ഏറ്റുമാനൂര്‍: ശബരിമലയില്‍ ഇടതു സര്‍ക്കാര്‍ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ട അയ്യപ്പഭക്തന്മാരുടെ ജില്ലാതല കുടുംബസംഗമം നാളെ നടക്കും. വൈകിട്ട് നാലിന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന് മൈതാനത്താണ് സംഗമമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടന കളുടെ നേതൃത്വത്തിലാണ് സംഗമം നടക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍, സന്യാസിവര്യന്മാര്, ആചാര്യ ശ്രേഷ്ഠന്മാര്, സമുദായ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.
സിഎഎ കേസിലെ മുഴുവന്‍ പ്രതികളെയും കേസ്സില്‍ നിന്ന് മോചിപ്പിക്കുന്ന സര്‍ക്കാര്‍, അയ്യപ്പഭക്തരുടെ കേസുകള്‍ക്ക് ഉപാധിവച്ചിരിക്കുകയാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കില്ല എന്ന് പറഞ്ഞ സര്‍ക്കാരിന്റെ ഗൂഢോ ദ്ദേശം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കര്‍മ്മസമിതി ജില്ലാ പ്രസിഡന്റ് പി.എസ്. പ്രസാദ്, താലൂക്ക് പ്രസിഡന്റ് ശങ്കര്‍ സ്വാമി, ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: