ലണ്ടന്‍: പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തില്‍ തിരിച്ചെത്തിയ പോള്‍ പോഗ്ബയുടെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം മറ്റൊരു പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം പുറത്തായി.
രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് എസി മിലാനെ തോല്‍പ്പിച്ചത്. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് വിജയ ഗോള്‍ നേടിയത്. രണ്ട് പാദങ്ങളിലായി നടന്ന പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1 ന്റെ വിജയം നേടി. ആദ്യ പാദ മത്സരം സമനില (1-1) യായിരുന്നു.
ടോട്ടനത്തെ പ്രീ ക്വാര്‍ട്ടറില്‍ ഡൈനാമോ സഗ്രേബ് അട്ടിമറിച്ചു. ആദ്യ പാദത്തില്‍ 2-0 ന് മുന്നിട്ടുനിന്ന ടോട്ടനത്തെ രണ്ടാം പാദത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡൈനാമോ ക്വാര്‍ട്ടറില്‍ കടന്നത്. മിസ്ലേവ് ഒര്‍സിച്ചിന്റെ ഹാട്രിക്കാണ് ഡൈനാമോക്ക് വിജയമൊരുക്കിയത്.
ആഴ്സണല്‍, റോമ, അയാക്സ്, വിയാ റയല്‍ ടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം പാദത്തില്‍ ആഴ്സണല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഒളിമ്പിയാകോസ് പിറീയസിനെ തോല്‍പ്പിച്ചു. ഇതോടെ രണ്ട് പാദങ്ങളിലുമായി ആഴ്സണല്‍ 3-2 ന്റെ വിജയം സ്വന്തമാക്കി.
റോമ ശക്തര്‍ ഡോണ്സ്കിനെ തോല്‍പ്പിച്ചു. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റോമ വിജയിച്ചത്. ഇതോടെ രണ്ട് പാദങ്ങളിലുമായി അവര്‍ 5-1 ന്റെ വിജയം നേടി.
വിയാ റയല്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡൈനാമോ കീവിനെ തോല്‍പ്പിച്ചു. ഇതോടെ രണ്ട് പാദങ്ങളിലുമായി അവര്‍ 4-0 ന് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: