സി.കെ. ജാനു വീണ്ടും ജനവിധി തേടുകയാണ്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്ന് ഇത് രണ്ടാം തവണ. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷയായ ജാനു താമരചിഹ്നത്തിലാണ് ജനവിധി തേടുന്നത്. അടിസ്ഥാന സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളാണ് കേരളത്തില്‍ സി.കെ. ജാനുവിനെ വ്യത്യസ്തയാക്കിയത്. നിരവധി വനിതാ നേതാക്കളുള്ള കേരളത്തില്‍ ജാനു മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന് പ്രത്യേകതകള്‍ ഏറെ ഉണ്ടായിരുന്നു.
ഇടതു വലതു മുന്നണികള്‍ അവഗണിച്ച രാഷ്ട്രീയ പ്രശ്നത്തെ ഉയര്‍ത്തിയാണ് ജാനു ഇരു മുന്നണികള്‍ക്ക് മുമ്പിലും അവഗണിക്കപ്പെട്ടവരുടെ ആവശ്യത്തെ അവതരിപ്പിച്ചത്. അന്യാധീനപ്പെട്ട ഭൂമി അവകാശികള്‍ക്ക് തിരിച്ചുകൊടുക്കണമെന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉയര്‍ന്നെങ്കിലും അധികാരത്തിലേറിയ ഭരണകൂടങ്ങള്‍ അതിനെ ക്രൂരമായി അവഗണിക്കുകയായിരുന്നു. ഭൂപരിഷ്ക്കരണ നിയമത്തെക്കുറിച്ച് വാചാലരാകുന്നവര്‍ പോലും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ഗോത്രസമൂഹത്തെക്കുറിച്ച് മിണ്ടിയിട്ടേയില്ല. സംസ്ഥാനത്തെമ്പാടും ഉത്സവച്ഛായയയില് പട്ടയമേളകള്‍ നടത്തുമ്പോള്‍ തിരസ്ക്കരിക്കപ്പെട്ട ഒരു സമൂഹം ഒരു പിടി മണ്ണിനു പോലും അവകാശമില്ലാതെ പുറമ്പോക്കുകളില്‍ കഴിയുകയായിരുന്നു. തങ്ങളുടെ അവകാശപ്പെട്ട ഭൂമിയില്‍ നിന്ന് അവര്‍ കുടിയൊഴിക്കപ്പെട്ടു. അവര്‍ക്ക് പകരം ഭൂമി നല്കാന് പോലും സര്‍ക്കാരുകള്‍ തയ്യാറായില്ല. സംവരണത്തിന്റെ നീണ്ട പട്ടികകകള് അവരുടെ മുമ്പില്‍ നിരത്തിയെങ്കിലും ആ അവസരത്തെ പ്രയോജനപ്പെടുത്താന്‍ കഴിയാതെ ഗോത്രസമൂഹം അലയുകയായിരുന്നു.
ഭൂമിയിലുള്ള അവകാശമാണ് യഥാര്‍ത്ഥ അവകാശമെന്നതും അത് ലഭിച്ചാല്‍ മാത്രമേ മറ്റെല്ലാ അവകാശങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന യാഥാര്‍ത്ഥ്യത്തെ സര്‍ക്കാരുകള്‍ ഉള്‍ക്കൊണ്ടില്ല. 1960 കളിലും 70കളിലും വയനാട്ടില്‍ ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തിന് ശേഷം ഏറെക്കാലം വയനാട് ശാന്തമായിരുന്നു. കേരളത്തിലെ ഗോത്രസമൂഹവും. ഭൂമിക്കുവേണ്ടിയുള്ള അവകാശസമരത്തിന് അവരെ ഒരുക്കിയെടുക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ജാനു സ്വയം ഏറ്റെടുത്തത്. പിന്നീട് നടന്ന സമരങ്ങളും അടിച്ചമര്‍ത്തലുകളും ചര്‍ച്ചകളും ഒത്തുതീര്‍പ്പുകളും കേരളത്തിന് പരിചിതമാണ്. എന്നാല്‍ അധികാരശ്രേണികളിലേക്ക് അടിയാളരുടെ സാന്നിദ്ധ്യമുണ്ടാകുമ്പോഴെ അവരുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടൂവെന്ന യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തിയാണ് ജാനുവിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടായത്. ഈ രാഷ്ട്രീയ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ഇരുമുന്നണികളും ശ്രമിച്ചു.
ആദിവാസി സംഘത്തിന്റെ സമരപാരമ്പര്യത്തെ പിന്‍പറ്റുന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് സി.കെ. ജാനുവിന്റെ രാഷ്ട്രീയം കൂടിച്ചേരുന്നത് സ്വാഭാവികമായിരുന്നു. എന്നാല്‍ ഈ മാറ്റത്തോടെ ജാനുവിനെ മുഖ്യധാരാ രാഷ്ട്രീയ രംഗത്തു നിന്നും അകറ്റിനിര്‍ത്താന്‍ ശ്രമം ആരംഭിച്ചു. അതുവരെ പ്രകീര്‍ത്തിക്കപ്പെട്ട ജാനുവിനെയല്ല മറിച്ച് തങ്ങളുടെ വരുതിയില്‍ നിന്ന് അകന്നുപോയതിന്റെ പ്രതികാരം വീട്ടിക്കൊണ്ട് അവര്‍ക്കെതിരെ നിലകൊള്ളാനാണ് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും ശ്രമിച്ചത്.
പണിയസമുദായത്തെ അവഗണിക്കുന്നുവെന്നും അവരിലൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മടിക്കുന്നുവന്നും കരഞ്ഞ് വിളിച്ചവര്‍ മാനന്തവാടിയില്‍ മണികണ്ഠനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഞെട്ടിയിരുന്നു. എന്നാല്‍ രാത്രിയെ പകലാക്കി അവര്‍ സമ്മര്‍ദ്ദതന്ത്രങ്ങള്‍ ആവിഷ്കരിച്ചു. ആ രാഷ്ട്രീയ പ്രവേശത്തെ റദ്ദാക്കാനായിരുന്നു അവരുടെ പരിശ്രമം. സി.കെ. ജാനു ബിജെപിയുടെ വേദിയിലെത്തുന്നത് സഹിക്കാവുന്നതായിരുന്നില്ല ഈ നിക്ഷിപ്ത താല്പര്യക്കാര്ക്ക്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ തങ്ങളുടെ രാഷ്ട്രീയ ഇടങ്ങള്‍ നഷ്ടപ്പെട്ടുപോകുമെന്ന ഭീതിയായിരുന്നു ഇക്കൂട്ടര്‍ക്ക്. ജാനു എന്‍ഡിഎ വിട്ടപ്പോള്‍ ഏറെ സന്തോഷിച്ചത് ഇത്തരക്കാരായിരുന്നു. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ഭാരതത്തിലെ ഗോത്രസമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യ പരിഗണന നല്കിയ ഭാരതീയ ജനതാപാര്ട്ടിനേതൃത്വം കൊടുക്കുന്ന മുന്നണിയുടെ നേതൃനിരയിലേക്ക് താമസിയാതെ സി.കെ. ജാനു തിരിച്ചെത്തിയിരിക്കുന്നു.
ഇത് കേരളത്തിന്റെ മാറുന്ന രാഷ്ട്രീയത്തെയാണ് കുറിക്കുന്നത്. ഇ. ശ്രീധരനും, ജേക്കബ് ജോര്‍ജ്ജും, ഡോക്ടര്‍ അബ്ദുള്‍ സലാമും തുടങ്ങി നിരവധി പേര് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ അതിന് ഏറെ പ്രധാന്യമുണ്ട്. വയനാട്ടിലെ, കേരളത്തിലെ ഗോത്രസമൂഹത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട അജണ്ടയാകുന്നു എന്നതാണ് ഈ മാറ്റത്തിന്റെ പ്രാധാന്യം. മുന്നണി രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ അധികാരത്തിന്റെ പങ്കുപറ്റി അനര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുന്ന പതിവുകള്‍ക്ക് ഇനി സ്ഥാനമില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തെക്കുറിച്ച് മാത്രം മനസ്സിലാകുന്ന ഇരു മുന്നണികള്‍ക്കും നേതൃത്വത്തിനും സി.കെ. ജാനു മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഇനി അവഗണിക്കാനാകില്ല. അത് ഭൂമിയുടെ രാഷ്ട്രീയമാണ്. ജനിച്ച മണ്ണില്‍ നിന്ന് പിഴുതെറിയപ്പെട്ടവരുടെ അവകാശസമരത്തിന്റെ ശബ്ദമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം ആ ശബ്ദത്തെ ഏറ്റെടുക്കുമ്പോള്‍ അത് കേരള രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. വയനാട്ടിലെ വിവിധ ഗോത്രസമൂഹങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും മുന്നേറാനുമുള്ള അവസരമാണ് അത് സൃഷ്ടിക്കുന്നത്. ഇതര സമുദായങ്ങളെ ചേര്‍ത്തു വെച്ച് കൊണ്ട് ജനകീയ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ വിശാലമായ വികസനതാല്പ്പര്യങ്ങളെ അടയാളപ്പെടുത്താനുള്ള പുതിയമുന്നേറ്റമാവുകയാണ് ഇത്. സ്വന്തം അനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ രാഷ്ട്രീയ സമീപനങ്ങള്‍ സി.കെ.ജാനു മുന്നോട്ട് വെക്കുമ്പോള്‍ സുല്‍ത്താന്‍ബത്തേരിയുടെ രാഷ്ട്രീയ ചക്രവാളത്തില്‍ അത് ഇത്തവണ മാറ്റങ്ങള്‍ ഉണ്ടാക്കും.
സാമൂഹികമായി അകലം പാലിക്കുകയല്ല മാനസികമായി അടുക്കാനും ഒന്നിക്കാനും തയ്യാറാവുകയാണ് വയനാടന്‍ ഗോത്രസമൂഹം. കുറിച്യരും കുറുമരും പണിയരും അടിയരും അടക്കം വിവിധ ഗോത്രങ്ങളായി വേര്‍തിരിഞ്ഞ് നില്ക്കുകയല്ല ഒരുമിച്ചു നില്‍ക്കുകയാണ് അടിയന്തരകര്ത്തവ്യമെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ അവരുടെ അവകാശബോധത്തിന് മൂര്‍ച്ച കൂട്ടുകയാണ് .അവരെ വിഘടിപ്പിക്കുന്നവരെകുറിച്ച് ഇന്നവര്‍ക്ക് ബോധ്യമുണ്ട്. പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ മേല്‍വിലാസത്തില്‍ ജനപ്രതിനിധികളായി മാറി അവരെകുറിച്ച് മിണ്ടാതിരിക്കുന്ന നേതാക്കളെ കുറിച്ച് ആ സമൂഹം ഇന്ന് ബോധവാന്മാരാണ്. ഈ പുതിയ രാഷ്ട്രീയമാണ് സി.കെ. ജാനുവിന്റെ രണ്ടാം ഊഴത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രകടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: