കൊച്ചി: മികച്ച നേതൃത്വത്തിന് കീഴില്‍ കേരളത്തില്‍ ബിജെപി ശക്തമായ നിലയിലേക്ക് എത്തിയിരിക്കുകയാണെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ. യുവമോര്‍ച്ച തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച യൂത്ത് ടൗണ്‍ ഹാള്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുവാക്കളുമായി കൂടുതല്‍ സംസാരിക്കുന്തോറും ഒരു മികച്ച ഭാവി അവര്‍ക്ക് ഉണ്ടാകുമെന്ന് തനിക്ക് തോന്നാറുണ്ട്. ഏറെ അനുഗ്രഹീതമായ നാടാണ് കേരളം. രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി കേരളം ഒരുപിടി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്രോതസുകളെയെല്ലാം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളെല്ലാം പുറകിലാണ്. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ കേരളത്തിലെന്ന പോലെ രാജ്യത്തെ മാനവവിഭവശേഷിയെയും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. കേരളത്തില്‍ അടിസ്ഥാന വികസനങ്ങള്‍ ഇപ്പോഴും പുറകില്‍ തന്നെയാണ്. പിണറായി വിജയനെ പോലുള്ള ഒരു ഭരണാധികാരിയെയല്ല കേരളത്തിന് വേണ്ടത് മറിച്ച് ഇ. ശ്രീധരനെ പോലുള്ള അതികായകന്മാരെയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നമുക്ക് നിരവധി വികസന പദ്ധതികള്‍ കാണാനാകും. ഇവിടെയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. എന്നാല്‍ കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളോട് മുഖം തിരിക്കുകയാണ് പതിവ്. കേരളത്തിന്റെ സ്ഥിതിയും ഇത് തന്നെയാണ്. പിണറായി വിജയന് കൂടുതലും ശ്രദ്ധ ചെലുത്തുന്നത് രാഷ്ട്രീയത്തിനാണ്, വികസനത്തിനല്ല. ഇത് നമ്മള് ചോദ്യം ചെയ്യണം. കമ്മ്യൂണിസത്തിന്റെ സ്ഥിരം ശൈലിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കമ്മ്യൂണിസത്തെ ഭസ്മാസുരനോട് ഉപമിക്കാം, തൊടുന്നതെല്ലാം ചാമ്പലാക്കാന്‍ മാത്രമെ കമ്മ്യൂണിസത്തിനു കഴിയൂ. സാമ്പത്തിക മേഖലയെയും സംസ്കാരത്തെയും ഭാഷകളെയും ആചാരങ്ങളെയും അവര്‍ നശിപ്പിക്കുകയാണ്. കേരളത്തിലെ യുവജനങ്ങളോട് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചതിയാണ് നടത്തുന്നത്. യോഗ്യതയ്ക്കും കഴിവിനുമനുസരിച്ചല്ല കേരളത്തില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. മറിച്ച് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കും പരിവാരങ്ങള്‍ക്കുമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ അവര്‍ ശബരിമലയിലെ ആചാരങ്ങള്‍ക്ക് മേല്‍ കൈയേറ്റം നടത്തി. ബിജെപി സ്ത്രീ ശാക്തീകരണത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ അത് ഇത്തരത്തിലല്ല. ശബരിമല ആചാരലംഘനത്തിനെതിരെ ശബ്ദമുയര്‍ത്തിയ കേരളത്തിലെ മാതൃശക്തിയെ ഏറെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദ് പോലുള്ള കുരുക്കില്‍പ്പെട്ട് നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറുന്നുണ്ട്. നിരവധി പേര് സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ രാജ്യം വിട്ടു. ഇതിനെതിരെയൊന്നും സ്ത്രീ സ്വാന്തന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്ത് തൊഴിലില്ലായ്മ, അഴിമതി, വികസനമുരടിപ്പ് എന്നിവയ്ക്ക് പുറമെ എസ്ഡിപിഐ, ജമാ അത്ത് ഇസ്ലാമി തുടങ്ങി തീവ്രവാദ സംഘടനകളുടെ വളര്‍ച്ച മാത്രമാണ് നടന്നത്. ഇത്തരത്തിലുള്ള ഒരു സര്‍ക്കാരിനെ കേരളത്തിന് ആവശ്യമില്ല. കേരളത്തില്‍ ബിജെപി ശക്തമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. ബിജെപി വിജയിക്കുമെന്നതിനുപരി ഭാവിയില്‍ ഭരണം കൈയാളും.
പൊടിപിടിച്ച കാലഹരണപ്പെട്ട കമ്മ്യൂണിസത്തെ ചവറ്റുകുട്ടയിലെറിയണം. കോണ്‍ഗ്രസും കമ്മ്യൂണിസവും ഒരേ നാണായത്തിന്റെ ഇരുവശങ്ങളാണ്. കേരളത്തിലെ ജനങ്ങളോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് യുപിയിലെ പരാജയം ഭയന്നാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കാനെത്തിയത്. എന്നാല്‍, ലോക്സഭയിലെ 303 ബിജെപി എംപിമാരും കേരളത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, നിരവധി എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: