കുന്ദംകുളം: ജനങ്ങളുടെ ഹൃദയപക്ഷത്തു നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ച് മുൻ ഡിജിപിയും എൻഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ ഡോ.ജേക്കബ് തോമസ്. കുന്ദംകുളത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“ബഹുമാന്യനും സർവ്വോപരി ജനങ്ങളുടെ ഹൃദയപക്ഷത്ത് നിൽക്കുന്നയാളുമാണ് ഞങ്ങളുടെ മുഖ്യമന്ത്രി എന്നാണ് അണികൾ പൊതുവേ പറയാറ്… അദ്ദേഹത്തോടുള്ള ചില ചെറിയ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുമോ എന്ന് നോക്കാം” എന്ന മുഖവുരയോടെയായിരുന്നു തുടക്കം.
ബിജെപിയിൽ ചേരുന്ന ആളുകളെല്ലാം അവരുടെ തനി സ്വഭാവം കാണിക്കും എന്നാണ് ഏറ്റവുമൊടുവിലായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന. അങ്ങനെയെങ്കിൽ സിപിഎമ്മിലേക്ക് പോകുന്ന ആളുകളെല്ലാം ആ ‘തനി സ്വഭാവം’ പുറത്തെടുക്കും എന്ന് ഞങ്ങൾ പറയുന്നതിൽ തെറ്റുണ്ടോ? ജേക്കബ് തോമസ് ചോദിച്ചു. താങ്കൾക്ക് എതിർക്കാൻ പറ്റില്ല. കാരണം, താങ്കൾ ഉൾപ്പെടെയുള്ള നേതാക്കന്മാരെല്ലാം സിപിഎമ്മിൽ വന്ന ശേഷം സിപിഎമ്മിന്റെ ‘യഥാർത്ഥ സ്വഭാവം’ എടുത്തണിഞ്ഞ വരാണല്ലോ… അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെന്ന പരമോന്നത സ്ഥാനത്തിരുന്നിട്ടും വെറും പാർട്ടി സെക്രട്ടറിയെ പോലെ താങ്കൾ പെരുമാറിയ പല സന്ദർഭങ്ങളുമുണ്ട്. അതിലൊന്നാണല്ലോ പത്രമാധ്യമങ്ങളെ കാണുമ്പോഴുള്ള അവജ്ഞ. ‘കടക്ക് പുറത്ത്’ എന്ന പഞ്ച് ഡയലോഗ് അണികൾക്ക് ആഘോഷമായിരിക്കാം. ഒന്ന് ചോദിച്ചോട്ടെ, ഇ. പി. ജയരാജൻ ബന്ധുനിയമനം നടത്തിയപ്പോഴും, എ. കെ. ശശീന്ദ്രൻ ‘പെൺ കെണി’ വിവാദത്തിൽ പെട്ടപ്പോഴും, കെ. ടി. ജലീലിന്റെ ബന്ധു നിയമനങ്ങൾ തെളിവു സഹിതം പുറത്തു വന്നപ്പോഴും ‘ഇരട്ടചങ്ക’നായ അങ്ങ് എന്താണ് അവരോടൊന്നും “കടക്ക് പുറത്ത്” എന്ന് പറയാതിരുന്നത്? ഉന്നത ഉദ്യോഗസ്ഥനായ ശിവശങ്കരന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ രാജ്യദ്രോഹം തെളിഞ്ഞപ്പോഴും കടക്ക് പുറത്ത് എന്ന് താങ്കൾക്ക് പറയാൻ സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്? പറയേണ്ട പഞ്ച് ഡയലോഗുകൾ പറയേണ്ടവരോട് പറയാതെ പാവം പത്രക്കാരുടെ വായടപ്പിക്കുന്നതിലെന്താണ് താങ്കൾ കണ്ട മേന്മ? ജേക്കബ് തോമസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: