ശ്ലോകം 296
അതോ/ഭിമാനം ത്യജ മാംസപിണ്ഡേ
പിണ്ഡാഭിമാനിന്യപി ബുദ്ധികല്പിതേ
കാലത്രയാബാധ്യമഖണ്ഡബോധം
ജ്ഞാത്വാ സ്വമാത്മാനമുപൈഹി ശാന്തിം
അതിനാല്‍ മാംസപിണ്ഡമായ ശരീരത്തേയും അതിലെ അഭിമാനത്തേയും വെടിയുക. രണ്ടും ബുദ്ധികല്പനകള് മാത്രമാണ്. കാലത്രയം ബാധിക്കാത്ത അഖണ്ഡ ബോധമാണ് ആത്മാവ് എന്നറിഞ്ഞ് പരമശാന്തിയടയണം.
ഈ ശരീരം അനിത്യവും നിരന്തരമാറ്റങ്ങള്‍ക്ക് വിധേയമായതുമാണ്. വെറും മാംസക്കൂട്ടമായ അതില്‍ അഭിമാനം വച്ചിട്ടൊരു കാര്യവുമില്ല. മൂന്ന് കാലങ്ങളിലും നിലനില്‍ക്കുന്ന ആത്മതത്ത്വമാണ് ഞാന്‍, എന്ന് ബോധ്യപ്പെട്ടാല്‍ ശാന്തിയുണ്ടാവും.
അദ്ധ്യാസത്തെ എങ്ങനെ ഉപേക്ഷിക്കും എന്നതിനെ വിവരിക്കുകയാണ് ഇവിടെ. ശരീരം ഒരു മാംസപിണ്ഡമാണ്. മാംസക്കട്ടയോടുള്ള തന്മയീഭാവത്തെ വെടിയാനാണ് പറയുന്നത്.
ധനമോ വീടോ ഭാര്യയോ സ്ഥാനമാനങ്ങളോ ഒന്നും വെടിയേണ്ടതില്ല. ഇവയൊക്കെ ഉപേക്ഷിച്ചിട്ടും സ്വന്തം ദേഹത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ത്യാഗം കൊണ്ട് പ്രയോജനമില്ല. എവിടെ പോയി ഒളിച്ചാലും അവയൊക്കെ നമ്മുടെ അരികില്‍ വന്നെത്തും.
ഞാന്‍ ഈ ദേഹമാണ് എന്ന അഭിമാനം അഹന്തയുടേതാണ്. അഹന്ത ബുദ്ധിയുടെ കല്പ്പനയാണ്. ദേഹത്തേയും ദേഹമാണ് ഞാന്‍ എന്ന ധാരണയേയും വെടിഞ്ഞാല്‍ അഹന്ത നശിക്കും. അഹന്തയെ നീക്കം ചെയ്താല്‍ ത്രികാല അബാധിതവും അഖണ്ഡവുമായ ശുദ്ധ ബോധമാണ് ഞാന്‍ എന്ന് അനുഭവിച്ചറിയാന്‍ കഴിയും. ഇങ്ങനെ ആത്മാവിനെ സാക്ഷാത്കരിച്ച് പരമശാന്തിയെ നേടാനാണ് ഉപദേശിക്കുന്നത്.
ശ്ലോകം 297
ത്യജാഭിമാനം കുല ഗോത്രനാമ-
രൂപാശ്രമേഷ്വാര്ദ്രശവാശ്രിതേഷു
ലിംഗസ്യ ധര്മ്മാനപി കര്ത്തൃതാദീന്
ത്യക്ത്വാ ഭവാഖണ്ഡ സുഖസ്വരൂപഃ
കുലം, ഗോത്രം, നാമം, രൂപം, ആശ്രമം എന്നിവയിലുള്ള അഭിമാനത്തെ വെടിയണം. അവ ചീഞ്ഞുനാറുന്ന ശവം പോലെയുള്ള സ്ഥൂല ശരീരത്തെ ആശ്രയിച്ച് നില്ക്കുന്നവയാണ്.അതു പോലെ സൂക്ഷ്മശരീരവുമായി ബന്ധപ്പെട്ട കര്‍ത്തൃത്വം മുതലായ അഭിമാനങ്ങളെ വെടിഞ്ഞ് അഖണ്ഡ സുഖ സ്വരൂപനായിത്തീരണം.
കുലം, ഗോത്രം മുതലായവയിലുള്ള അഭിമാനം ശവതുല്യമായ സ്ഥൂല ശരീരവുമായി ബന്ധപ്പെട്ടതാണ്. ശരീരമാണെങ്കിലോ ചീഞ്ഞുനാറുന്നതും നശ്വരവുമാണ്. അതില്‍ മമത വെച്ചിട്ട് കാര്യമേതുമില്ല. ഞാന്‍ എന്നും എന്റെ എന്നുമുള്ള ശരീര അഭിമാനം വെടിയണം.
ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്നിങ്ങനെയുള്ള കര്‍ത്തൃത്വഭോക്തൃത്വ അഭിമാനങ്ങള്‍ സൂക്ഷ്മ ശരീരത്തെ ആശ്രയിച്ചുള്ളതാണ്. ഈ അഭിമാനങ്ങളെ വിട്ട് എന്നുമുള്ളതായ ബ്രഹ്മാനന്ദത്തെ നേടുകയാണ് വേണ്ടത്. അതിനാല്‍ അദ്ധ്യാത്മിക സാധനയ്ക്ക് എപ്പോഴും തടസ്സമായിട്ടുള്ള എല്ലാത്തരത്തിലുമുള്ള അഹന്തയെയും നന്നായി ഉപേക്ഷിക്കുക തന്നെ വേണം.
സ്വ അദ്ധ്യാസ അപനയം കുരു സ്വന്തം അബദ്ധ ധാരണയെ നീക്കൂ എന്നതിനെ ഇവിടെ ഒന്നുകൂടി വ്യക്തമാക്കി. സ്ഥൂല സൂക്ഷ്മ ശരീരങ്ങളിലെ അഭിമാനം വിട്ട് സച്ചിദാനന്ദ സ്വരൂപനാകട്ടെ എന്ന് ഗുരു ഉപദേശിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: