മണര്‍കാട്: യാക്കോബായ വിശ്വാസികളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളന വേദി മാറ്റി. പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ എത്തുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. യാക്കോബായ വിശ്വാസികള്‍ പ്രതിഷേധിച്ചതോടെ സമ്മേളനം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതിനായി മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ മൈതാനം രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തിന്റെ പ്രസംഗ വേദിക്കായി ജില്ലാ നേതൃത്വം ശനിയാഴ്ച ബുക്ക് ചെയ്തു. ഇതിന് തറവാടകയിനത്തില്‍ പതിനായിരം രൂപയും പള്ളിയില്‍ അടച്ചു. എന്നാല്‍ ഇടവക വിശ്വാസികള്‍ ഇക്കാര്യം അറിഞ്ഞതോടെ പ്രതിഷേധവുമായി എത്തുകയായിരുന്നു.
വിശ്വാസികള്‍ സംഘടിച്ച് പള്ളിവികാരിയെ സമീപിക്കുകയും സമ്മേളനം നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാഹുല്‍ എത്തുന്നതില്‍ വിശ്വാസികളില്‍ നിന്നുള്ള എതിര്‍പ്പ് കടുത്തതോടെ യുഡിഎഫ് സമ്മേളനത്തിനായി മൈതാനം വിട്ടുനല്‍കേണ്ട എന്ന് തീരുമാനിച്ചു. വിശ്വാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന് സമ്മേളനത്തിന് മൈതാനം വിട്ടുതരാനാകില്ലെന്നും അടച്ച തുക തിരികെ വാങ്ങണമെന്നും പള്ളി ഭാരവാഹികള്‍ ഡിസിസി പ്രസിഡന്റിനെ വിളിച്ച് അറിയിച്ചു.
ഇതേത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സമ്മേളനത്തിന്റെ പ്രസംഗവേദി മണര്‍കാട് കവലയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് മാറ്റി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, താരീഖ് അന്‍വര്‍, ഐവാന്‍ ഡിസൂസ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം എത്തുന്ന പരിപാടിയായിരുന്നു വേദി മാറ്റപ്പെട്ടത്. പള്ളി മൈതാനത്തിനായി അടച്ച തുക തിരികെ വാങ്ങിയില്ലെന്നും രാഹുല്‍ ഗാന്ധിയുടെ പരിപാടി റോഡ്ഷോ ആയതിനാല്‍ മണര്‍കാട് കവലയിലാണ് പ്രസംഗമെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: