അഡ്വ. എസ്. ജയസൂര്യന്‍
രാജാക്കന്മാര് ഭരിച്ചിരുന്ന കേരളത്തില്‍ പതിനൊന്നര ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നു. മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ 60 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലെ നെല്‍കൃഷിയുടെ വിസ്തൃതി ഒന്നര ലക്ഷം ഹെക്ടറായി ചുരുങ്ങി.
കേരളത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ 86 ശതമാനവും നാമിന്ന് ഇറക്കുമതി ചെയ്യേണ്ട ഗതികേടിലെത്തി.
ജലസമൃദ്ധമായ 44 നദികള്‍ ഉള്ള കേരളം. ഒപ്പം തന്നെ ഫലപുഷ്ടിയുള്ള മണ്ണുള്ള കേരളം. കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള കേരളം. ആ കേരളമാണ് ഈ ദുരവസ്ഥയില്‍ എത്തിയത്. എങ്കില്‍ അതിനു കാരണക്കാര്‍ ആരെന്ന് നാം തിരിച്ചറിയേണ്ടതല്ലേ?
സുഗന്ധ വിളകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും സമൃദ്ധമായ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ കുരുമുളക് ഏലം എന്നിവ ഉല്പാദിപ്പിക്കുന്നത് നമ്മുടെ കേരളത്തിലാണ്. തേയിലയുടെ ഉല്പാദനത്തിലും കേരളത്തിന് അഭിമാനകരമായ സ്ഥാനമാണുള്ളത്.
റബ്ബര്‍ കാപ്പിക്കുരു തുടങ്ങിയ തോട്ട വിളകളിലും കേരളത്തിന് ഉന്നത സ്ഥാനം ഉണ്ട്. എന്നിരുന്നാലും ഈ കാര്‍ഷിക മേഖലകള്‍ ഇന്ന് സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നു.
നാളികേരത്തിന്റെ നാടാണല്ലോ കേരം തിങ്ങുന്ന കേരളം. പക്ഷേ ഇന്ന് നാളികേരകൃഷി കേരളത്തിന് പുറത്തേക്ക് നാടുകടത്തപ്പെട്ട അവസ്ഥയിലാണ്.
കൈതച്ചക്കയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉല്പാദകര് ആണ് കേരളം. എന്നാല്‍ കൈതച്ചക്ക കൃഷിക്കാര്‍ ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഒരുകാലത്ത് തോട്ടണ്ടിയുടെ വ്യവസായ വാണിജ്യ വ്യാപാര കാര്‍ഷിക മേഖലയായി കേരളം ലോകമെങ്ങും അറിയപ്പെട്ടിരുന്നു. പക്ഷേ ഇന്ന് നാം തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന ഉപഭോഗ സംസ്ഥാനം മാത്രമാണ്. തോട്ടണ്ടി വ്യവസായത്തില്‍ നിന്ന് ഇന്ന് കാര്യമായ വരുമാനം നേടാന്‍ കേരളത്തിന് സാധിക്കുന്നില്ല.
കയര്‍ വ്യവസായവും കൈത്തറി വ്യവസായവും കേരളത്തിന്റെ അഭിമാനമായിരുന്നു. ഒരു ഗതകാല ഓര്‍മ്മ മാത്രമാണ് ഇന്നുള്ളത്.
അറുനൂറു കിലോമീറ്റര്‍ വരുന്ന വിശാല കടല്‍ത്തീരമുള്ള കേരളം മത്സ്യബന്ധനത്തിനു മാത്രമല്ല മത്സ്യ സംസ്കരണം, വിപണനം എന്നീ മേഖലകളില്‍ ലോകപ്രശസ്തമാവാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും നാം ഇന്നും അതൊന്നും ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
നെല്ല് ഉല്പാദന മേഖലയായ പാലക്കാട് തൃശ്ശൂരും കുട്ടനാടും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നാം ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് ഏറ്റെടുക്കാന്‍ ആരുമില്ല എന്നുള്ളതാണ്.
വാഴകൃഷി ഏറ്റവും നന്നായി നടത്താനുള്ള കാലാവസ്ഥയും മണ്ണും ജലവും ഉള്ള നമ്മുടെ കേരളത്തില്‍ വാഴ കര്‍ഷകര്‍ക്ക് പിന്തുണ നല്കുന്ന കാര്‍ഷിക സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അവരും ഇന്ന് നഷ്ടത്തിലാണ്.
കാര്‍ഷിക ഇന്‍ഷുറന്‍സ് എന്നുള്ളത് കേരളത്തിലെ കര്‍ഷകര്‍ക്ക് അനിവാര്യമാണ്. കാരണം വെള്ളപ്പൊക്കം കാറ്റ് പകര്‍ച്ചവ്യാധികള്‍ വന്യമൃഗങ്ങളുടെ ശല്യം എന്നിവ ഏറ്റവും കൂടുതല്‍ നേരിടുന്നവരാണ് കേരളത്തിലെ കര്‍ഷകര്‍. എന്നാല്‍ ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സിന് ഉള്ള അവസരങ്ങളും പദ്ധതികളും കേന്ദ്ര ഗവണ്മെന്റ് നല്‍കുന്നുണ്ട് എങ്കിലും അതൊന്നും കര്‍ഷകരില്‍ എത്തിക്കാന്‍ കേരളം ഭരിച്ച സര്‍ക്കാരുകള്‍ നാളിതുവരെ ചിന്തിച്ചിട്ടുപോലുമില്ല.
മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കാര്‍ഷികമേഖലയ്ക്ക് വളരെയേറെ സാമ്പത്തിക ഉന്നതി നല്‍കും. വാണിജ്യ കൃഷിയിലും ഭക്ഷ്യ കൃഷിയിലും ഒരുപോലെ ഉപയോഗപ്പെടുത്താവുന്നതാണ് മൂല്യവര്‍ധന ഉത്പന്നങ്ങള്‍. ഇതിനായുള്ള നിരവധി കേന്ദ്ര ഗവണ്മെന്റ് പദ്ധതികള്‍ ഉണ്ട്. കോടിക്കണക്കിന് രൂപയുടെ സബ്സിഡികളും മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഉണ്ടെങ്കിലും അതൊന്നും നേടിയെടുക്കാനുള്ള യാതൊരു സംവിധാനവും സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഇപ്പോള്‍ ഇല്ല.
കാര്‍ഷിക യൂണിവേഴ്സിറ്റിയും കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും വിവിധ കാര്‍ഷിക ഡിപ്പാര്‍ട്ട്മെന്റുകളും കേരളത്തിലുണ്ട്. അവയിലൊക്കെ ആയിരക്കണക്കിന് ജീവനക്കാരും ലക്ഷക്കണക്കിന് രൂപയുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നിട്ടും ശാസ്ത്രനേട്ടങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാനും കര്‍ഷകരെ കൈപിടിച്ചുയര്‍ത്താനും നയിക്കാനും ഗവണ്മെന്റ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുന്നില്ല.
എഫ്പിഒകള്‍ക്കായി കേന്ദ്ര ഗവണ്മെന്റ് കേരളത്തിലേക്ക് 4350 കോടി രൂപ കൈമാറി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 400 എഫ്പിഒകള്‍ ഉണ്ടാകും എന്ന് പറഞ്ഞ കേരളസര്‍ക്കാര്‍ ഒറ്റ ഒരു എഫ്പിഒയും ഇന്നുവരെ ഉണ്ടാക്കിയിട്ടില്ല.
ചക്കയുടെ ഏറ്റവും വലിയ ഉല്പാദകര് ആണ് കേരളീയര്‍. എന്നാല്‍ അവയോട് അനുബന്ധിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒറ്റ ഫാക്ടറി പോലും കേരളത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല.
ഭക്ഷ്യ വൈവിധ്യത്തിന്റെ കലവറയാണ് കേരളം. ലോകം മുഴുവന്‍ നിറയുന്ന മലയാളി സാന്നിധ്യം ഒന്നു മാത്രം മതി കേരളത്തിന്റെ ഭക്ഷ്യ വൈവിധ്യത്തെ ലോക മാര്‍ക്കറ്റില്‍ എത്തിക്കുവാനും വലിയ സാമ്പത്തിക നേട്ടം മലയാളിക്ക് സ്വന്തമാക്കാനും. പക്ഷേ ഈ ദിശയിലുള്ള യാതൊരു കാഴ്ചപ്പാടും കേരളം ഭരിച്ച ഒരു സര്‍ക്കാരിനും ഉണ്ടായിട്ടില്ല.
ഈ പറഞ്ഞ എല്ലാ ദുരവസ്ഥകള്‍ക്കും അന്ത്യം വരുത്തുവാന്‍ കാര്‍ഷികരംഗത്ത് കാലോചിതമായ മൂല്യവര്‍ധന വരുത്തി, സാമ്പത്തികഭദ്രത ഉറപ്പാക്കാനുള്ള കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. കര്‍ഷകരെ കടക്കെണിയിലാക്കിയ വികസന മാതൃകയാണ് കേരളം പിന്തുടര്ന്നത്. കൃഷിയധിഷ്ഠിത – ഗ്രാമകേന്ദ്രിത ബദല്‍ വികസന മാതൃകയാണ് കേരളത്തിന് ഇന്നാവശ്യം. അതിന് പുതിയ നേതൃത്വമാണ് ഭരണരംഗത്ത് എത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: