കോട്ടയം: കമ്മ്യൂണിസം തകര്‍ന്നടിഞ്ഞ പ്രത്യയശാസ്ത്രമാണെന്നും മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ കേരളത്തിന്റെ വികസനം മുരടിപ്പിച്ചെന്നും യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി. പുതിയ കേരളത്തിന് യുവാക്കള്‍ കരുത്താകണമെന്നും അതിന് ബിജെപിക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കേരളത്തിനായി സമര്‍പ്പിത യുവത്വം എന്ന പേരില്‍ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ-സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി മഹാന്മാരെയും നവോത്ഥാന നായകരെയും സൃഷ്ടിച്ച നാടാണ് കേരളം. എന്നാല്‍, മാറിമാറി ഭരിച്ച ഇരുമുന്നണികളും കേരളത്തെ നശിപ്പിച്ചു. ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും. ഇന്ന് ലോകത്ത് ഒരു രാജ്യവും കമ്മ്യൂണിസം പിന്തുടരുന്നില്ലെന്ന് മാത്രമല്ല, അവര്‍ വാഗ്ദാനം ചെയ്യുന്നത് ദാരിദ്ര്യം മാത്രമാണ്. നാടിന്റെ വികസനത്തെ തകര്‍ക്കുകയെന്നതാണ് അവരുടെ മുദ്രാവാക്യം. സംസ്ഥാനത്തെ സാമ്പത്തികനില തകര്‍ന്ന സ്ഥിതിയിലാണ്.
കേരളത്തിലെ യുവാക്കള്‍ അഭ്യസ്ഥവിദ്യരും കഴിവുള്ളവരുമായിട്ടും തൊഴില്‍തേടി പുറത്തേക്ക് പോകേണ്ട ഗതികേടിലാണ്. മലയാളികളായ ആയിരക്കണക്കിന് യുവാക്കളാണ് ബെംഗളൂരുവിലും മുംബൈയിലും ന്യൂദല്‍ഹിയിലും തൊഴില്‍തേടി എത്തുന്നത്. കേരളത്തിന്റെ മോശമായ അവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും അന്യനാടുകളിലേക്കുള്ള കുടിയേറ്റവും വര്‍ധിച്ചതിനു കാരണം കമ്യൂണിസമാണ്.
കേരളത്തില്‍ മാറ്റം വരണമെങ്കില്‍ കമ്മ്യൂണിസത്തെ എന്നന്നേക്കുമായി പിഴുതെറിയണം. ബിജെപിക്ക് അവസരം നല്‍കുന്നത് പുതിയൊരു കേരളം സൃഷ്ടിക്കാന്‍ കഴിയും. ഏറ്റവും മോശപ്പെട്ടതും അഴിമതി നിറഞ്ഞതുമായ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും തേജസ്വി തുറന്നടിച്ചു. പദ്ധതികളല്ല അഴിമതി മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സിപിഎം മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും അവരോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും മാത്രമേ ജോലി ലഭിക്കൂ എന്ന അവസ്ഥയാണ്. പിന്‍വാതില്‍ നിയമനവും ബന്ധുനിയമനവുമാണ് ഇവിടെ നടക്കുന്നത്. സംസ്ഥാനത്ത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമിയടക്കമുള്ള തീവ്രവാദ സംഘടനകളെ വളര്‍ത്തുന്നതും അവര്‍ക്കാവശ്യമായ പ്രോത്സാഹനം നല്‍കുന്നതും ഇടത്-വലത് മുന്നണികളാണ്. 1921 ആവര്‍ത്തിക്കുമെന്ന് പറഞ്ഞ് പ്രകടനം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരം ലക്ഷ്യമാക്കി മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്. നവോത്ഥാന നായകര്‍ ഉണ്ടാക്കിയ സംസ്കൃതിയെ സംരക്ഷിക്കാനും കൂടിയാണ്. പുതിയ കേരളത്തിനായി യുവമോര്‍ച്ചയ്ക്കും ബിജെപിക്കുമൊപ്പം യുവാക്കള്‍ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന് അധ്യക്ഷനായി. കോട്ടയം ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, സ്ഥാനാര്‍ഥികളായ എന്‍. ഹരി, ടി.എന്‍. ഹരികുമാര്‍, മിനര്‍വ മോഹന്‍ എന്നിവര്‍ തേജസ്വി സൂര്യയെ പൊന്നാട അണിയിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, പത്തനംതിട്ട ജില്ല പ്രസിഡന്റ് ഹരീഷ്, ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം ബാലകൃഷ്ണന് തുടങ്ങിയവരും സന്നിഹിതരായി.
ആചാരസംരക്ഷണത്തിനായി പോരാടിയ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിവാദ്യം
കോട്ടയം: ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പോരാടിയ അമ്മമാരെയും സഹോദരിമാരെയും അഭിവാദ്യം ചെയ്യുന്നതായും അവരുടെ കണ്ണീരും ത്യാഗങ്ങളും ഒരിക്കലും വെറുതെയാവില്ലെന്നും തേജസ്വി സൂര്യ. ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ നശിപ്പിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയിലും അവര്‍ അതാണ് കാണിച്ചത്. കര്‍ണാടകയില്‍ നിന്ന് ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് എല്ലാ വര്‍ഷവും ശബരിമലയില്‍ എത്തുന്നത്. ശബരിമലയിലെ സംഭവവികാസങ്ങള്‍ അവരെയെല്ലാം വേദനിപ്പിച്ചു. ആചാരാനുഷ്ഠാനങ്ങളും സംസ്കാരവും സംരക്ഷിക്കേണ്ടത് ബിജെപിയുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: