ന്യൂദല്‍ഹി: കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടക്കും. വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ്, കെ.കെ. രാഗേഷ് എന്നിവരുടെ ആറു വര്‍ഷത്തെ കാലാവധി ഏപ്രില്‍ 21ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 24ന് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. 31വരെ പത്രിക സമര്‍പ്പിക്കാം.
ഏപ്രില്‍ 12 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അന്ന് വൈകിട്ട് അഞ്ചിന് വോട്ടെണ്ണും. കാലാവധി പൂര്‍ത്തിയാകുന്ന മൂന്നു സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒരു സീറ്റും ജയിക്കാനാകും. മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുല്‍ വഹാബ് വീണ്ടും രാജ്യസഭയിലേക്ക് മല്‍സരിക്കും. ഇദ്ദേഹത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ ആരാണെന്ന് വ്യക്തമല്ല. ഒരുപക്ഷേ, എല്‍ഡിഎഫിലെ സഖ്യകക്ഷികള്‍ക്ക് സിപിഎം സീറ്റ് വിട്ടുകൊടുത്തേക്കും.
അതേ സമയം കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പത്രക്കുറിപ്പില്‍ ഒന്നും പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: