മുംബൈ: മുംബൈയിലെ ആഡംബര ഹോട്ടലില്‍ മുറിയെടുക്കാന്‍ അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെ ഉപയോഗിച്ചത് വ്യാജ ആധാര്‍ കാര്‍ഡ്. മന്‍സൂഖ് ഹിരെണിന്റെ സ്കോര്‍പിയോ കാര്‍ കാണാതാകുന്നതിന് ഒരു ദിവസം മുന്‍പായിരുന്നു മുറിയെടുത്തത്. ദക്ഷിണ മുംബൈയിലെ ഹോട്ടലില്‍ മുറിയെടുക്കാനായി ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വ്യാജ ആധാര്‍ കാര്‍ഡ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ പുറത്തുവിട്ടു. സുശാന്ത് സദാശിവ ഖാംകര്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ രേഖയായിരുന്നു ഇത്. 1972 ജൂണ്‍ 15 എന്ന് ജനനത്തീയതി ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇദ്ദേഹത്തിന്റെ യഥാര്‍ഥ ജനന തീയതി 1972 ഫെബ്രുവരി 22 ആണ്. വ്യാജ തിരിച്ചറിയല്‍ രേഖയിലും ഉപയോഗിച്ചിരിക്കുന്നത് സ്വന്തം ചിത്രം തന്നെ. 782528575822 എന്ന സവിശേഷ തിരിച്ചറിയല്‍ അക്കമാണ് കാര്‍ഡിലുള്ളത്. ഫെബ്രുവരി 14 മുതല്‍ 20 വരെ നരിമാന് പോയിന്റിലുള്ള ആഡംബര ഹോട്ടലിലായിരുന്നു സച്ചിന് വാസെ തങ്ങിയത്. ദേശീയ അന്വേഷണ ഏജന്‍സി ഈ ഹോട്ടലിലെത്തി വാസെ തങ്ങിയ മുറിയില്‍ പരിശോധന നടത്തി.
എന്തിനാണ് വ്യാജ രേഖ ഉപയോഗിച്ച് ഹോട്ടലില്‍ തങ്ങിയതെന്ന് വ്യക്തമല്ല. ആരെയൊക്കെ കണ്ടുവെന്നും വിവരമില്ല. ഹോട്ടലില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചു. ഹോട്ടലില്‍ താമസിച്ച ദിവസങ്ങളിലെ സച്ചിന് വാസെയുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ ഇത് പരിശോധിച്ചുവരികയാണ്.
ഫെബ്രുവരി 17ന് ആണ് മന്‍സൂഖ് ഹിരെണിന്റെ കൈവശമുള്ള കാര്‍ മോഷ്ടിക്കപ്പെടുന്നത്. ഇതേ വാഹനം ഫെബ്രുവരി 25ന് സ്ഫോടക വസ്തുക്കളുമായി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ സച്ചിന് വാസെയുടെ കൈവശമായിരുന്നുവോയെന്നും ഇയാളാണോ ഹോട്ടലില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള മുകേഷ് അംബാനിയുടെ വീടിന് സമീപം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നും സംശയിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: