ഹൈദരാബാദ്: ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ച് തെലുങ്കാന ഐപിഎസ് ഓഫീസര്‍ ആര്‍.എസ്. പ്രവീണ്‍കുമാര്‍ എടുത്ത കൂട്ടസത്യപ്രതിജ്ഞയുടെ വീഡിയോ വൈറല്‍. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഇത്തരത്തിലുള്ള നീക്കം ജനങ്ങള്‍ക്കിടയില്‍ ഇത് അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
തെലുങ്കാനയിലെ സോഷ്യല്‍ ആന്‍റ് ട്രൈബല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സൊസൈറ്റി (എസ്ഡബ്ല്യുഎഇആര്‍ഒ) സെക്രട്ടറികൂടിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.എസ്. പ്രവീണ്‍കുമാറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഈ വിഡിയോയില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സത്യപ്രതിജ്ഞ എടുക്കുന്നത്. ദളിതര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കുന്ന സംഘടനയാണ് എസ്ഡബ്ല്യുഎഇആര്‍ഒ.
എസ്ഡബ്ല്യുഎഇആര്‍ഒ സര്‍ക്കിള്‍ സ്ഥാപിച്ചതും അതിന്റെ നടത്തിപ്പും നിയന്ത്രിക്കുന്നത് ആര്‍എസ് പ്രവീണ്‍ കുമാറാണ്. എസ്ഡബ്ല്യുഎഇആര്‍ഒ സര്‍ക്കിളില്‍ അധികവും ഗുരുകുല്‍ സ്‌കൂളുകളുടെ(പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ തെലുങ്കാന സര്‍ക്കാര്‍ രൂപീകരിച്ച റസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ് ഗുരുകുല്‍ സ്‌കൂളുകള്‍) പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് അംഗങ്ങളായിരിക്കുന്നത്.
എസ്ഡബ്ല്യുഎഇആര്‍ഒ “വിശുദ്ധ മാസം” ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നടന്ന സത്യപ്രതിജ്ഞാ വീഡിയോയില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ ലേഖനങ്ങള്‍ അംഗങ്ങള്‍ വായിക്കുന്നത് കാണാം. ദളിത് ഉന്നമനവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളും ഇതില്‍ കാണാം. ഇതേ വീഡിയോയില്‍ ഹിന്ദു സനാതന ധര്‍മ്മത്തെ ഉപേക്ഷിക്കുമെന്നും ഹിന്ദു ദൈവങ്ങള്‍ക്ക് പൂജ ചെയ്യില്ലെന്നും ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്നതും കാണാം.’ഞാന്‍ രാമനിലോ കൃഷ്ണനിലോ വിശ്വസിക്കുന്നില്ല. ഞാന്‍ അവരെ ആരാധിക്കില്ല. ഗൗരിയിലോ ഗണപതിയിലോ മറ്റേതെങ്കിലും ഹിന്ദു ദൈവങ്ങളിലോ ഞാന്‍ വിശ്വസിക്കില്ല’ എന്ന് അംഗങ്ങള്‍ പ്രതിജ്ഞയെടുക്കുന്നതും ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍എസ് പ്രവീണ്‍കുമാര്‍ നടുവില്‍ നിന്ന് തന്റെ കൈകള്‍ നീട്ടിപ്പിടിച്ച് ഈ പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കുന്നതും കാണാം.
ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ ഇത്തരമൊരു പ്രതിജ്ഞ നടന്നതില്‍ എല്ലാവരിലും അമ്പരപ്പുണ്ട്. മാത്രമല്ല, ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ ആ സത്യപ്രതിജ്ഞയെ നയിക്കുന്നു എന്നതും എല്ലാവരെയും ആശങ്കയിലാഴ്‌ത്തുന്നു.
ക്രിസ്ത്യന്‍ മിഷണറിമാര്‍ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞാവാചകത്തിന് തുല്ല്യമാണ് ഈ വീഡിയോയില്‍ കാണുന്ന വാചകങ്ങളും. ആന്ധ്രപ്രദേശില്‍ ഈയിടെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ ഭാഗമായി പ്രവീണ്‍ ചക്രവര്‍ത്തി എന്ന കുപ്രസിദ്ധ മതപ്രചാരകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അയാളുടെ ഒരു വീഡിയോയിലും താന്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ കാല്‍കൊണ്ട് തൊഴിച്ചെന്നും പുതുതായി ക്രിസ്തുമതത്തിലേക്ക് ചേര്‍ന്നവരോട് അങ്ങിനെ ചെയ്യണമെന്ന് പ്രേരിപ്പിക്കുന്നതും കാണാമായിരുന്നു.
പ്രവീണ്‍ കുമാറിന്റെ എസ്ഡബ്ല്യുഎഇആര്‍ഒ ശൃംഖലയില്‍ പെട്ട സംഘടനയുടെ പ്രവര്‍ത്തനം സന്നദ്ധപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ്. ഇവര്‍ രാവിലെയും വൈകുന്നേരവും സ്‌കൂള്‍ കുട്ടികള്‍ക്ക് ശാരീരികവും വിദ്യാഭ്യാസപരവുമായ പരിശീലനം നല്‍കിവരുന്നുണ്ട്. തെലുങ്കാനയിലും ആന്ധ്രയിലുമായി 500 ഗ്രാമങ്ങളില്‍ ഇവരുടെ വില്ലേജ് ലേണിംഗ് സര്‍ക്കിളുകള്‍ പ്രവര്‍ത്തിച്ചുവരുന്നതായും പറയപ്പെടുന്നു. ഗുരുകുല്‍ സ്‌കൂളുകളെ പ്രവീണ്‍കുമാറും അദ്ദേഹത്തിന്റെ സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നിയന്ത്രിക്കാനും കയ്യടക്കാനും ശ്രമിക്കുന്നതായി പരാതിയുണ്ട്. ഗുരുകുല്‍ സ്‌കൂളുകളില്‍ ക്രമക്കേടുകളുണ്ടെന്ന് 2019ല്‍ നാഷണല്‍ പട്ടികജാതി സംവരണ പരിരക്ഷണ സമിതി പ്രസിഡന്‍റ് കര്‍നെ ശ്രീശൈലം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അവിടെവെച്ച് അന്ന് പ്രവീണ്‍കുമാറിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചു. അക്കൂട്ടത്തില്‍ പാലോ അലക്‌സാണ്ടര്‍ എന്നൊരാളും ഉണ്ടായിരുന്നു. ഇയാള്‍ പത്രസമ്മേളനം നടത്തരുതെന്നാവശ്യപ്പെട്ട് തലേദിവസം ശ്രീശൈലത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഹിന്ദു ദൈവങ്ങള്‍ക്ക് പൂജ ചെയ്യില്ലെന്നും ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കില്ലെന്നും പറഞ്ഞ് പ്രവീണ്‍ കുമാര്‍ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ ഗുരുകുല്‍ സ്‌കൂളുകളിലെ കുട്ടികള്‍ ഏറ്റുചൊല്ലുന്നത് കാണാം. ഗുരുകുല്‍ സ്‌കൂളുകള്‍ സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായതിനാല്‍ അവിടെ ഇത്തരം പ്രതിജ്ഞകള്‍ ചൊല്ലുന്നതില്‍ പരക്കെ വിമര്‍ശനവും ആശങ്കയും ഉയരുന്നുണ്ട്. എന്താണ് കുട്ടികളില്‍ എസ്ഡബ്ല്യുഎഇആര്‍ഒയും പ്രവീണ്‍കുമാറും പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ചോദ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: