കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും മുസ്ലിം ലീഗും എസ്ഡിപിഐയും ഒത്തുചേര്‍ന്ന് അണിയറയില്‍ നീക്കം ആരംഭിച്ചതായി സൂചന.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നേടിയത് 3133 വോട്ടുകളാണ്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 2419 വോട്ടും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ 533 വോട്ടും എസ്ഡിപിഐ നേടിയിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ഡിവിഷനില്‍ എസ്ഡിപിഐ വിജയിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഇപ്പോഴും ഭരിക്കുന്നത്. ബദിയഡുക്ക, കുമ്പഡാജെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളിലും എസ്ഡിപിഐ നേട്ടമുണ്ടാക്കി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങും മുന്‍പേ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരം കൂടാതെ കാസര്‍കോട്, ഉദുമ എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ എസ്ഡിപിഐയുടെ ജില്ലാ-സംസ്ഥാന നേതൃത്വം തയാറായില്ല.
കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണ് എസ്ഡിപിഐ മത്സരിക്കുന്നത്. മഞ്ചേശ്വരവും കാസര്‍കോടും ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ എസ്ഡിപിഐ തയാറാകാത്തത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും സഹായിക്കാനാണെന്ന ആരോപണമാണ് ഉയരുന്നത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ നിലവില്‍ പാര്‍ട്ടിക്ക് സ്വതന്ത്ര നിലപാടാണെന്നും സംഘപരിവാറിനെ പരാജയപ്പെടുത്താന്‍ സാധ്യത ആര്‍ക്കാണെന്ന് അറിയാന്‍ ഇനിയും സമയമുണ്ടെന്നും സമയമാകുമ്പോള്‍ ആര്‍ക്കാണ് പിന്തുണയെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുമെന്നുമുള്ള എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍സലാമിന്റെ നിലപാടാണ് അണിയറയില്‍ ഒത്തുചേരല്‍ നീക്കം ആരംഭിച്ചതായുള്ള വിവരങ്ങളുടെ അടിസ്ഥാനം.
എസ്ഡിപിഐയുടെ വോട്ട് വാങ്ങുമോ എന്നതിനെ പറ്റി മുസ്ലിം ലീഗും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തും പ്രതികരിച്ചു. കഴിഞ്ഞ തവണ 89 വോട്ടിനാണ് കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലത്തില്‍ ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: