കാഞ്ഞങ്ങാട്: മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ ടീച്ചറെ കണ്ണൂര്‍ ജില്ലയിലെ ധര്‍മടത്തു വെച്ച് മാര്‍ക്സിസ്റ് പാര്ട്ടിക്കാര് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച നടപടിയില്‍ ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി പ്രധിഷേധം രേഖപ്പെടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ജനജഗരണ യാത്രയില്‍ സംസാരിക്കുകയായിരുന്നു ടീച്ചര്‍.
ശബരിമല വിഷയവും, മീശ നോവലിനെതിരെയും ശക്തമായ ഭാഷയില്‍ പ്രതികരിച്ച ടീച്ചറോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു മാര്‍ക്സിസ്റ് പാര്ട്ടിക്കാര്. നിര്‍ത്താതെ പ്രസംഗം തുടര്‍ന്ന ടീച്ചറെ അപമാനിക്കുന്ന രീതിയില്‍ സംസാരിയ്ക്കുകയും മൈക്ക് പിടിച്ചുമാറ്റി കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. നാട്ടുകാര്‍ ഓടി കൂടി ടീച്ചറെ രക്ഷപ്പെടുത്തുകയായിരുന്നു. ആശയം പരാജയെപ്പെടുമ്പോള്‍ ആയുധമെടുക്കുന്ന മാര്‍കിസ്റ്റ് നയം ഇനിയും ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധം തീര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഗോവിന്ദന് മാസ്റ്റര്‍ കോട്ടോടി അധ്യക്ഷത വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.പി.ഷാജി, രാജന് മുളിയാര്‍ മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി സതി കോടോത്ത്, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വാമന ആചാര്യ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സംഘടനാ സെക്രട്ടറി കുഞ്ഞിരാമന് കേളോത്ത് സ്വാഗതവും മഹിളാ ഐക്യ വേദി ജില്ലാ ജനറല്‍ സെക്രട്ടറി വാസന്തി കുമ്പള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: