Categories: Kerala

സോളാര്‍ കേസില്‍ സരിതാ നായര്‍ വഴി ഉമ്മന്‍ചാണ്ടി നിലംപരിശായി; സ്വര്‍ണ്ണക്കടത്തിലൂടെ സ്വപ്‌ന സുരേഷ് വഴി പിണറായിയും നിലംപൊത്തും

Published by

കല്‍പ്പറ്റ: യുഡിഎഫും എല്‍ഡിഎഫും അഴിമതി കൂടാരമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്. മാനന്തവാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുകുന്ദന്‍ പള്ളിയറയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സോളാര്‍ കേസില്‍ സരിതാ നായര്‍ വഴി ഉമ്മന്‍ചാണ്ടി നിലംപരിശായപ്പോള്‍ സ്വര്‍ണ്ണക്കടത്തിലൂടെ സ്വപ്‌ന സുരേഷ് വഴി പിണറായിയും നിലംപൊത്തും. രാജ്യാന്തര തലത്തില്‍ പിണറായി ചര്‍ച്ചയായി. എന്നാല്‍ അത് സ്വര്‍ണ്ണക്കടത്തിലും അഴിമതിയിലുമാണെന്ന് മാത്രം. അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ രാജിവെക്കുമ്പോള്‍ ഞാനൊന്നും അറിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആ ഓഫീസുതന്നെ മാഫിയാ കേന്ദ്രമായെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാകും എന്ന് പറഞ്ഞവര്‍ ജില്ലാ ആശുപത്രിക്ക് മെഡിക്കല്‍ കോളേജ് ബോര്‍ഡ് വച്ച ചരിത്രമാണ് വയനാട്ടില്‍.

മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി രോഗിയെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ലോകത്തിലെ ഏക മെഡിക്കല്‍ കോളേജാണ്  വയനാട് മെഡിക്കല്‍ കോളേജ്. വയനാടിന്റെ വികസനത്തിന് തുരങ്കം വെച്ച സര്‍ക്കാരാണിത്.വയനാടിന്റെ മുഖഛായതന്നെ മാറുന്ന അയ്യായിരം കോടിയുടെ അസ്പിരേഷന്‍ ജില്ലാ പ്രോഗ്രാം പദ്ധതി പിണറായി സര്‍ക്കാര്‍ അട്ടിമറച്ചു. ചുരം റോഡ് നവീകരണം നടപ്പാകാതെ നീളുന്നു. വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയാല്‍ എത്തി എന്നുമാത്രമേയുള്ളു. ചുരം ഗതാഗത തടസം വയനാട്ടുകാരെ പലപ്പോഴും ബന്ധിയാക്കുന്നു. ബഫര്‍സോണിന്റെ പേരില്‍ ഇടത് വലത് മുന്നണികള്‍ മുതലക്കണ്ണിര്‍ ഒഴുക്കുന്നു. കരട് വിജ്ഞാപനത്തിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ വാളെടുക്കുന്നു. മുവ്വായിരം കോടി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയ റെയില്‍വേ പദ്ധതി തലശേരി പാതയുടെ പേര് പറഞ്ഞ് അട്ടിമറിച്ചു.

തുരങ്കപാതയെന്ന നടക്കാത്ത സ്വപ്‌നം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു പോലും. ഒരു തുണ്ട് ഭൂമിക്കായി വനവാസികള്‍ സമര കേന്ദ്രങ്ങളിലാണ്. ഗോത്ര ആചാര വിശ്വാസങ്ങള്‍ കളങ്കപ്പെടുത്താനുള്ള നീക്കം നാടെങ്ങും നടക്കുന്നു. ഗോത്രാചാര പ്രകാരം താമസിപ്പിക്കുന്നതിന് പകരം അവരെ ഗോത്രധാരയില്‍ നിന്ന് അകറ്റുന്നു. വാളയാറിലെ രണ്ട് പിഞ്ചോമനകള്‍ നഷ്ടപ്പെട്ട അമ്മയുടെ തലമുണ്ഡനം ചെയ്ത സംഭവം എല്‍ഡിഎഫിന്റെ നെഞ്ചത്ത് അടിച്ച ആണിയാണ്. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന കാര്‍ഷിക ബില്ലിനെതിരെ തെരുവില്‍ ഇറങ്ങുന്നു. കര്‍ഷകരുടെ സങ്കടം കണ്ടില്ലന്ന് നടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് ‘പുതിയ കേരളം നരേന്ദ്ര മോദിക്കൊപ്പം’ എന്ന ആശയം ജനങ്ങള്‍ നെഞ്ചേറ്റി കഴിഞ്ഞു. അതു കൊണ്ട് തന്നെ എന്‍ഡിഎ അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അധ്യക്ഷത വഹിച്ചു. പശ്ചിമ ബംഗാളില്‍ സിപിഎം ഓഫീസുകള്‍ ബിജെപി ഓഫീസുകളായത് പോലെ കേരളത്തിലും സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് മുകുന്ദന്‍ പള്ളിയറ പറഞ്ഞു. താന്‍ വിജയിച്ചാല്‍ മുഴുവന്‍ കേന്ദ്ര പദ്ധതികളും മണ്ഡലത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം ലക്ഷ്മി കക്കോട്ടറ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഇ.മാധവന്‍, ജില്ലാ സെക്രട്ടറി വില്‍ഫ്രഡ് ജോസ്, കെ. ജയേന്ദ്രന്‍, ശ്രീലത ബാബു, സിന്ധു ഒ.ബി, ബാബൂ, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് പ്രഭാകരന്‍, വിജയന്‍ കൂവണ, ജിതില്‍ ഭാനു, സി.എം ബലകൃഷ്ണന്‍, പുനത്തില്‍ രാജന്‍, ജോര്‍ജ് കെ.എം, അരീക്കര ചന്തു, പി.രാമചന്ദ്രന്‍, കേളു അത്തിക്കൊല്ലി തുടങ്ങിയര്‍ സംബന്ധിച്ചു. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക