Categories: Samskriti

കേനോപനിഷത്ത്: ഒരു വിചിന്തനം

ആത്മീയത, ചരിത്രം, സംസ്‌കാരം എല്ലാം തികഞ്ഞതാണ് നമ്മുടെ ആര്‍ഷസാഹിതി. ആര്‍ഷപരിമളം വാരിച്ചൂടിയ ഉപനിഷത്തുതന്നെ കേനം. എല്ലാ ഉപനിഷത്തുകളുടേയും മുഖ്യപ്രമേയം ബ്രഹ്മം. കേനത്തിന്റെ സ്ഥിതിയും മറിച്ചല്ല. 'കേന' (ആരാല്‍) എന്ന പ്രശ്‌നവാചകം കൊണ്ടാണ് ഈ ഉപനിഷത്ത് തുടങ്ങുന്നത്. പ്രശ്‌നങ്ങള്‍ ഉന്നയിക്കുക, അതിനു സമാധാനം നല്കുക. എല്ലാ ഉപനിഷത്തുകളുടേയും രീതിശാസ്ത്രം ഇങ്ങനെതന്നെ.

കേനേഷിതം – ഒരാമുഖം

അതിപ്രാചീനമായ ഉപനിഷത്തുകള്‍ രണ്ടെണ്ണം. ബൃഹദാരണ്യകവും ഛാന്ദോഗ്യവും. ഇവയ്‌ക്കുശേഷം വരുന്ന അതിപ്രശസ്തങ്ങളായ ഉപനിഷത്തുകളാണ് ഈശവും കേനവും. ഈശത്തെ തുടര്‍ന്ന് കേനം. സാമവേദത്തിന്റേതായ മുഖ്യോപനിഷത്താണ് കേനം.

ആത്മീയത, ചരിത്രം, സംസ്‌കാരം എല്ലാം തികഞ്ഞതാണ് നമ്മുടെ ആര്‍ഷസാഹിതി. ആര്‍ഷപരിമളം വാരിച്ചൂടിയ ഉപനിഷത്തുതന്നെ കേനം. എല്ലാ ഉപനിഷത്തുകളുടേയും മുഖ്യപ്രമേയം ബ്രഹ്മം. കേനത്തിന്റെ സ്ഥിതിയും മറിച്ചല്ല. ‘കേന’ (ആരാല്‍) എന്ന പ്രശ്‌നവാചകം കൊണ്ടാണ് ഈ ഉപനിഷത്ത് തുടങ്ങുന്നത്. പ്രശ്‌നങ്ങള്‍ ഉന്നയിക്കുക, അതിനു സമാധാനം നല്കുക. എല്ലാ ഉപനിഷത്തുകളുടേയും രീതിശാസ്ത്രം ഇങ്ങനെതന്നെ.  

ശ്വേതാശ്വതരോപനിഷത്തിന്റെ സമാരംഭം നാലുചോദ്യവാചകങ്ങള്‍കൊണ്ടാണ് എന്നതോര്‍ക്കുക. അതിങ്ങനെ: കിം? (എന്ത്- സ്വരൂപം), കുതഃ? (എങ്ങുനിന്ന്- ആഗമം), കേന? (എന്തുകൊണ്ട് – കാരണം), ക്വ? (എവിടെ- ലക്ഷ്യം).

ഉപനിഷത്തിലെ പ്രഥമപദത്തില്‍ സ്വന്തം പേര് ഈശാവാസ്യംപോലെ കേനവും കണ്ടെത്തി. ഈശം ഈശാവാസ്യമായതുപോലെ. ഒരു രണ്ടാം പേര് കേനത്തിനുണ്ട്- കേനേഷിതം. തല(ള)വകരോപനിഷത്തെന്നും ബ്രാഹ്മണോപനിഷത്തെന്നും ഇതറിയപ്പെടുന്നുണ്ട്. സാമവേദത്തില്‍പ്പെടുന്ന തല(ള)വകാരബ്രഹ്മണത്തിലെ ഒരു ചെറുഭാഗമാണിത്. ജൈമിനീയ ബ്രാഹ്മണത്തിന്റെ ഒരവാന്തരശാഖയാണ് തല(ള)വകാരം. ജൈമിനി ഗുരുവും തല(ള)വകാരന്‍ ശിഷ്യനും എന്നറിയുക.  

എന്താണ് കേനോപനിഷത്തിന്റെ ഘടന? ഗദ്യപദ്യമയമാണ് ഈ ഉപനിഷത്ത്. ആകെക്കൂടി നാല് ചെറുഖണ്ഡങ്ങള്‍. ആദ്യത്തെ രണ്ടു ഖണ്ഡങ്ങള്‍ പദ്യമയം. ബാക്കി രണ്ട് ഗദ്യമയം.

പ്രഥമ ഖണ്ഡം – 8 മന്ത്രം, ദ്വിതീയ ഖണ്ഡം – 5 മന്ത്രം, തൃതീയ ഖണ്ഡം – 12 മന്ത്രം, ചതുര്‍ത്ഥ ഖണ്ഡം – 9 മന്ത്രം.

ആകെ 34 മന്ത്രങ്ങള്‍ മാത്രമേ കേനോപനിഷത്തിലുള്ളൂ. ബ്രഹ്മവിദ്യയെ അധികരിച്ചുള്ള ജ്ഞാനപാഠങ്ങളാണല്ലൊ ഉപനിഷത്തുകളെല്ലാംതന്നെ. ഗുരുശിഷ്യസംവാദരൂപത്തില്‍ ബ്രഹ്മവിദ്യ വിവരിക്കുന്നു. എല്ലാ ഉപനിഷത്തുകളും ബ്രഹ്മത്തെപ്പറ്റിയാണ് പ്രത്യേകം പ്രതിപാദിക്കുന്നതെങ്കിലും ബ്രഹ്മിയായ ഉപനിഷത്ത് കേനമാണ്. ‘ഉപനിഷത്ത് ബ്രാഹ്മീം’ എന്ന് നാലാംഖണ്ഡം ഏഴാം മന്ത്രം.

ശങ്കരാചാര്യരും രാമാനുജാചാര്യരും മധ്വാചാര്യരും കേനോപനിഷത്തിന് ഭാഷ്യങ്ങള്‍ രചിച്ചിട്ടുണ്ട്. രണ്ടുഭാഷ്യങ്ങള്‍ കേനത്തിന് ശ്രീശങ്കരന്‍ എഴുതിയിരിക്കുന്നുവെന്നത് ഈ ഉപനിഷത്തിന്റെ മഹിമയെയാണ് സ്പഷ്ടീകരിക്കുന്നത്. ഒന്ന്: പദഭാഷ്യം, രണ്ട്: വാക്യഭാഷ്യം. ഭാഷ്യദ്വയം ഇതിന് മാത്രം എന്നതും ശ്രദ്ധേയം.

കേനോപനിഷത്തിലെ പരബ്രഹ്മതത്വം ഗഹനവും ഒരളവുവരെ ദുര്‍ഗ്രഹവുമാണ്. സുഗ്രഹമാക്കാന്‍ അസാധാരണമാംവിധം ഗുരുശിഷ്യസംവാദരൂപം ഋഷി സ്വീകരിച്ചിരിക്കുന്നു. ബ്രഹ്മജിജ്ഞാസയോടെ ഗുരുവിനരികെ യുവശിഷ്യന്‍ ഉപനിഷന്മര്യാദയിലിരിക്കുന്നു. ശിഷ്യന്റെ പ്രശ്‌നത്തോടെയാണ് കേനോപനിഷത്ത് സമാരംഭിക്കുന്നത്. ശിഷ്യന്‍ ഇതാ പ്രശ്‌നമവതരിപ്പിക്കുന്നു:

‘കേനേഷിതം പതതി പ്രേഷിതം മനഃ

കേനപ്രാണഃ പ്രഥമഃ പ്രൈതി യുക്തഃ

കേനേഷിതം വാച മിമാം വദന്തി

ചക്ഷുഃ ശ്രോത്രം ക ഉദേവോയുനക്ത’ (ക:1)

‘കേന’ ‘കേന’ എന്ന മുഴങ്ങുന്ന ശബ്ദം. ശബ്ദം ആശയത്തെ ധ്വനിപ്പിക്കുന്നു.

ഈ മുഗ്ധമന്ത്രത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത് നാലുചോദ്യങ്ങളാണ്. അവ ഇങ്ങനെ പറയാം:

1.പ്രാണന്‍ ഇളകുന്നത് ഏതിന്റെ നിയോഗം മൂലമാണ്? 2.ഏത് ആഗ്രഹിച്ചിട്ടാണ് വാക്ക് പറയുന്നത്? 3.മനസ്സിനെ വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇച്ഛ വഴി പ്രേരിപ്പിക്കുന്നതെന്താണ്?

4. കണ്ണിനേയും കാതിനേയും നയിക്കുന്നത് ഏത്?

ഗുരു ശിഷ്യനെ നിര്‍നിമേഷാക്ഷനായി നോക്കി മന്ദഹസിച്ചു.

(തുടരും)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക