നമ്മുടെ ഓരോരോ ബോധത്തിന്റെയും കാരണമായ ആന്തരബോധം ഏതാണ്? അന്വേഷിച്ചന്വേഷിച്ചുചെല്ലുമ്പോള്‍ എല്ലാത്തിനും കാരണമായ ജ്ഞാനം സ്വന്തം ഉള്ളില്‍ പ്രകാശിക്കുന്നുവെന്നറിയാന്‍ കഴിയും. കേനര്‍ഷി നേരത്തെ അത് പദ്യത്തില്‍ ഭംഗിയായി പറഞ്ഞുവെച്ചിട്ടുമുണ്ട്.
‘പ്രതിബോധവിദിതം മതം
അമൃതത്വം ഹി വിന്ദതേ
ആത്മനാ വിന്ദതേ വീര്യം
വിദ്യയാവിന്ദതേമൃതം’ (കക:5)
പ്രതിബോധംകൊണ്ടറിയപ്പെട്ട നിശ്ചി
തജ്ഞാനം അമൃതത്വം നല്കുന്നു. ‘ബ്രഹ്മത്തെ അറിയുന്നു എന്നു നീ കരുതുന്നുവെങ്കില്‍ നിന്റെ അറിവ് അല്പം മാത്രമാണ്. നീ വീണ്ടും ആലോചിക്കുക’ എന്ന് ഋഷി ശിഷ്യനോട് മുമ്പേ പറഞ്ഞുവല്ലൊ. അതനുസരിച്ച് ശിഷ്യന് വിചാരതപസ്സനുഷ്ഠിക്കുകയും ചെയ്തു. വീണ്ടും ഗുരുവിന്റെയടുത്തെത്തി ഇങ്ങനെ പറഞ്ഞു: ‘അത് എനിക്കറിയാമെന്നോ അറിഞ്ഞുകൂടെന്നോ കരുതുന്നില്ല’. കേനര്‍ഷി പറഞ്ഞുവല്ലൊ: ‘ബ്രഹ്മത്തിന്റെ അടുത്ത് വാക്ക് എത്തുന്നില്ല എന്ന്.’ കേനം നാലാം ഖണ്ഡത്തിലെ ആറാം മന്ത്രം നോക്കുക.
‘തത്ഹതദ് വനം നാമ
തദ്വനമിത്യുപാസിതവ്യം
സയ ഏതദേവം വേദാഭിഹൈനം
സര്‍വ്വാണി ഭൂതാനി സംവാഛന്തി’
ബ്രഹ്മം സമസ്തലോകത്തിനും
പൂജ്യമത്രെ. അതിനാല്‍ ബ്രഹ്മത്തെ ‘തദ്വനം’ എന്നും വിളിക്കുന്നു. ബ്രഹ്മത്തെ നിര്‍ദ്ദേശിക്കുവാന്‍ പല ഉപനിഷത്തുകളിലും ‘തദ്വനം’ എന്ന പ്രതീകം ഉപയോഗിക്കുന്നു. വനം ഇവിടെ കാടല്ല. വനം ആനന്ദത്തിനുള്ള വൈദികസംജ്ഞയാണ്.
ബ്രഹ്മജ്ഞാനം ആര്‍ക്കും തനിയെ കിട്ടുകയില്ലെന്ന് ഗുരു ശിഷ്യനെ ഓര്‍മ്മപ്പെടുത്തുന്നു. അതിന് മൂന്നുകാര്യങ്ങള്‍ വേണം.
‘തസൈ്യ തപോദമഃ
കര്‍മേതി പ്രതിഷ്ഠാ’ (കഠ:8)
അവ തപസ്സ്, ദമം, കര്‍മ്മം എന്നിവയാകുന്നു. കേനത്തിന്റെ ആധാരശിലകള്‍ ഇവമൂന്നുമാകുന്നു. തപസ്സ് മൂന്നുവിധം – ശാരീരികം, മാനസികം, വാചികം. ഭഗവദ്ഗീത ഈ ത്രിവിധ തപസ്സുകള്‍ വിശദമാക്കുന്നുണ്ട്. ദമം ഇന്ദ്രിയദമനമാണ്, ഇന്ദ്രിയനിയന്ത്രണമാണ്. ഇന്ദ്രിയഹനനം ആചാര്യന്മാരാരുമേ വിധിച്ചിട്ടില്ല എന്നതും ഓര്‍മ്മിക്കണം. വിഷയങ്ങളില്‍നിന്നും ഇന്ദ്രിയങ്ങളെ പ്രതിസംഹരിക്കുകയാണ് ദമം. കര്‍മ്മം ഇവിടെ നിഷ്കാമകര്‍മ്മമാണ്. ഏതുകര്‍മ്മത്തിനും ഫലമുണ്ടാകും. പക്ഷെ ഫലത്തില്‍ ആസക്തിപാടില്ല.
നാലാം ഖണ്ഡത്തിലെ നാലും അഞ്ചും മന്ത്രങ്ങള്‍ രണ്ട് ആശയങ്ങള്‍കൂടി അവതരിപ്പിക്കുന്നുണ്ട്. ഒന്ന്: അധിദൈവതം, രണ്ട്: അധ്യാത്മം. ആധിദൈവികം, ആധ്യാത്മികം എന്നു നമുക്കുപറയാം. അധിഭൂതം, അധിയജ്ഞം, അധ്യാത്മം, അധിദൈവം തുടങ്ങിയ സങ്കല്പനങ്ങള് ഭഗവദ്ഗീത എട്ടാം അധ്യായം – ‘അക്ഷരബ്രഹ്മയോഗം’ – അതിവിദഗ്ധമായി ചര്‍ച്ചചെയ്യുന്നുണ്ട്. ഇന്ദ്രിയമനോബുദ്ധികളില്‍ കുടികൊള്ളുന്ന ശക്തിവിശേഷമാണ് അധിദൈവതം. പ്രകൃതിശക്തികളില്‍ കുടികൊള്ളുന്ന ആത്മചൈതന്യമാണ് അധിദൈവതം എന്നും പറയാം. ‘സ്വഭാവഃ അധ്യാത്മം’ എന്നു ഗീത. അതായത് ബ്രഹ്മത്തിന്റെ സ്വഭാവമാണ് അധ്യാത്മം.
കേനോപനിഷത്തിലെ ശിഷ്യന് മിസ്റ്റിക് അനുഭൂതിയില്‍പെട്ടിരിക്കുകയാണ്. സ്വയം മറന്ന് ചോദിച്ചു: ‘ഗുരോ, ഉപനിഷത്തിനെ ഉപദേശിച്ചാലും!’
സൗമ്യധീരനായി ഗുരു ഇങ്ങനെ മറുപടിപറഞ്ഞു: ‘നിനക്ക് ഉപനിഷത്തിനെ ഉപദേശിച്ചുകഴിഞ്ഞു. നിനക്ക് ബ്രഹ്മനിഷ്ഠമായ ഉപനിഷത്തിനെതന്നെയാണ് ഉപദേശിച്ചത്’.
കേനര്‍ഷി ഉപസംഹരിക്കുന്നു: ‘യഃ വൈ ഏതാം ഏവം വേദ, പാ
പ്മാനം അപഹത്യ അനന്തേ ജ്യേയേ സ്വര്‍ഗേ ലോകേ പ്രതിതിഷ്ഠതി’
‘യാതൊരുവന് ഈ ഉപനിഷത്തിനെ ഇപ്രകാരം അറിയുന്നുവോ അവന് പാപത്തെ ഇല്ലാതാക്കി അനന്തവും ശ്രേഷ്ഠവുമായ സ്വര്‍ഗ്ഗലോകത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.’
കേനോപനിഷത്തിന്റെ വിഷയം ബ്രഹ്മമാണ്. ബ്രഹ്മവിദ്യക്കായി കഠിനമായ സാധനയാവശ്യം. തപസ്സിലൂടെയും ദമനത്തിലൂടെയും കര്‍മ്മത്തിലൂടെയും ബ്രഹ്മസാക്ഷാത്ക്കാരം നേടാം. അത്യ
പൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നത്രെ അത്. ‘പ്രതിതിഷ്ഠതി, പ്രതിതിഷ്ഠതി’ എന്ന് ക്രിയാപദം ആവര്‍ത്തിക്കുന്നതിലൂടെ കേനര്‍ഷി ഉറപ്പുനല്‍കുന്നു.
ഉപനിഷത്തുകളിലെ ശാന്തി
പാഠങ്ങള്‍ കേവലം പ്രാര്‍ത്ഥനയോ മംഗളവചനമോ അല്ല. ഉപനിഷത്തിന്റെ മുഖ്യാശയത്തെ പ്രതീയമാനമായി വ്യഞ്ജിപ്പിക്കുന്ന പാഠങ്ങളാണ് പലതിലും. ഉപനിഷത്തിന്റെ മഹിമയെ ഉല്‍ഘോഷിക്കുകയാണ് ശാന്തിമന്ത്രങ്ങള്‍. കേനോപനിഷത്തിന്റെ പതിപ്പുകളില്‍ വ്യത്യസ്തമായ രണ്ടു ശാന്തിപാഠങ്ങള്‍ കാണാറുണ്ട്. ഒന്ന് ‘സഹനാവവതു’ എന്ന ശാന്തി. മറ്റൊന്ന് ‘ആപ്യായന്തു’. സാമവേദീയമായ ഉപനിഷത്തുകള്‍ക്ക് ‘ആ
പ്യായന്തു’വാണ് ക്രമം.
‘ആപ്യായന്തു’ അത്യുദാത്തമായ കവിതതന്നെ. ശാന്തിപാഠം പൂര്‍ണ്ണമായി ചുവടെ:
‘ഓം ആപ്യായന്തു മമംഗാനി
വാക്പ്രാണചക്ഷുഃ ശ്രോത്രമഥോ
ബലമിന്ദ്രിയാണി ച സര്‍വ്വാണി
സര്‍വ്വം ബ്രഹ്മൗപനിഷദം,
മാഹം ബ്രഹ്മനിരാകുര്യാം,
മാമാ ബ്രഹ്മനിരാകരോത്,
അനിരാകരണമസ്തു,
അനിരാകരണം മേളസ്തു,
തദാത്മനി നിരതേയ ഉപനിഷത്സു,
ധര്‍മ്മാര്‍ത്ഥേ മയിസന്തു,
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ!’
എന്റെ അംഗങ്ങളും വാക്കും കണ്ണും ചെവിയും ബലവും ഇന്ദ്രിയങ്ങളുമെല്ലാം ശക്തിപ്പെടുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ തുടങ്ങി എന്റെ ബ്രഹ്മബോധം ഒരിക്കലും ഉലയാതിരിക്കണേ എന്ന അര്‍ത്ഥനയോടെ അവസാനിക്കുന്നു. ചെവിയുടെ ചെവിയായും പ്രാണന്റെ പ്രാണനായും മനസ്സിന്റെ മനസ്സായും കണ്ണിന്റെ കണ്ണായും ഒരു ശക്തിയുണ്ടല്ലൊ. ആ ശക്തിയറിഞ്ഞ് നരവംശം അമരത്വം പ്രാപിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: