ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇടനിലക്കാരുടെ സമരം തുടരുന്നതിനിടെ, അവശ്യസധാന നിയമഭേദഗതി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അധ്യക്ഷനായ പാര്‍ലമെന്ററി സമിതി. വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ‘അവശ്യവസ്തുക്കളുടെ വിലവര്‍ധന-കാരണങ്ങളും പ്രത്യാഘാതങ്ങളും’ എന്ന റിപ്പോര്‍ട്ടിലാണ് ഭക്ഷ്യ, ഉപഭോക്തൃകാര്യ, പൊതുവിതരണ പാര്‍ലമെന്ററി സ്ഥിരം സമിതി ഈ ശുപാര്‍ശ മുന്നോട്ടുവച്ചത്.
ചെയര്‍പേഴ്സണ്‍ സുദീപ് ബന്തോപാധ്യായ്യെ കൂടാതെ മറ്റൊരു ടിഎംസി എംപി കൂടി സമിതിയിലുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു എംപി, ബിജെപിയുടെ 13 പേര്, നാലു കോണ്‍ഗ്രസ് എംപിമാര്‍, ഡിഎംകെ, ബിജെഡി, ശിവസേന, ആപ്, ടിആര്‍എസ്, വൈഎസ്ആര്‍സിപി, ജെഡിയു, എന്‍സിപി, എന്‍പിഎഫ്, പിഎംകെ, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ ഓരോ എംപിമാരും സമതിയുടെ ഭാഗമാണ്.
കാര്‍ഷിക മേഖലയിലെ ഉപയോഗിക്കാത്ത ധാരാളം വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് 2020-ലെ അവശ്യസാധന നിയമഭേദഗതി ഉത്പ്രേരകമായി പ്രവര്‍ത്തിക്കുമെന്ന് സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യത്തിനിടെ പ്രതിപക്ഷ എംപിമാര്‍ ഉള്‍പ്പെടുന്ന സമിതി നിയമത്തിനായി വാദിക്കുന്നത് ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തേ അവശ്യസാധന നിയമഭേദഗതിക്കെതിരെ കടുത്ത വിമര്‍ശനമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയത്. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കിയെന്നാണ് മമതയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: