തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. മെനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറെ പുറത്താക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പദവിയില്‍ ഇരിക്കുന്ന സി.കെ. ബൈജുവിനെ പുറത്താക്കാനാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ലോകായുക്തയിലും വിജിലന്‍സിലും അടക്കം പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
ബൈജുവിനെ ഉടന്‍ തല്‍സ്ഥാനത്തു നിന്നും നീക്കംചെയ്യണമെന്നാണ് ചീഫ് ജസ്റ്റിസ് മണികുമാര്‍, ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. സി.കെ. ബൈജുവിന് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിക്കാന്‍ യോഗ്യതയില്ലെന്നാരോപിച്ച് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി നിലനില്ക്കുമ്പോള് ഇയാളെ കെഎംഎംഎല്ലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി വ്യവസായവകുപ്പ് അവരോധിച്ചിരുന്നു. ജന്മഭൂമി ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പതിനാറ് അഴിമതിക്കേസുകളാണ് സി.കെ. ബൈജുവിനെതിരെ ഉണ്ടായിരുന്നത്. ഇതില്‍ ആറോളം കേസുകള്‍ അവസാനിച്ചു. പത്ത് കേസുകളുണ്ട്. 2016 ല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപ സി.കെ. ബൈജുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 33 ലക്ഷത്തോളം രൂപയുടെ കണക്ക് കാണിക്കാനാകാത്തതിനാല്‍ വിജിലന്‍സ് കേസെടുക്കുകയായിരുന്നു. ജിയോളജി വകുപ്പിന്റെ ചുമതലയിലിരിക്കെ കോട്ടയത്ത് വസ്തു കൈമാറി പോക്കുവരവ് നടക്കുന്നതിനു മുമ്പ് വസ്തു വാങ്ങിയ വ്യക്തിക്ക് ഖനനം നടത്താന്‍ വഴിവിട്ട് അനുമതി നല്‍കിയതിനെതിരെ വസ്തു കൈമാറിയ ബെന്നി ജോസഫ് ലോകായുക്തയില്‍ നല്കിയ കേസും നിലനില്‍ക്കുകയാണ്. അഴിമതിക്കേസുകള്‍ നിലവിലുള്ളതിനാല്‍ രണ്ടു തവണ പിഎസ്സി പ്രൊമോഷന് വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന് കൂടിയായിരുന്നു സി.കെ. ബൈജു.
ആറു കോടിയോളം രൂപ കുടിശ്ശികയുണ്ടായിരുന്ന പ്ലാക്കാട്ട് ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കുടിശ്ശിക നിലനില്‍ക്കെ വഴിവിട്ട് പുതിയ ലീസ് അനുവദിച്ചതിനെതിരെ ബൈജുവിനെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു, ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയായിരുന്നു കെഎംഎംഎല്ലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചത്.
മൂന്നു ഐഎഎസ് ഉദ്യോഗസ്ഥര്‍ ഖനനാനുമതി നല്കാന് വിസമ്മതിച്ചപ്പോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എന്ന ചുമതലയില്‍ നിന്നുകൊണ്ട് കെഎംഎംഎല്ലിന് കരിമണല്‍ ഖനനം നടത്താന്‍ ഉത്തരവ് നല്കിയതു സി.കെ. ബൈജുവായിരുന്നു. കെഎംഎംഎല്ലിനെ പോലുള്ള സ്ഥാപനം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ പരിശോധിക്കേണ്ടതും ഖനനത്തിന് അനുമതി നല്‍കണമോയെന്നതു പരിശോധിക്കേണ്ടതുമായ ജിയോളജി വകുപ്പിന്റെ തലപ്പത്തുള്ള വ്യക്തിയെ തന്നെ കെഎംഎംഎല്ലിന്റെയും മേധാവിയാക്കിയതു വിവാദമായിരുന്നു. സി.കെ. ബൈജുവിനെ ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആക്കിയ നടപടി റദ്ദാക്കണമെന്നും ഇയാളുടെ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പൗലോസ് വി.ജെ. നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: