മക്കളേ,
ജീവിതത്തിലെ ഏതു രംഗത്തും വിജയം നേടുവാന്‍ ആവശ്യമായ ഒരു ഗുണമാണ് സ്ഥിരോത്സാഹം. പ്രതിബന്ധങ്ങളോ തിരിച്ചടിയോ നേരിടേണ്ടിവന്നാലും നമ്മള്‍ മനസ്സു മടുത്ത് പിന്തിരിയരുത്. ചെറിയ പരാജയങ്ങള്‍ നേരിട്ടാലും നിരാശരാകരുത്. സ്ഥിരോത്സാഹത്തോടെ, ആത്മവിശ്വാസത്തോടെ പരിശ്രമിച്ചുകൊണ്ടിരിക്കണം. സ്ഥിരോത്സാഹി വിജയിക്കുക തന്നെ ചെയ്യും.
പിച്ചവെച്ചു നടക്കുന്ന ഒരു കൊച്ചുകുട്ടി എത്രയോ പ്രാവശ്യം വീഴുന്നു. കുട്ടി ഉടനെ എഴുന്നേറ്റ് വീണ്ടും നടക്കുവാന്‍ ശ്രമിക്കുന്നു. എത്ര പ്രാവശ്യം വീണാലും അവന്‍ ശ്രമം ഉപേക്ഷിക്കുന്നില്ല. വീഴ്ചയില്‍ മുറിവോ ചതവോ വന്നാലും കുട്ടി ശ്രമം വിടാറില്ല. ഉത്സാഹവും ക്ഷമയും കൈവിടാതെയുള്ള ശ്രമത്തിന്റെ ഫലമായി അവന്‍ ക്രമേണ നടത്തം ശീലമാക്കുന്നു. പരാജയം നേരിടുമ്പോള്‍ മനസ്സു തളരാതെ ലക്ഷ്യത്തിലെത്തുന്നതുവരെ ഉത്സാഹത്തോടെ പ്രയത്‌നിക്കുവാനുള്ള കൊച്ചുകുട്ടികളുടെ ഈ മനസ്സാണ് നമ്മളും വളര്‍ത്തിയെടുക്കേണ്ടത്.
ഒരു ലക്ഷ്യം കരസ്ഥമാക്കാനായി നമ്മള്‍ മുന്നിട്ടിറങ്ങുമ്പോള്‍ പലപല മാര്‍ഗവിഘ്‌നങ്ങളും ഉണ്ടാകും, പ്രയാസമേറിയ ഘട്ടങ്ങള്‍ ഉണ്ടാകും, പല ഭാഗത്തുനിന്നും നിരുത്സാഹപ്പെടുത്തലുകളും വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാകും. ഇടയ്‌ക്കിടയ്‌ക്ക് ചെറിയ പരാജയങ്ങളും ഉണ്ടാകാം. എന്നാല്‍ അതൊന്നും നമ്മുടെ ആത്മവിശ്വാസത്തെയും വിജയിക്കുവാനുള്ള ഇച്ഛയെയും തളര്‍ത്താന്‍ അനുവദിക്കരുത്. ദൃഢനിശ്ചയത്തോടെ പരിശ്രമം തുടര്‍ന്നാല്‍ വിജയിക്കുക തന്നെ ചെയ്യും.
ഒരിക്കല്‍ ഒരുപറ്റം ആടുകള്‍ നല്ല ഉയരമുള്ള ഒരു മലയുടെ താഴ്‌വാരത്തെത്തി. മലമുകളില്‍ വിശാലമായ മുന്തിരിത്തോട്ടമുണ്ടായിരുന്നു. അതു കണ്ടതും ആട്ടിന്‍പറ്റത്തിലെ കുഞ്ഞാടുകള്‍ മറ്റെല്ലാം മറന്നു. ആട്ടിന്‍കുട്ടികളെല്ലാം മലമുകളിലേയ്‌ക്ക് ചാടിക്കയറിത്തുടങ്ങി. ഇതുകണ്ട് പ്രായമായ ആടുകള്‍ പറഞ്ഞു, ആ തോട്ടം വളരെ ഉയരത്തിലാണ്. കുട്ടികളായ നിങ്ങള്‍ക്ക് അവിടെവരെ എത്താന്‍ സാധിക്കില്ല. തിരിച്ചിറങ്ങൂ. ‘ഈ വാക്കുകള്‍ കേട്ട് ഉത്സാഹം നഷ്ടപ്പെട്ട് ആട്ടിന്‍കുട്ടികള്‍ ഓരോരുത്തരായി തിരിച്ചിറങ്ങിത്തുടങ്ങി. വളരെ കുറച്ചുപേര്‍ മാത്രം മല കയറ്റം തുടര്‍ന്നു. മുതിര്‍ന്ന ആടുകള്‍ ഇടയ്‌ക്കിടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു, ‘ഇറങ്ങൂ… ഇറങ്ങൂ… നിങ്ങള്‍ക്ക് മലമുകളില്‍ കയറാന്‍ സാധിക്കില്ല.’ ഇതുകേട്ട് ബാക്കിയുള്ള ആട്ടിന്‍കുട്ടികളും തിരിച്ചിറങ്ങി. ഒടുവില്‍ ഒരാട്ടിന്‍കുട്ടി മാത്രം ബാക്കിയായി. അത് മുകളിലോട്ട് കയറിക്കൊണ്ടേയിരുന്നു. അവസാനം ആ ആട്ടിന്‍കുട്ടി മലമുകളിലെത്തി. കൊതി തീരുവോളം മുന്തിരിപ്പഴങ്ങള്‍ തിന്നു. അത് താഴെ തിരിച്ചെത്തിയപ്പോള്‍ കൂട്ടുകാരൊക്കെ കൈകൊട്ടി ആരവം മുഴക്കി സ്വീകരിച്ചു. ഇതെല്ലാം കണ്ടുനിന്ന ഒരാട് ചോദിച്ചു, ‘ഇതെന്തൊരത്ഭുതമാണ്! മറ്റാരെക്കൊണ്ടും സാധിക്കാത്ത ഈ കാര്യം കുഞ്ഞായ നീ എങ്ങനെ സാധിച്ചു? ആട്ടിന്‍കുട്ടി ഒന്നും മിണ്ടിയില്ല. അപ്പോള്‍ അതിന്റെ തള്ള പറഞ്ഞു, ‘എന്റെ കുട്ടിയ്‌ക്ക് ചെവി കേള്‍ക്കില്ല.’ ചെവി കേള്‍ക്കാതിരിക്കുക എന്ന കുറവ് ആ ആട്ടിന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായി. അതുകാരണം നിരുത്സാഹപ്പെടുത്തലുകള്‍ക്കിടയിലും സ്ഥിരോത്സാഹം ചോര്‍ന്നുപോകാതെ കാക്കുവാന്‍ സാധിച്ചു.
കഠിനമെന്നു തോന്നുന്ന സാഹചര്യങ്ങളില്‍പോലും വിജയംവരിക്കാനുള്ള ശക്തിയും കഴിവും നമ്മുടെ ഉള്ളിലുണ്ട്. പലപ്പോഴും അത് തിരിച്ചറിയാതെയും വേണ്ടപോലെ പരിശ്രമിക്കാതെയും നമ്മള്‍ നിരുത്സാഹപ്പെടുത്തലുകള്‍ക്കും ആത്മവിശ്വാസക്കുറവിണനും മുന്നില്‍ കീഴടങ്ങുന്നു.
ജീവിതലക്ഷ്യത്തില്‍നിന്നും ശ്രദ്ധ വ്യതിചലിക്കാതിരിക്കുവാന്‍ നമ്മള്‍ ജാഗരൂകരായിരിക്കണം. വഴിതെറ്റിക്കാനും നിരുത്സാഹപ്പെടുത്താനും പലരും ശ്രമിക്കും. ഈ കഥയിലെ ആട്ടിന്‍കുഞ്ഞിനെപ്പോലെ അത്തരം പ്രലോഭനങ്ങള്‍ക്കും നിരുത്സാഹപ്പെടുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചെവി കൊടുക്കരുത്. ലക്ഷ്യബോധവും സ്ഥിരപ്രയത്‌നവുമുണ്ടെങ്കില്‍ അസാദ്ധ്യമെന്നു തോന്നിക്കുന്ന കാര്യങ്ങള്‍പോലും നേടിയെടുക്കുവാന്‍ നമുക്കു സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: