Categories: India

ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ മോഷണം; പോലീസും ഫോറന്‍സിക് വിദഗ്ധരും അന്വേഷണത്തില്‍

തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ മോഷണം നടന്നിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെന്റിലേഷന്‍ ജനലിലൂടെയായിരിക്കും മോഷ്ടാവ് പാലസിനുള്ളില്‍ പ്രവേശിച്ചതെന്നാണ് പോലീസ് കുരുതുന്നത്.

Published by

ഗ്വാളിയോര്‍: ബിജെപി നേതാവും രാജ്യസഭാ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരത്തില്‍ മോഷണം. ഗ്വാളിയാറിലെ ജയ് വിലാസ് പാലസിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്.  

തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ മോഷണം നടന്നിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെന്റിലേഷന്‍ ജനലിലൂടെയായിരിക്കും മോഷ്ടാവ് പാലസിനുള്ളില്‍ പ്രവേശിച്ചതെന്നാണ് പോലീസ് കുരുതുന്നത്. റാണി മഹലിലെ റെക്കോര്‍ഡ് റൂമിലാണ് മോഷണം നടന്നിരിക്കുന്നത്. ഇവിടുത്തെ ഒരു ഫാനും കമ്പ്യൂട്ടര്‍ സിപിയുവും മോഷണം പോയിരുന്നു. സിപിയു പിന്നീട് കൊട്ടാരത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും കണ്ടെത്തി.  

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി വരികയാണ്.  ചില ഫയലുകള്‍ക്കായി ബുധനാഴ്ച തിരച്ചില്‍ നടത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. റെക്കോര്‍ഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. 10 വര്‍ഷം മുമ്പ് റെക്കോര്‍ഡ്സ് റൂമില്‍ മോഷണം നടന്നിരുന്നു. അന്ന് നഷ്ടപ്പെട്ട രേഖകള്‍ കണ്ടെത്താനോ മോഷ്ടാക്കളെ പിടികൂടാനോ ഇതു വരെ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പാലസിലെ ജീവനക്കാരേയും പരിസര വാസികളേയും ചോദ്യം ചെയ്യും.  

1874 ല്‍ അന്നത്തെ ഗ്വാളിയോര്‍ മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യയാണ് ജയ് വിലാസ് മഹല്‍ നിര്‍മിച്ചത്. 400 മുറികളുള്ള ഈ കൊട്ടാരത്തിന് ഏകദേശം 4000 കോടിയുടെ വിലമതിപ്പുണ്ട്. കൊട്ടാരത്തിന്റെ ഒരു ഭാഗം മ്യൂസിയമാണ്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കാണ് ഈ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം. അദ്ദേഹം ഗ്വാളിയോറില്‍ എത്തുമ്പോള്‍ ഇവിടെയാണ് താമസിക്കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക