കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാതെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഝാര്‍ഗ്രാമില്‍ മുന്‍കൂട്ടി നിശ്ചയിച്ച തെരഞ്ഞെടുപ്പ് യോഗം ചൂണ്ടിക്കാട്ടിയാണ് വീഡിയോ യോഗത്തില്‍നിന്ന് മമത പിന്മാറിയത്. കോവിഡ് അവലോകനവും പ്രതിരോധ കുത്തിവയ്പ് യജ്ഞവും യോഗത്തില്‍ ചര്‍ച്ചയായി.
സംസ്ഥാന ചീഫ് സെക്രട്ടറിയാണ് മമതയ്ക്കുപകരം യോഗത്തിന് എത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലും പ്രധാനമന്ത്രിയുമായുള്ള യോഗം ഒഴിവാക്കി. ഇതാദ്യമായല്ല മുഖ്യമന്ത്രിമാരുടെ യോഗത്തില്‍നിന്ന് മമത വിട്ടുനിന്നത്. കഴിഞ്ഞവര്‍ഷം ജൂണിലും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കോവിഡിന്റെ പുതിയ തരംഗം തടയണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
ചില സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ കുറവാണ്. ആര്‍ടിപിസിആര്‍ പരിശോധനയുടെ എണ്ണം കൂട്ടണമെന്നും വാക്സിന് വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മോദി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: