തിരുവനന്തപുരം: തുടര്‍ഭരണത്തിനായി സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ എല്‍ഡിഎഫ് വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തലോടെ വ്യക്തമാകുന്നു. ഉദുമ മണ്ഡലത്തില്‍ കുമാരി എന്നയാള്‍ക്ക് വോട്ടര്‍പട്ടികയില്‍ അഞ്ചിടത്ത് വോട്ട്. ബിഎല്‍ഒ ശുപാര്‍ശ ചെയ്യാതെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വോട്ടുകള്‍ ചേര്‍ത്തത്. ഇത് മനഃപൂര്‍വമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാരെ സര്‍വീസില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സസ്പെന്‍ഡ് ചെയ്തു.
ഇടതുപക്ഷ സര്‍വീസ് സംഘടനകളിലെ ജീവനക്കാര്‍ മുന്‍കൈയെടുത്താണ് ഇരട്ട വോട്ടുകള്‍ ചേര്‍ത്തതെന്ന് ഇതിലൂടെ വ്യക്തം. ഒരു മണ്ഡലത്തില്‍ അല്ലെങ്കില്‍ മറ്റൊരു മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടാകാം. ഇപ്പോള്‍ കണ്ടെത്തിയത് അഞ്ചു മണ്ഡലങ്ങളിലേതു മാത്രം. ബാക്കിയുള്ള മണ്ഡലങ്ങളിലും ഇത്തരത്തില്‍ ആയിരക്കണക്കിന് വോട്ടുകള്‍ ചേര്‍ത്തിരിക്കും. ഇത് കള്ളവോട്ടായി മാറുകയും ചെയ്യും. ഒരു സ്ഥാനാര്‍ഥിയുടെ ജയ പരാജയം നിര്‍ണയിക്കുന്ന ഘടകവും ആകും.
ചാലക്കുടി 570, പാലക്കാട് 800, വൈക്കം 590, ഇടുക്കി 434 എന്നീ മണ്ഡലങ്ങളില്‍ പരാതി ലഭിച്ച ഇരട്ടി വോട്ടിന്റെ കണക്ക് നൂറ് ശതമാനം ശരിയാണെന്ന് കണ്ടെത്തി. കോഴിക്കോട് പരാതിയില്‍ പറയുന്നതിന്റെ പകുതി ഇരട്ടി വോട്ടും തവനൂരില്‍ പരാതിയില്‍ പറയുന്നതിന്റെ എഴുപത് ശതമാനവും കാസര്‍കോട് 640 ഇരട്ട വോട്ടുകളുമുണ്ട്. കണ്ടെത്തിയത് പ്രാഥമിക പരിശോധനയില്‍ മാത്രം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരട്ടവോട്ടുകള്‍ ഇനി കണ്ടെത്തി നീക്കം ചെയ്യുകയെന്നത് നടക്കില്ല. ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ വ്യാപൃതരായി. റവന്യൂ വിഭാഗമാണ് തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലകള്‍ നിര്‍വഹിക്കേണ്ടത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ദിവസത്തെ ജോലികള്‍ ചെയ്താല്‍ മതി. ഇരട്ട വോട്ട് കണ്ടെത്തി കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതും ബിഎല്‍ഒമാര്‍ വഴി റവന്യൂ വിഭാഗമാണ്. അതിനാല്‍, ജോലിത്തിരക്ക് കാരണം ഇരട്ട വോട്ടുകള്‍ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ ഇനി കാര്യമായി പ്രവര്‍ത്തിക്കില്ല.
ഇരട്ട വോട്ടുകള്‍ കള്ള വോട്ടുകള്‍ ആകില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. എന്നാല്‍, മണ്ഡലം മാറി അല്ലെങ്കില്‍ ബൂത്തുകള്‍ മാറ്റി ചേര്‍ത്തിരിക്കുന്ന ഇരട്ട വോട്ടുകള്‍ രേഖപ്പെടുത്തിയാലും കണ്ടെത്താനാകില്ല.
ഇരട്ട വോട്ടുണ്ട്; എലിക്കുട്ടികളെ പിടിക്കും
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ജില്ലാ കളക്ടര്‍മാരുടെ പ്രാഥമിക പരിശോധനയില്‍ തന്നെ ഇത് കണ്ടെത്തി. പട്ടികയില്‍ കടന്ന് കൂടിയ എലി അല്ലെങ്കില്‍ എലിക്കുട്ടികളെ കണ്ടെത്തും. ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യും. ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉദുമയില്‍ ഒരാള്‍ക്ക് അഞ്ച് വോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു വോട്ട് ഒഴികെ മറ്റെല്ലാം സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധന തുടരും. ഇരട്ട വോട്ട് രണ്ട് രീതിയില്‍ ഉണ്ടാകാം. ഒന്ന് മനഃപൂര്‍വം ഒരാളുടെ പേരിനു സാമ്യമായതു വച്ച് വീണ്ടും വോട്ട് ചേര്‍ക്കും. മറ്റൊന്ന് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുമ്പോള്‍ അല്ലെങ്കില്‍ മണ്ഡലം മാറ്റുമ്പോള്‍ പൂരിപ്പിക്കേണ്ട ഫോറം യഥാവിധി പൂരിപ്പിക്കില്ല. കൂടാതെ കമ്മീഷന്റെ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുമ്പോള്‍ സാങ്കേതിക തകരാറിന്റെ പേരില്‍ ശരിയാകണമെന്നില്ല. ഈ ഘട്ടത്തില്‍ ഒരാളുടെ വോട്ട് പലരും അപ്ലോഡ് ചെയ്യും. ഇത് വോട്ട് ഇരട്ടിപ്പിക്കാന്‍ കാരണമാകും.
ജനുവരി 20നു ശേഷം വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒമ്പതു ലക്ഷം അപേക്ഷയാണ് കമ്മീഷനു കിട്ടിയത്. കൊവിഡായതിനാല്‍ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്കു നേരിട്ട് വീടുകളില്‍ പോയി പരിശോധന നടത്താന്‍ കഴിയാത്തതാണ് അപാകത്തിനിടയാക്കിയതെന്ന് മീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: