തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കഥപറയുന്ന തലൈവിയുടെ ട്രെയിലര്‍ പുറത്ത്. ട്രെയിലര്‍ പുറത്തിറങ്ങി അഞ്ചു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹിന്ദി പതിപ്പ് 36 ലക്ഷവും തമിഴിലെ ട്രെയിലര്‍ നാലു ലക്ഷം വ്യൂവ്‌സും പിന്നിട്ടു. സീ സ്റ്റുഡിയോസിന്റെ ചാനലിലാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.
ജയ ലളിതയുടെ രൂപത്തോട് വളരെ സാമ്യം തോന്നിക്കുന്ന രൂപത്തിലാണ് കങ്കണ എത്തിയിരിക്കുന്നത്. സിനിമാ ജീവിതവും, എംജിആറിനൊപ്പമുള്ള ചിത്രീകരണവും, രാഷ്‌ട്രീയ പ്രവേശനവും, പാര്‍ലമെന്റിലെ നാടകീയ രംഗങ്ങളും, എംജിആറിന്റെ മരണവും ഉള്‍പ്പെടെ ജയയുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങള്‍ ട്രയിലറില്‍ കാണിച്ചിരിക്കുന്നു. തമിഴ് നടന്‍ അരവിന്ദ് സ്വാമി സ്വാമിയാണ് എംജിആറിന്റെ വേഷം ചെയ്തിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന മേക്കോവറിലാണ് അരവിന്ദ് ചിത്രത്തില്‍ എത്തുന്നത്.
കലൈജ്ഞര്‍ കരുണാനിഥിയെ നടന്‍ പ്രകാശ് രാജാണ് അവതരിപ്പിക്കുന്നത്. ആര്‍.എം വീരപ്പനായി സമുദ്രക്കനിയും സോഭന്‍ ബാബുവായി ജിഷു സെന്‍ ഗുപ്തയും വേഷമിടും. മലയാള നടി ഷംനാ കാസിമാണ് തോഴി ശശികലയായി എത്തുന്നത്. എംജിആറിന്റെ ഭാര്യ ജാനകിയായി മധുവും ജയലളിതയുടെ അമ്മയായ സന്ധ്യയായി ഭാഗ്യശ്രീ പദവര്‍ധനും തലൈവിയില്‍ വേഷമിടും. നാസര്‍, വിദ്യാ പ്രദീപ്, തമ്പി രാമയ്യ, രാജ് അര്‍ജുന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തും.
എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തമിഴിലും ഹിന്ദിയിലും തെലുങ്കിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വിബ്രി കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശ് കുമാറും രചിതാ അറോറയും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഏപ്രില്‍ 23 മൂന്നിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: