ഭുവനേശ്വര്‍: ജഗന്നാഥ ഭഗവാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 35,000 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഒഡീഷ സര്‍ക്കാര്‍. ചൊവ്വാഴ്ച നിയമമന്ത്രി പ്രതാപ് ജെനയാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്. 24 ജില്ലകളിലായിട്ടാണ് സംസ്ഥാനത്ത് ജഗന്നാഥ ഭഗവാന്റെ പേരില്‍ ഭൂമി വ്യാപിച്ചുകിടക്കുന്നത്. 395.252 ഏക്കര്‍ മറ്റ് ആറ് സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
‘ ഭഗവാന് ജഗന്നാഥന്റെ പേരിലുള്ള ഏകദേശം 60,426 ഏക്കറോളം ഭൂമി സംസ്ഥാനത്തെ 24 ജില്ലകളിലായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗാള്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലായി 395 ഏക്കറിലധികം ഭൂമിയും തിരിച്ചറിഞ്ഞിട്ടുണ്ട്’- നിയമസഭയിലെ ചോദ്യത്തിന് ഉത്തരമായി പ്രതാപ് ജെന അറിയിച്ചു. ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ഈ ഭൂമികള്‍ വില്‍ക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്ര ഭരണസമിതി 34,876.983 ഏക്കര്‍ ഇതുവരെ വീണ്ടെടുത്തിട്ടുണ്ട്. ‘സര്‍ക്കാര്‍ അംഗീകരിച്ച സമന് നീതി(ഏകീകൃത നയം) അനുസരിച്ച് വീണ്ടെടുത്ത ഭൂമി വില്‍ക്കാനുള്ള നടപടികള്‍ എടുത്തുവരുന്നതായും’ ജെന വ്യക്തമാക്കി. ‘മുന്‍ ഗവര്‍ണര്‍ ബി ഡി ശര്‍മ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകളും ജഗന്നാഥക്ഷേത്ര ഭരണസമിതിയുടെ അനുമതിയും പ്രകാരം ക്ഷേത്രഭൂമി വില്ക്കാന് ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
വിവിധ ജില്ലകളിലുള്ള ജഗന്നാഥന്റെ 315.337 ഏക്കര്‍ ഭൂമി വിറ്റുകഴിഞ്ഞുവെന്നും ക്ഷേത്രനിധിയിലേക്ക് 11,20,77,000 രൂപ നിക്ഷേപിച്ചുവെന്നും മന്ത്രി പറഞ്ഞു. 30 വര്‍ഷത്തിലധികമായി ഭൂമി കയ്യേറിയവര്‍ക്ക് ഏക്കറിന് ആറുലക്ഷം വീതം നല്കി കൈവശാവകാശം ഏറ്റെടുക്കാമെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 20 വര്‍ഷത്തില്‍ കൂടുതലുള്ളവര്‍ ഒന്‍പത് ലക്ഷം നല്‍കണം. 12 വര്‍ഷം കഴിഞ്ഞവര്‍ക്ക് ഇത് 15 ലക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: