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി, കരാറുകാരായ യുണിടാക് കമ്പനിയില്‍നിന്ന് എനിക്ക് കോഴ ലഭിച്ച കാര്യം ശിവശങ്കറിന് അറിയാമായിരുന്നു. അതിനാല്‍ കൂടുതല്‍ അതില്‍ ഇടപെടേണ്ടെന്ന് എന്നോട് പറഞ്ഞു. കാരണം, ഞാന്‍ കുടുങ്ങിയാല്‍ അദ്ദേഹവും അപകടത്തിലാകുമെന്ന് അറിയാമായിരുന്നു.
- ലൈഫ് മിഷനും കെ ഫോണും സംബന്ധിച്ച് വിവരങ്ങള്‍ അദ്ദേഹം കൈമാറിയിരുന്നു. ലൈഫ് മിഷന് ക്വട്ടേഷന്‍ കാര്യം പെന്നാര്‍ ഇന്‍ഡസ്ട്രീസിനും മിറ്റ്സുമി ഹൗസിങ് കമ്പനിക്കും കൈമാറി. പ്രതിഫലം സംബന്ധിച്ചും ഫോണില്‍ ചര്‍ച്ച നടത്തി. കെ ഫോണ്‍ കാര്യങ്ങള്‍ നോക്കിയിരുന്നത് ഭാരത് ഇലക്ട്രിക്സ് ആണ്. എന്നാല്‍ എല്ലാ കാര്യവും കൈകാര്യം ചെയ്തിരുന്നത് ബെംഗളൂരുവിലെ എസ്ആര്‍ഐടി ഇന്ത്യ എന്ന കമ്പനിയാണ്. എസ്ആര്‍എടിയുമായി ചില ഉപകരാറുകള്‍ സംബന്ധിച്ചും പ്രതിഫലത്തെക്കുറിച്ചും ചര്‍ച്ച നടത്തി.
- കൊച്ചിയിലെ സ്മാര്‍ട് സിറ്റി പ്രോജക്ട് വൈകാന്‍ കാരണം അറിയില്ല. എനിക്ക് അതിലെ പങ്കാളിത്തം ദുബൈ സ്മാര്‍ട്സിറ്റി പ്രോജക്ടിലെ ഡയറക്ടര്‍മാരെയും കേരള മുഖ്യമന്ത്രിയേയും എം. ശിവശങ്കറിനേയും യുഎഇ കോണ്‍സല്‍ ജനറല്‍ വഴി ബന്ധിപ്പിച്ചു കൊടുക്കുക മാത്രമായിരുന്നു. അതില്‍നിന്ന് എനിക്ക് ലാഭം ഒന്നും കിട്ടിയില്ല, സല്‍പ്പേരുമാത്രം.
- തിരുവനന്തപുരം ടെക്നോ പാര്‍ക്കിനടുത്താണ് ടൗറസ് ഡൗണ്‍ പദ്ധതി. അമേരിക്കന്‍ കമ്പനിയായ ടൗറസ് ഇന്‍വസ്റ്റ്മെന്റ് ഹോള്‍ഡിങ്സും ബെംഗളൂരുവിലെ എംബസി ഗ്രൂപ്പും കൊച്ചിയിലെ അസറ്റ് ഹോംസും പങ്കുചേര്‍ന്നുള്ളതാണ്. ടൗറസിലെ ഒരു ഡയറക്ടര്‍ കൈലാസ് ചന്ദ്ര ജോഷിയുമായാണ് ശിവശങ്കറിന്റെ ബന്ധം.
- യുഎഇ കോണ്‍സുലേറ്റില്‍ എന്തു നടന്നാലും ശിവശങ്കറിന്റെ സംഘത്തിനറിയാമായിരുന്നു. സ്വര്‍ണക്കടത്തും ഇലക്ട്രോണിക്സ് സാധനങ്ങളുടെ കടത്തും ഉള്‍പ്പെടെ കോണ്‍സല്‍ ജനറല്‍ ഖാലിദ് അറിഞ്ഞു നടന്ന എല്ലാ ഇടപാടുകളും ശിവശങ്കറും അറിഞ്ഞു. സ്വര്‍ണക്കടത്തിലൂടെ ഞാന്‍ പണമൊന്നും ഉണ്ടാക്കിയിട്ടില്ല. പണമിടപാടു മുഴുവന്‍ സരിത്താണ് ചെയ്തത്.
- മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു ശിവശങ്കറിന്റെ ടീം. അവരുടെ പേരുകള്‍ എനിക്കറിയില്ല. സി.എം. രവീന്ദ്രന്, പുത്തലത്ത് ദിനേശ്, ഷാജി ഗോപിനാഥ് (സ്റ്റാര്‍ട് അപ് മിഷന് സിഇഒ), റെസി ജോര്‍ജ് എന്നിവരുടെ പേരുകള്‍ കേട്ടിട്ടുണ്ട്.
- ശിവശങ്കറും യുണിടാക് എംഡി. സന്തോഷ് ഈപ്പനും തമ്മില്‍ എത്രവട്ടം കൂടിക്കണ്ടിട്ടുണ്ടെന്ന് അറിയില്ല. അവര്‍ ഫോണിലും വാട്സ്ആപ്പിലും നിരന്തര സമ്പര്‍ക്കത്തിലായിരുന്നു. എന്റെ സഹായത്തോടെ സന്തോഷ് ഈപ്പനെ വിവിധ ലൈഫ് പദ്ധതികളിലും കെ ഫോണ്‍ പദ്ധതിയിലും ഉള്‍പ്പെടുത്താന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നു. ഒരു കോടി രൂപ ഖാലിദ് എനിക്ക് കൈമാറി, അത് വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്റ്- ലൈഫ് മിഷന് പദ്ധതിയില്‍ ശിവശങ്കറിനുള്ള കോഴയായിരുന്നു. അത് പിന്നീട് ഫെഡറല്‍ ബാങ്കിന്റെ ലോക്കറില്‍നിന്ന് എന്‍ഐഎ പിടിച്ചെടുത്തു.
- വിദേശത്തുനിന്ന് എനിക്ക് ചരക്കു വന്നപ്പോള്‍ കൈപ്പറ്റാന്‍ മൂന്നോ നാലോ തവണ ശിവശങ്കര്‍ എയര്‍പോര്‍ട്ട്-കസ്റ്റംസ് അധികൃതരുമായി സംസാരിച്ചു. എനിക്ക് സാമ്പത്തികമായി സഹായമൊന്നും ഉണ്ടായിട്ടില്ല.
- ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണോ പ്രവര്‍ത്തിച്ചിരുന്നതെന്ന് എനിക്ക് ഉറപ്പില്ല. – നയതന്ത്ര ബാഗുകള്‍ വഴി സ്വര്‍ണം കടത്തുന്ന സംഘത്തെ ഞാന്‍ സഹായിച്ചിരുന്നത് ശിവശങ്കറിന് അറിയാമായിരുന്നു.
2020 ഡിസംബര്‍ 14 ന് സ്വപ്ന നല്കിയ മൊഴിയില്‍നിന്ന്
സ്വയം വിരമിച്ച ശേഷം എയര്‍ വി ലാബില്‍ പങ്കുചേര്‍ന്ന് ഗള്‍ഫില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചതായി ശിവശങ്കര്‍ പറഞ്ഞിരുന്നു. അതിന് എയര്‍ വി ലാബിനെ കേരളത്തിലെ സ്റ്റാര്‍ട് അപ്പ് ആയി രജിസ്റ്റര്‍ ചെയ്യുന്ന കാര്യം പറഞ്ഞു. അമേരിക്കയിലേതിനേക്കാള്‍ ചെലവു കുറച്ച് ഇവിടെ ഇലക്ട്രോണിക് സാധനങ്ങള്‍ നിര്‍മിക്കുകയായിരുന്നു പദ്ധതി. നയതന്ത്ര മാര്‍ഗം ഈ വസ്തുക്കള്‍ അയയ്ക്കാനായിരുന്നു പരിപാടി. കോണ്‍സല്‍ ജനറലുമായി പങ്കാളിത്ത ഇടപാടായിരുന്നു ആലോചന.
- ശിവശങ്കറിന് എയര്‍ വി ലാബ്സ്, കൊകോണിക്സ് ലാപ്ടോപ്, ജന്‍ റോബോട്ടിസക്സ് തുടങ്ങിയവയില്‍ ഓഹരി ഉണ്ട്. അതിനാലാണ് എന്നോട് ഏതെങ്കിലുമൊന്നില്‍ ചേരാന്‍ പറഞ്ഞത്.
ഡിസംബര്‍ 15 ന് സ്വപ്ന ഇ.ഡിക്ക് നല്കിയ മൊഴിയില്‍നിന്ന്
ലഫീര്‍ എന്നയാള്‍, (ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റില്‍ പറയുന്ന) പൊന്നാനിക്കാരനായ, ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളേജ് ഉടമയാണ്. ലഫീറിനേയും ഒരു കിരണിനേയും എനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറും കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമാണ്. ഈ കോളേജിന്റെ ഒരു ശാഖ ഷാര്‍ജയില്‍ തുടങ്ങാന്‍ ആഗ്രഹിച്ച് സ്പീക്കര്‍, അതിന് ഷാര്‍ജയില്‍ സ്ഥലം അനുവദിക്കാന്‍ ഷാര്‍ജ ഭരണാധികാരിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശ്രീരാമകൃഷ്ണനും ശിവശങ്കറും മറ്റും എന്നോട് ഷാര്‍ജയിലേക്ക് താമസം മാറ്റി അവരുടെ ബിസിനസ് ഇടപാടുകള്‍ നോക്കാനാവശ്യപ്പെട്ടു. ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരം ഞാന്‍ 2018 ഏപ്രിലില്‍ ഞാന്‍ സ്ഥലം കാണാന്‍ പോയി. ഒമാന്‍കാരനായ ഖാലിദ് എന്നയാളെ കണ്ടു. അവിടെ ഫ്രാന്‍സില്‍നിന്ന് ആ സമയം ശിവശങ്കറുമെത്തി. ഞങ്ങള്‍ ഒന്നിച്ചാണ് ഖാലിദിനെ കണ്ടത്.
- ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരത്തുവന്നപ്പോള്‍ യുഎഇ കോണ്‍സല്‍ ജനറലിനോട് അദ്ദേഹത്തെ കാണാന്‍ അവസരമൊരുക്കണമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടു. കോവളം ലീലാ പാലസില്‍ കൂടിക്കാഴ്ച ഒരുക്കി. കോളേജിന് സ്ഥലം അനുവദിക്കാമെന്ന് അവിടെവെച്ച് വാക്കാല്‍ ഉറപ്പു നേടി. ശ്രീരാമകൃഷ്ണന് ഷാര്‍ജയില്‍ വന്ന പല സമയത്തും അവിടത്തെ വിവിധ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് ഇതിന് തുടര്‍ അന്വേഷണം നടത്തിയിരുന്നതായി എന്നോട് പറഞ്ഞിട്ടുണ്ട്.
- മിഡില്‍ ഈസ്റ്റില്‍ ബിസിനസ് ലോകം വളര്‍ത്തണമെന്നും അതിന്റെ മേല്‍നോട്ടത്തിന് ഞാന്‍ ഉണ്ടാകണമെന്നും ശ്രീരാമകൃഷ്ണന് പലവട്ടം പറഞ്ഞിട്ടുണ്ട്.
- ശിവശങ്കറും കോണ്‍സല്‍ ജനറലും ഖാലിദും ചില കള്ളക്കടത്തിടപാടുകളില്‍ പെട്ടിട്ടുണ്ടെന്ന സരിത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു മദ്യപാന പാര്‍ട്ടിയില്‍, ഖാലിദ് പറഞ്ഞിട്ടുണ്ട്, നയതന്ത്ര മാര്‍ഗത്തില്‍ കള്ളക്കടത്ത് നടക്കുന്നുവെന്ന്. ഖാലിദും കോണ്‍സല്‍ ജനറലും തിരുവനന്തപുരത്ത് ജോലിചെയ്യും മുമ്പ് വിയറ്റ്നാമില്‍ യുഎഇ മിഷനില്‍ ഒന്നിച്ചുണ്ടായിരുന്നു. കിലോയ്ക്ക് 1000 അമേരിക്കന്‍ ഡോളര്‍ കോണ്‍സുല്‍ ജനറലിന് നല്കി സ്വര്‍ണക്കടത്ത് നടത്താന്‍ കഴിയുന്നവരെ കണ്ടെത്താന്‍ സരിത്തിനോട് ഖാലിദ് പറഞ്ഞു. ഒപ്പം സമാന്തരമായി കള്ളക്കടത്തിന് സരിത്തിനോട് ഖാലിദ് നിര്‍ദേശിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാം സരിത്തിന്റെ തലയിലാക്കാനുള്ള പദ്ധതിയായിരുന്നു അത്. മൂന്ന് സ്ത്രീകള്‍ പല സമയത്ത് യുഎഇയില്‍നിന്ന് വരികയും അവരുടെ പെട്ടികള്‍ അതിവേഗം ക്ലിയര്‍ചെയ്ത് കോണ്‍സല്‍ ജനറലിന് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെട്ടികള്‍ക്ക് അസാധാരണ കനമായിരുന്നു. ഇക്കാര്യം ഞാന്‍ ശിവശങ്കറിനോട് പറഞ്ഞു, അപ്പോള്‍ വൈകാതെ എനിക്ക് ബെംഗളൂരുവില്‍ വേറൊരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞു. കാര്‍ഗോയില്‍ എപ്പോള്‍ ചരക്കു വന്നാലും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് അത് ശിവശങ്കര്‍ ക്ലിയര്‍ ചെയ്തു.
- ജൂലൈ അഞ്ചിന് സ്വര്‍ണബാഗ് കസ്റ്റംസ് പിടിച്ചപ്പോള്‍ ശിവശങ്കറിന് അറിയാമായിരുന്നു അതില്‍ സ്വര്‍ണമാണെന്ന്. ബാഗ് വിട്ടുകിട്ടാന്‍ അദ്ദേഹം കസ്റ്റംസില്‍ വിളിച്ചു. കൊവിഡ് മൂലം ചൈനാ സാധനങ്ങള്‍ പരിശോധിക്കുന്നതുകൊണ്ടാണ് വൈകുന്നതെന്നും വേണ്ടത് ചെയ്യുമെന്നും എന്നോട് പറഞ്ഞു.
- ബാഗ് തുറന്നാല്‍, കേരള സര്‍ക്കാരിന്റെ സഹായത്തോടെ, കസ്റ്റംസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുപ്പിക്കുമെന്നും ശിവശങ്കര്‍ പറഞ്ഞു. ഈ സംവിധാനത്തിലൂടെ വിദേശ കറന്‍സി ഇടപാടു നടക്കുന്ന കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു. പുറമേ, വിനിമയം നിയന്ത്രിച്ചിരുന്ന മരുന്നുകള്‍, വിലകൂടിയ ഊദ്, അത്തര്‍, തുടങ്ങിയവയും ഇവര്‍ കടത്തിയിരുന്നു.
- ഒരിക്കല്‍ ഞാന്‍ ശിവശങ്കറിനോട്, കോണ്‍സല്‍ ജനറലും ഖാലിദും ശരത്തും ചേര്‍ന്ന് സ്വര്‍ണം കടത്തുന്നുവെന്നും അത് സന്ദീപ് നായര്‍ക്കും മറ്റും കൈമാറുന്നുവെന്നും പറഞ്ഞു. പിന്നീട് സ്പ്രിങ്ക്ളര്‍ ശിവശങ്കറിന് പ്രശ്നമായി മാറിയപ്പോള്‍, എന്റെ അച്ഛന്റെ ശവസംസ്കാരത്തിന് വീട്ടില്‍ വന്ന ശിവശങ്കര്‍, യുഎഇ കോണ്‍സലേറ്റുവഴി സ്വര്‍ണക്കടത്തു നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സരിത്തും ഞാനും കരുതിയിരിക്കണമെന്നും പറഞ്ഞു. എന്തെങ്കിലും പിടികൂടിയാല്‍ അത് ശിവശങ്കറിലേക്കും മുഖ്യമന്ത്രിയിലേക്കും എത്തുമെന്നും പറഞ്ഞു.
- എന്റെ അഭ്യര്‍ഥന പ്രകാരം, സ്വര്‍ണം പിടിച്ച അന്ന് ശിവശങ്കര്‍ കസ്റ്റംസില്‍ വിളിച്ചു ബാഗ് വിട്ടുകൊടുക്കാന്‍ പറഞ്ഞു.
വാട്സ്ആപ്പ് ചാറ്റ്
2020 ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് 1:8ന് സ്വപ്ണ്ടനയും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്സ് ആപ്പ് ചര്‍ച്ചയില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നവേളയിലായിരുന്നു. ഇപ്പോള്‍ സംസാരിക്കാമോ എന്ന ചോദ്യത്തിന് ആവാം എന്ന് ശിവശങ്കര്‍ മറുപടി നല്കി. അവരുടെ സംഭാഷണത്തിനെക്കുറിച്ചുള്ള സ്വപ്നയുടെ മറുപടികള്‍: ആ സംഭാഷണം ഞങ്ങള്‍ നിരപരാധികള്‍ എന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം നടത്തിയതാണ്. അതിനു അരമണിക്കൂര്‍ മുമ്പേ സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ വന്നുതുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: