പറയി പെറ്റ പന്തിരുകുലത്തിന്റെ സ്മരണകളുള്ള തൃത്താലയുടെ മണ്ണില്‍, കേരളത്തിന്റെ നവോത്ഥാന നായകന് വി.ടി. ഭട്ടതിരിപ്പാട് നടന്ന മണ്ണില്‍ മനുഷ്യരെ മനുഷ്യരായി കണ്ട കഥ പറയുകയാണ് ഒരു റൈസ് മില്‍.
പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ അക്കൂരത്ത് മനയുടെ റൈസ് മില്ലാണ് ജാതി മത വിവേചനങ്ങള്‍ക്കെതിരെ നിലകൊള്ളാനും, മനുഷ്യരെ ഒന്നായി കാണാനും പഠിപ്പിച്ചത്. 57 വര്‍ഷം പിന്നിടുന്ന ഈ റൈസ് മില്ലിനോടനുബന്ധിച്ച് പല പുരോഗമനവും ഞാങ്ങാട്ടിരിയില്‍ അരങ്ങേറി.
ജാതി വിവേചനം കൊടികുത്തിവാണിരുന്ന 1950കളില്‍ മനുഷ്യരെയെല്ലാം ഒന്നായി കണ്ടവരായിരുന്നു അക്കൂരത്ത് മനക്കാര്‍.
ആദ്യ കാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായും പിന്നീട് 1952-53 കാലഘട്ടത്തില്‍ ആര് എസ് എസ് പ്രവര്‍ത്തകനായും മാറിയ അക്കൂരത്ത് മനയിലെ രാമന് നമ്പൂതിരിയും, സഹോദരങ്ങളായ നീലകണ്ഠന് നമ്പൂതിരിയും പുരുഷോത്തമന് നമ്പൂതിരിയുമൊക്കെ ചേര്‍ന്നാണ് മാട്ടായയിലെ റൈസ് മില്‍ തുടങ്ങിയത്.
അക്കൂരത്ത് മനയില്‍ കൂട്ടുകുടുംബമായിരുന്നു. 1965 കാലഘട്ടത്തില്‍ കുടുംബത്തിലെ മുതിര്‍ന്നയാളായ രാമന് നമ്പൂതിരി പഞ്ചായത്ത് മെമ്പറായിരുന്നു.അന്ന് സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിച്ചാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് വാര്‍ഡ് മെമ്പറായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി റോഡുകളും കുളങ്ങളും നിര്‍മിക്കുകയുണ്ടായി. സ്വന്തം വാര്‍ഡില്‍ മാത്രമല്ല സമീപ പ്രദേശങ്ങളിലും വികസനം കൊണ്ടുവരുന്നതിന് അക്കാലത്ത് അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സ്വാര്‍ത്ഥത ഇല്ലാത്തതിനാല്‍ പഞ്ചായത്ത് ഫണ്ടിന് ഉപരിയായി തന്റെ കയ്യില്‍ നിന്ന് ചെലവു ചെയ്താണ് പല നിര്‍മാണ പ്രവൃത്തികളും നടത്തിയിരുന്നത്. അക്കൂരത്ത് മനയുടെ മില്ലിലെ കാര്യങ്ങള്‍ നോക്കിയിരുന്നതും രാമന് നമ്പൂതിരിയായിരുന്നു. നാട്ടുപ്രമാണി കൂടിയായിരുന്ന രാമന് നമ്പൂതിരി നാട്ടിലെ കാര്യങ്ങളിലും ഇടപെട്ടിരുന്നു. റൈസ് മില്ലിനൊപ്പം മനയിലെ മുഴുവന്‍ പേരും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
മനയുടെ വക മേപ്പാടം പുഞ്ചപ്പാടത്തായിരുന്നു കൃഷി. തുലാം, കാളത്തേക്ക് എന്നിവയാണ് ആദ്യ കാലത്ത് കൃഷിക്ക് വെള്ളത്തിനായി ഉപയോഗിച്ചിരുന്നത്. പിന്നീട് എഞ്ചിന് വാങ്ങി. അക്കൂരത്ത് മന ആദ്യം തുടങ്ങിയത് റൈസ് മില്ലാണ്. മനയുടെ പത്തായപ്പുരയിലായിരുന്നു മില്ല്. 1963 ലാണ് ഇത്. പിന്നീട് കൊപ്ര ആട്ടുന്ന ചക്ക് 72 ല്‍ തുടങ്ങി. മോട്ടോറില്‍ ആയിരുന്നു ചക്ക് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടത് എക്സ്പെല്ലറിലേക്ക് മാറ്റി. ഇക്കാലങ്ങളിലെല്ലാം ജാതിമത വ്യത്യാസമില്ലാതെ എല്ലാ ആളുകളുടേയും നെല്ലും കൊപ്രയുമൊക്കെ കുത്തി നല്‍കിയിരുന്നു.
1952-53 കാലഘട്ടത്തില്‍ തൃത്താലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയത് അക്കൂരത്ത് മനയിലാണ്. ഇതുമായി ബന്ധപ്പെട്ടും, സ്വാതന്ത്യസമര കാലത്ത് അതിനൊപ്പം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും ഇവിടെയുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രാമന് നമ്പൂതിരിക്ക് നാട്ടില്‍ ധാരാളം മുസ്ലിം സുഹൃത്തുക്കളുമുണ്ടായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തനവുമായി വരുന്നവര്‍ക്ക് സദ്യ നല്‍കിയിരുന്നത് ഇല്ലത്ത് കയറ്റി ഇരുത്തിയായിരുന്നു. ഒരുകാലത്ത് നമ്പൂതിരിക്കുളങ്ങളില് താഴ്ന്നജാതിക്കാര്‍ക്ക് കുളിക്കാന്‍പോലും അവസരം ഉണ്ടായിരുന്നില്ല. എന്നാല്‍, അന്നും അക്കൂരത്ത്മനയിലെ കുളത്തില്‍ കീഴ്ജാതിക്കാര്‍ക്ക് കുളിക്കാന്‍ അവസരം നല്‍കിയിരുന്നു. അതോടൊപ്പം തന്നെ എല്ലാ വിശേഷങ്ങള്‍ക്കും ഒരു പന്തിയിലായിരുന്നു എല്ലാവര്ക്കും ഭക്ഷണം നല്‍കിയിരുന്നത്. അക്കാലത്ത് നമ്പൂതിരിമാര്‍ക്കിടയില്‍ ഇതും മുറുമുറുപ്പുണ്ടാക്കി. ഓണം കഴിഞ്ഞുള്ള ചതയ ദിനത്തിലും കീഴ് ജാതിക്കാര്‍ക്ക് മനയില്‍ സദ്യ കൊടുത്തിരുന്നു.
ആര്‍എസ്എസുമായി ബന്ധപ്പെട്ട് ഇപ്പോഴും അക്കൂരത്ത് മനയില്‍ രണ്ട് പേര് പ്രവര്‍ത്തിക്കുന്നു. 45 വര്‍ഷക്കാലമായി ആര്‍എസ്എസ് പ്രചാരകനായ എ.എം. കൃഷ്ണനും, തൃത്താല ഖണ്ഡിന്റെ സംഘചാലകും റിട്ട: അദ്ധ്യാപകനുമായ രാമനുമാണത്. തൃത്താലയുടെ വിവിധ മേഖലകളില്‍ ആര്‍എസ്എസ് ശാഖകള്‍ തുടങ്ങുന്നതിനും കാരണക്കാരായവര്‍ അക്കൂരത്ത് മനക്കാര്‍ തന്നെയാണ്.
ജാതീയത നിലനിന്നിരുന്ന ആദ്യ കാലങ്ങളില്‍ ഇതിനെതിരെ രംഗത്തുവന്ന അക്കൂരത്ത് മനയിലെ പിന് തലമുറ പേരിനൊപ്പം നമ്പൂതിരി ചേര്‍ക്കുകയുണ്ടായില്ല. അടുക്കളയില്‍ വരെ അന്നും എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും കയറിച്ചെല്ലാമായിരുന്നു. നെല്ല് പത്തായത്തില് എത്തിച്ചിരുന്നതും ജാതി വ്യത്യാസം ഇല്ലാതെയാണ്. മനയുടെ മില്‍ ഇപ്പോള്‍ 57 വര്‍ഷം പിന്നിടുകയാണ്. ആദ്യകാലങ്ങളില്‍ ഈ മില്ലിനെയാണ് പലരും ആശ്രയിച്ചിരുന്നത്.
എല്ലാ ജാതിക്കാരനും ഒന്നാണെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ അക്കൂരത്ത് മനക്കാര്‍ ആയുധമാക്കിയത് റൈസ് മില്ലിനെയാണ്. അതുകൊണ്ടാണ് ആദ്യ കാലങ്ങളില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി 11 വരെയൊക്കെ മില്ല് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ ഈ മില്‍ ജനഹൃദയങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: