കൊച്ചി: ഗുരുവായൂരപ്പനെ തൊഴുത് കാണിക്കയിട്ട മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിനെതിരെ സമസ്ത നേതാക്കള്‍. ഇസ്ലാം മതത്തില്‍ നിന്ന് പുറത്ത് പോകേണ്ട അപരാധമാണ് ഖാദറിന്റേതെന്നാണ് സമസ്ത യുവജന വിഭാഗം എസ് വൈ എസിന്റെ നേതാക്കളായ നാസര്‍ ഫൈസി കൂടത്തായിയും അബ്ദുള്‍ ഹമീദ് ഫൈസി അമ്പലടക്കടവും പ്രതികരിച്ചത്. മുസ്ലിമിന് ശിര്ക്കിലല്ല മതേതരത്വം എന്നാണ് നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഏക ദൈവ വിശ്വാസി ശിര്‍ക്ക് ചെയ്ത് ”മതേതരത്വം” പ്രകടിപ്പിക്കുന്നത് കാപട്യമാണ്. നിയമസഭയില്‍ വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ച് ആര്‍ഷഭാരതീയതയുടെ മാനവികത സമര്‍ത്ഥിക്കുന്നതു കേട്ടപ്പോള്‍ വേദ പഠനത്തിലുള്ള ജ്ഞാനത്തില്‍ അഭിമാനിച്ചിരുന്നു. മതേതരത്വത്തിനും മാനവികതക്കുംഅതിലപ്പുറം ശിര്‍ക്കിനെ സ്വീകരിക്കണമെന്ന് ബഹുദൈവവിശ്വാസികള്‍ക്ക് പോലും ശാഠ്യമില്ല. ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്ലിങ്ങളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവ വിശ്വാസികള്‍ പോലും പറയില്ല. തെരഞ്ഞെടുപ്പല്ല പരലോക മോക്ഷമാണ് വിശ്വാസിക്ക് പ്രധാനം. കൂടത്തായി പറയുന്നു. അബ്ദുള്‍ ഹമീദ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ഇസ്ലാമിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒരു അധ്യായമുണ്ട് ‘കിതാബുരിദ്ധത്ത്’എന്നാണ് അതിന്റെ തലവാചകം.
മതത്തില്‍ നിന്ന് പുറത്തു പോകാന്‍ ഇടയാക്കുന്ന കാര്യങ്ങളാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. ആ അധ്യായം ഒന്ന് വായിച്ചാല്‍ വിഷയഗൗരവം ബോധ്യപ്പെടും.ഇതര മതങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ആവശ്യാനുസരണം സ്വീകരിക്കലാണ് മതേതരത്വമെങ്കില് ആ മതേതരത്വം നമുക്ക് വേണ്ട. നിലവിളക്ക് കൊളുത്തല്‍ എന്റെ മത വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ടുനിന്ന മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: